എസ്. ബിനുരാജ്
“ഏഴൈ തോഴന് ഉയിരോടെ ഇരുക്കെടാ. കേട്ട് പാറ്!”
1987ല്‍ എം ജി ആറിന്റെ മരണശേഷം അദ്ദേഹത്തിന്റെ സമാധിയില്‍ എത്തിയവരെല്ലാം ആ ശബ്ദം കേട്ടു. അവര്‍ ഉറപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ട നായകന്റെ ഹൃദയസ്പന്ദനമാണ് അത്. മറീനാ ബീച്ചില്‍ എം ജി ആര് സമാധിയില്‍ എത്തുന്ന ആയിരങ്ങള്‍ അങ്ങനെ മാര്‍ബിള്‍ ശിലയില്‍ ചെവി ചേര്‍ത്ത് വയ്ക്കാറുണ്ടായിരുന്നു. അവരെല്ലാം ആ ശബ്ദം കേട്ടു.
ടിക് ടിക് ടിക്
എം ജി ആറിന്റെ ഭൗതിക ശരീരം അടക്കം ചെയ്തത് അദ്ദേഹം കൈത്തണ്ടയില്‍ എപ്പോഴും അണിയുന്ന തന്റെ പ്രിയപ്പെട്ട സീക്കോ വാച്ചും ചേര്‍ത്താണ്. ആ വാച്ച് മിടിക്കുന്ന ശബ്ദമാണ് സമാധിയില്‍ ചെവി ചേര്‍ക്കുന്നവര്‍ കേട്ടു കൊണ്ടിരുന്നത്. മാസങ്ങള്‍ക്ക് ശേഷം വാച്ചിലെ ബാറ്ററി തീര്‍ന്നപ്പോള്‍ മിടിപ്പും നിലച്ചു. വാച്ച് മാത്രമല്ല എം ജി ആറിന്റെ പ്രസിദ്ധമായ രോമത്തൊപ്പിയും കറുത്ത കണ്ണടയും മറ്റ് വേഷവും ഉള്‍പ്പടെയാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.
നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന എം ജി ആര് സ്മാരകത്തെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ഇപ്പോള്‍ 80 കോടി രൂപ ചെലവില്‍ മറീനാ ബീച്ചില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കരുണാനിധി സ്മാരകത്തിന് എതിരായ പ്രതിഷേധം സംബന്ധിച്ച വാര്‍ത്തയാണ്. ഒരു കൂറ്റന്‍ പേനയാണ് കരുണാനിധി സ്മാരകമായി വിഭാവനം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ സാഹിത്യരംഗത്തുള്ള സംഭാവനകള്‍ കണക്കിലെടുത്താണത്രെ മുത്തമിഴ് അരിജ്ഞര്‍ ഡോ. കലൈഞ്ജര്‍ പെന്‍ സ്മാരകം എന്ന പേരില്‍ സ്മാരകം സ്ഥാപിക്കുന്നത്. കടല്‍ത്തീരത്ത് ഈ സ്മാരകം സ്ഥാപിക്കുന്നത് നിരവധി മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നുമാണ് ഇതിനെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വാദം.
Also Read- 80 കോടിയുടെ ‘കരുണാനിധിയുടെ പേന’ സ്മാരകത്തിനെതിരെ ചെന്നൈ മറീനാ ബീച്ചില്‍ പ്രതിഷേധം
അണ്ണാദുരൈയുടെ സ്മാരകം മറീനയില്‍ സ്ഥാപിച്ച ശേഷം മറ്റ് രാഷ്ട്രീയ നേതാക്കളുടെ ആരുടെയും സ്മാരകം അവിടെ ഉയരരുതെന്ന് വാശി പിടിച്ചയാളാണ് കരുണാനിധി. രാജാജിയുടെയും കാമരാജിന്റെയും സ്മാരകങ്ങള്‍ കരുണാനിധിയുടെ കാലത്താണ് നിര്‍മ്മിച്ചത്. അവ രണ്ടും ഗിണ്ടിയിലാണ്. പക്ഷേ എം ജി ആറിന് അണ്ണാദുരൈയുടെ സമീപം തന്നെ ഇടം കിട്ടി. മറീനയിലുള്ള ശവസംസ്ക്കാരത്തിന് എതിരെ നിരവധി ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. പക്ഷേ ജയലളിത അന്തരിച്ചപ്പോള്‍ എം ജി ആര് സ്മാരകത്തിന്റെ ഭാഗമായ സ്ഥലത്ത് തന്നെ ജയലളിത സ്മാരകവും ഉയര്‍ന്നു.
ജയലളിത സ്മാരകത്തില്‍ ഒരു ദിവസം മുഴുവന്‍ ചെലവഴിച്ച ശേഷമാണ് പനീര്‍ശെല്‍വം ജയലളിതയുടെ പിന്‍ഗാമിയാവുമെന്ന് കരുതപ്പെട്ടിരുന്ന ശശികലയെ തള്ളിപ്പറഞ്ഞത്.
