ആലോചന. ബി.
കേരളത്തിലെ വലത് പക്ഷം സര്‍ഗ്ഗാത്മകമായിരുന്നു. കാരണം സര്‍ഗ്ഗാത്മകമായൊരു ഇടത് പക്ഷത്തെ പ്രതിരോധിച്ച് കൊണ്ടെ അവര്‍ക്കിവിടെ അതിജീവിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
സോവിയറ്റ് യൂണിയന്റെ കാലത്താണ് ഇഎംഎസ് മന്ത്രിസഭ വരുന്നത്. ശീതയുദ്ധമാണ്. അത് കൊണ്ട് തന്നെ അതൊരു പ്രദേശികസംഭവമല്ല. സോവിയറ്റ് യൂണിയനാട്ടെ, തുടര്‍ന്ന് വന്ന ചൈനയാവട്ടെ ചുവന്ന നിറത്തിലൊരു തൂവാല കണ്ടാലവിടെ വിപ്ലവം നടത്തിക്കളയാന് നടക്കുകയാണ്. അങ്ങനെയൊരു അന്താരാഷ്ട്രകളരിയിലാണ് ഇടത് പക്ഷം രാഷ്ട്രീയവിദ്യാഭ്യാസം നടത്തിയിരുന്നത്. മികച്ച കടലാസില്‍ അച്ചടിച്ച സാഹിത്യം മാത്രമല്ല ലഘുലേഖകളും ഇവിടെ എത്തിയിരുന്നു.
അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ആലോചനകളുടെ ഭാഗമായാണ് സാര്വദേശീയവിപ്ലവം സങ്കല്പ്പിക്കപ്പെട്ടിരുന്നത്. അതില്‍ മലയാളം പറയുന്നവരും നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. അങ്ങനെയൊരു അന്താരാഷ്ട്രനിലവാരമുണ്ടായിരുന്ന ഇടത് പക്ഷത്തോടാണ് സ്വാതന്ത്ര്യാനന്തരകേരളത്തിലെ വലത് പക്ഷത്തിന് മുട്ടി നില്‍ക്കേണ്ടിയിരുന്നത്.
ചേരിചേരാനയമെന്ന തലയില്‍ മുണ്ടിട്ട സോവിയറ്റ് പക്ഷപാതിത്വമാണ് ദേശീയതലത്തില്‍ ഇടത് പക്ഷത്തിന്റെ മുനയൊടിച്ചത്. പക്ഷേ അതിനോടകം അവരതിന്റെ ഗുട്ടന്‍സ് പഠിച്ചിരുന്നു. സംഘടനാതലത്തില്‍ അവരുടെ ശക്തി എത്രത്തോളം ഉണ്ടായിരുന്നുവെന്ന് ഇന്ന് ഊഹിക്കാന്‍ കൂടി കഴിയില്ല. സാംസ്കാരികരംഗത്താകട്ടെ അവര്‍ ഏകപക്ഷീയമായൊരു മേല്‍ക്കൈ നേടുകയും ചെയ്തു. ഫലത്തില്‍ ഇന്ത്യയില്‍ ഒരിടത്തുമില്ലാത്തൊരു വലത് പക്ഷത്തിന് കേരളം ജന്മം നല്കി. കേരളത്തിലെ വലത് പക്ഷം അടുത്ത കാലം വരേയ്ക്കും ഏറെക്കുറെ ഇടത് കേന്ദ്രീകൃതമായാണ് ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നത്.
കേരളത്തിലെ വലത് ശക്തികള്‍ മിക്കതും പ്രാദേശികചരിത്രവുമായ് ബന്ധപ്പെട്ടാണ് നിലനിന്നിട്ടുള്ളത്. മലപ്പുറം മാപ്പിളയുടെയും മദ്ധ്യതിരുവിതാംകൂര്‍ കൃസ്ത്യാനിയുടെയും നേതൃത്വത്തില്‍ ഉയര്‍ന്ന് വന്ന പ്രദേശികമുതലാളിത്തവും ലോകത്തെങ്ങുമില്ലാത്തൊരു തരം സങ്കരസ്വത്വം പേറുന്ന നായര്‍ ഹെജിമണിയുമായിരുന്നു അതിലെ പ്രധാനചേരുവകള്‍. ഇതില്‍ ക്രൈസ്തവസഭകളുടെ അന്താരാഷ്ട്രബന്ധമതൊന്ന് മാത്രമാണൊരു എടുത്ത് പറയാവുന്ന സംഗതി. പക്ഷേ അക്കാലത്ത് സഭയുടെ നിലയും പരുങ്ങലിലാണ്, അസ്തിത്വവാദികള്‍ക്ക് ശേഷം വിമോചനദൈവശാസ്ത്രക്കാരുടെ വരവാണ്.
കേരളത്തിലെ സവിശേഷമായ ഈ പരിസരത്തില്‍ വലത് പക്ഷത്തിന്റെ അതിജീവനം അശേഷം ആക്രമണോത്സുകമായിരുന്നില്ല എന്ന് പറഞ്ഞ് കൂട. സ്റ്റേറ്റിന്റെ രൂപത്തിലും മാടമ്പിത്തരത്തിന്റെ അവശിഷ്ടവേലകളായിരുന്ന കുറുവടിപ്പട കൊണ്ടും അവര്‍ പരിശ്രമിച്ചിരുന്നെങ്കിലും നയപരമായ ചില നിലപാടുകള്‍ കൊണ്ടാണവര്‍ വിജയിച്ച് പോന്നത്.
ഇടത് പക്ഷത്തിന്റെ വിലപേശല്‍ ശക്തി മുഖ്യധാരാധാരണകള്ക്കും അപ്പുറത്തായിരുന്നു. അതിന്റെ തെളിവായെടുക്കാവുന്ന ഒരു പ്രതിഭാസം ഉണ്ടായിരുന്നു. കേരളത്തിലെ വലത് പക്ഷ അതികായരത്ര പേരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇടത് പക്ഷത്തോട് ചേര്‍ന്ന് ഭരണം പങ്കിടുകയൊ പങ്കിടാന്‍ ശ്രമിക്കുകയൊ ചെയ്തിട്ടുണ്ട്.
സിഎച്ച് സ്പീക്കറാവുന്നത് ഇടത് മന്ത്രിസഭയുടെ കാലത്താണ്. മാണി നായനാര്‍ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്നു. ആന്റണിയും കരുണാകരനും ഇടത് പക്ഷത്തോടൊപ്പം പോന്നിട്ടുണ്ട്. ഈ വേഴ്ചകളെ അധികാരമോഹത്തിന്റെ പേരില്‍ വിമര്ശിച്ചെന്നാലും അതെല്ലാം കേരളജനതയ്ക്ക് ചില ഗുണഫലങ്ങളെല്ലാം നല്‍കിയിട്ടുണ്ട്. എന്തായിരിക്കണം ഒരു ഭരണകൂടം ചെയ്യേണ്ടത് എന്ന ചോദ്യത്തിന് ഇവിടെ ഒരു ഉത്തരമുണ്ടായിരുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും ഭരണകൂടമെന്നാല്‍ ഒരു ആവേശക്കമ്മറ്റിയാണെന്ന ധാരണയുണ്ടായിരുന്ന കാലത്ത് ഭരണകൂടം ജനഹിതാനുസാരിയാവണം എന്ന മിനിമം അവബോധമെങ്കിലും ഇവിടെ നിലനിന്നിരുന്നു. ഒരു പക്ഷേ ഇന്നും നിലനില്ക്കുന്നു.