Also Read- വരികള്‍ക്കിടയില്‍ നഗ്നശൃംഗാരത്തിന്റെ മാദകമലരുകള്‍ ഒളിപ്പിച്ചു വച്ച മലയാളം ഗാനങ്ങൾ
ചരിത്രത്തിന്റെ തിരിച്ചടി എന്നോണം കരുണാനിധിയുടെ ഭൗതിക ശരീരം മറീനയില്‍ അടക്കാന്‍ ജയലളിത ഭരണകൂടം അനുമതി നല്‍കിയില്ല. ഒടുവില്‍ ഹൈക്കോടതി ഇടപെടലുണ്ടാവുകയും മറീന ബീച്ചില്‍ നിന്നും അധിക ഭൂമി എടുക്കാതെ അണ്ണാദുരൈ സ്മാരകത്തില്‍ നിന്നും സ്ഥലമെടുത്ത് മാത്രം സംസ്ക്കാരം നടത്താന്‍ ഹൈക്കോടതി അനുമതി നല്കി. കലൈഞ്ജറുടെ അന്ത്യ നിദ്ര തന്റെ ചിരവൈരികളായ എം ജി ആറിനും ജയലളിതയ്ക്കും സമീപമാണ്. ശത്രുക്കള്‍ക്കൊപ്പമുള്ള സഹശയനം മരണം നല്കുന്ന ഒരു ശിക്ഷയാവാം.
ഇതാണ് മറീനയിലെ മരണാനന്തര ജീവിതങ്ങളുടെ കഥയെങ്കില്‍ പ്രതിമകളുടെ മറ്റൊരു കഥ കൂടിയുണ്ട് മറീനയ്ക്ക് പറയാന്‍. ദേബി പ്രസാദ് റോയ് എന്ന വിഖ്യാത ശില്പ്പിയുടെ അധ്വാനത്തിന്റെ വിജയം (Triumph of labour) എന്ന പ്രസിദ്ധമായ ശില്‍പ്പം മുതല്‍ കണ്ണകിയുടെ ശില്‍പ്പം വരെ മറീനയുടെ തീരങ്ങളെ അലങ്കരിക്കുന്നു. ഇവയുള്‍പ്പടെ 17 പ്രതിമകളാണ് മറീനാ കടപ്പുറത്തുള്ളത്. എം ജി ആറിന്റേത് ഉള്‍പ്പടെ സ്മാരകങ്ങളിലെ പ്രതിമകള്‍ വേറെയുമുണ്ട്.
ഇവയില്‍ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ടതാണ് അധ്വാനത്തിന്റെ വിജയം എന്ന ശില്‍പ്പം. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജ് ആണ് ഇത് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. മദ്രാസ് സ്ക്കൂള് ഓഫ് ആര്‍ട്സിന്റെ തലവനായിരുന്ന ദേബി പ്രസാദ് റോയ് സന്തോഷപൂര്‍വം പ്രതിമാ നിര്‍മാണ ജോലി ഏറ്റെടുത്തു. 1959 ലെ റിപബ്ലിക്ക് ദിനത്തില്‍ ഈ ശില്‍പ്പം അനാഛാദനം ചെയ്തു. ഒരു മെയ് ദിനത്തില്‍ മലയപുരം ശിങ്കാരവേലു എന്ന തൊഴിലാളി നേതാവ് തൊഴിലാളികളെ സംഘടിപ്പിച്ചത് മറീനയുടെ തീരത്താണ്. അതേ സ്ഥലത്താണ് ഈ ശില്‍പ്പവും സ്ഥാപിച്ചിരിക്കുന്നത്.
Also Read- ഇന്ന് പ്യൂർ വെജിറ്റേറിയനായ മസാല ദോശ ഒരു കാലത്ത് ബ്രാഹ്മണർക്ക് നിഷിദ്ധമായിരുന്നുവെന്ന് അറിയാമോ?
ഗാന്ധിജിയുള്‍പ്പടെ 11 പേരുടെ ഒരു യാത്ര ചിത്രീകരിക്കുന്ന ഒരു ശില്‍പ്പത്തിന്റെ ചിത്രം നമ്മുടെ 500 രൂപ നോട്ടില്‍ കാണാം. 11 പേരുടെ ഈ ശില്‍പ്പവും തീര്‍ത്തത് ദേബി പ്രസാദ് ചൗധരിയാണ്. ഈ ശില്‍പ്പം ന്യൂഡല്‍ഹിയില്‍ പ്രസിഡന്റസ് എസ്റ്റേറ്റിന് സമീപം കാണാം. ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം അതിന്റെ റിലീഫ് ചിത്രീകരണം കൂടി ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീ ചിത്തിര തിരുനാളിന്റെ പ്രതിമയും തീര്‍ത്തത് ദേബി പ്രസാദ് റോയ് ആണ്.
രാഷ്ട്രീയ നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുകയും പ്രതിമകളും സ്മാരകങ്ങളും ചരിത്ര കഥകള്‍ പേറി നില്‍ക്കുകയും ചെയ്യുന്ന മറീനയില്‍ കലൈഞ്ജര്‍ക്കും ഒരു സ്മാരകം ഉയരുമോ ഇല്ലയോ എന്ന ചോദ്യം അവിടെ നില്ക്കട്ടെ. ഇത്രയും മനോഹരമായ ശില്പ്പങ്ങള് തീര്‍ത്ത ദേബി പ്രസാദ് ചൗധരിയുടെ ഒരു പ്രതിമ നിര്‍മ്മിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ? ശില്‍പ്പം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ശില്‍പ്പി ഓര്‍മ്മിക്കപ്പെടുന്നത് ആ ശില്‍പ്പത്തിലൂടെ ആവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.