സര്‍ഗ്ഗാത്മകമായ ഇടത് പക്ഷത്തോടുള്ള വിലപേശല്‍ പറയുന്ന പാട് എളുപ്പമുള്ള ഒരു സംഗതിയായിരുന്നില്ല. കണിശമായ സംഘടനാരീതികളോട് വ്യക്തികളും ചെറുഗ്രൂപ്പുകളും ചെന്ന് മുട്ടുകയാണ്. പക്ഷേ നിരന്തരമായ അപ്ഡേഷനുകളിലൂടെയും പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയും ലോകപരിചയത്തിലൂടെയുമാണവര് അത് സാധ്യമാക്കിയത്. പരമ്പരാഗത നൊമ്പരങ്ങളെ ഇവിടെ കണ്ടില്ലെന്ന് നടിക്കുകയല്ല. പരമ്പരാഗതങ്ങളെ പുതിയ പരിതസ്ഥിതികള്‍ക്ക് അനുസൃതമായ് മാറ്റുന്നിടത്താണ് വലത് പക്ഷ ജീനിയസുകള് അവരുടെ മാറ്റ് തെളിയിച്ചത്. ഈ വിലപേശലാകട്ടെ സോവിയറ്റ് കാല കടുംപിടുത്തങ്ങളെ മയപ്പെടുത്തി പ്രാദേശികമായ ഗുണഫലങ്ങള്‍ സൃഷ്ടിക്കയും ചെയ്തു.
ഈ ഇടത് വലത് യിംഗ് യാംഗ് ഒരു ഇടത് പക്ഷ വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിപ്ലവകരമല്ല. പക്ഷേ പഴയ വലത് പക്ഷക്കാരെ സംബന്ധിച്ചിടത്തോളം അത് ഹിതകരമാണ് താനും. ഇടത് പക്ഷത്തിന്റെ ചിലവില്‍ അവരിലെ വരേണ്യവിഭാഗം നയിച്ച് പോന്ന ലിബറല്‍ ജീവിതം തന്നെയാണതിന്റെ തെളിവ്. ഇടത് പക്ഷം നശിക്കയൊ ഏകപക്ഷീയമാവുകയൊ ചെയ്യരുതെന്ന അവരുടെ ചാടിക്കളിയുടെ ആത്മാര്‍ത്ഥതയും ഇതില്‍ നിന്നും വായിച്ചെടുക്കാം.
എന്നാല്‍ കാലം മാറി. സോവിയറ്റ് യൂണിയന് വെട്ടിപ്പിളര്‍ന്ന് പോയ വഴി സാര്‍വദേശീയ വിപ്ലവം അന്തര്‍ധാനം ചെയ്തു. പോസ്റ്റ് മാവോ ചൈന സ്വന്തം കാര്യം സിന്ദാബാദിലേക്ക് വിപ്ളവത്തെ ചുരുക്കി. എന്നിട്ടും കേരളത്തിലെ ഇടത് പക്ഷം പിടിച്ച് നിന്നു. ഉദാരവല്‍ക്കരണത്തിന്റെ കാലത്ത് ജനകീയാസൂത്രണം കൊണ്ട് വന്നു. പ്രധാനമന്ത്രിപദം നിരസിച്ച് ആനമണ്ടത്തരം കാണിക്കാനും യുപിഎയ്ക്ക് മിനിമം പ്രോഗ്രാം ഉണ്ടാക്കി കൊടുത്ത് കോണ്‍ഗ്രസിനെ ഒരിക്കല്‍ കൂടി അധികാരികളാക്കാനും മാത്രം പ്രതിനിധികളെ ഉത്പാദിപ്പിച്ചു. പക്ഷേ വടക്ക് നിന്ന് ഇരച്ച് കയറുന്ന തീവ്രദേശീയത ഈ സമവാക്യങ്ങളില്‍ വലിയ മാറ്റം കൊണ്ട് വരുത്തിക്കൊണ്ടിരിക്കയാണ്.
പ്രധാനപ്പെട്ട മാറ്റം വലത് ശക്തികളെ ഇടത് കേന്ദ്രീകൃതമായ പഴയ ഘടനയില്‍ നിന്നും വിമോചിപ്പിച്ചതാണ്. വിമോചനസമരത്തിലെ പ്രാദേശികനൊമ്പരങ്ങളല്ല ഏകാത്മകതയുടെ ദേശീയനൊമ്പരം. അത് അതിശക്തമാണ്. അത് ഇടത് പക്ഷത്തെ തകര്‍ക്കുന്നത് പഴയ വലത് പക്ഷ ശക്തികളെ തങ്ങളിലേക്ക് ആഗിരണം ചെയ്ത് കൊണ്ടാണ്. ഉത്പാദനത്തിന്റെ ഭാഷയില്‍, പ്രാദേശികമുതലാളിത്തത്തെ ദേശീയമുതലാളിത്തത്തിലേക്ക് അലിയിച്ച് ചേര്‍ക്കുകയാണവര്‍ ചെയ്യുന്നത്.
കേരളത്തിലെ വലത് പക്ഷത്തിന്റെ വലത് പക്ഷ സര്‍ഗ്ഗാത്മകത കൂടി നഷ്ടമായിരിക്കുന്നു. പകരം യാന്ത്രികമായൊരു ബൃഹദാഖ്യാനത്തിലേക്കവര് അപ്രത്യക്ഷമാവുകയാണ്. ഈ ഒരു പ്രതിഭാസത്തിന്റെ ഉച്ചചൂടില്‍ നിന്ന് നോക്കി കാണുമ്പോള്‍ കെ എം മാണിയുടെ വാര്‍ദ്ധക്യസഹജമായ വിട പറച്ചില് പ്രാദേശികമുതലാളിത്തത്തിന്റെ സായാഹ്നകാലമായ് തന്നെ നോക്കിക്കാണാവുന്നതാണ്. പ്രാദേശികമുതലാളിത്തത്തിന് സിദ്ധാന്തം ചമയ്ക്കാന്‍ മെനക്കെട്ടൊരാളെ വേറെവിടെയെങ്കിലും കേട്ട് പരിചയമുണ്ടൊ.
ഇത്രയും പറഞ്ഞതില്‍ ഒരാളെ പറ്റി കൂടി പറയാതെ വയ്യ. മലയാളമുതലാളിത്തത്തിന്റെ ഇതിഹാസപുരുഷന്‍, ഇടത് വിലപേശലിനെ നിഷ്ഠയോടെ മറികടന്ന മനോരമ പത്രാധിപര്‍ കെ എം മാത്യു. വലത് പക്ഷത്തിന്റെ സത്തയറിഞ്ഞിരുന്നതിനാല് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്ക കൂടി ഉണ്ടായില്ല. പക്ഷേ അദ്ദേഹമാട്ടെ മനോരമ പ്രസ്ഥാനമാട്ടെ ഇടത്തോട്ട് പോയിട്ടെ ഇല്ല. ഇടത് കേന്ദ്രീകൃതമായൊരു അജണ്ടയും സെറ്റ് ചെയ്തിട്ടില്ല. ഇടത് പക്ഷത്തെ സമര്‍ത്ഥമായ് വില്‍ക്കാനും അവര്‍ക്കറിയാമായിരുന്നു. മലയാളമുതലാളിത്തത്തിന്റെ മരണം തീര്‍ച്ചയാക്കാന്‍ ഇച്ഛിക്കുന്നവര്‍ മനോരമയുടെ മൂക്കത്ത് വിരല്‍ വെച്ച് നോക്കിയാല്‍ മതിയാവും. അതാണതിന്റെ ലിറ്റ്മസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alochana B, Kerala politics, Km mani demise, Local capitalism, അധ്വാനവർഗ സിദ്ധാന്തം കെ.എം. മാണി, കെ.എം മാണി, കേരള കോൺഗ്രസ്, കേരള രാഷ്ട്രീയം, പ്രാദേശിക മുതലാളിത്തം, വലതുപക്ഷം