HOME /NEWS /Opinion / ലാഭനഷ്ടകണക്കുകൾക്ക് അപ്പുറം കെ എസ് ആർ ടി സി നമുക്ക് നൽകുന്നത് എന്തൊക്കെ?

ലാഭനഷ്ടകണക്കുകൾക്ക് അപ്പുറം കെ എസ് ആർ ടി സി നമുക്ക് നൽകുന്നത് എന്തൊക്കെ?

പൊതുഗതാഗത സംവിധാനം എന്തുകൊണ്ട് നിലനിൽക്കപ്പെടണമെന്നതിന് ഒമ്പത് കാരണങ്ങൾ

പൊതുഗതാഗത സംവിധാനം എന്തുകൊണ്ട് നിലനിൽക്കപ്പെടണമെന്നതിന് ഒമ്പത് കാരണങ്ങൾ

പൊതുഗതാഗത സംവിധാനം എന്തുകൊണ്ട് നിലനിൽക്കപ്പെടണമെന്നതിന് ഒമ്പത് കാരണങ്ങൾ

 • Share this:

  എസ്. രാധാകൃഷ്ണൻ

  ഒരു പൊതുഗതാഗത സംവിധാനം തകർക്കപ്പെടുമ്പോൾ മാനുഷിക മൂല്യങ്ങളടക്കം പലതും തകർത്തെറിയപ്പെടുകയാണ് ചെയ്യുന്നത്. വരുമാനത്തിന്റെയും ചെലവിന്റെയും ലാഭനഷ്ടങ്ങളുടെയും അടിസ്ഥാനത്തിലല്ല കെഎസ്ആർടിസി പോലുള്ള പൊതുസംവിധാനങ്ങളെ കാണേണ്ടത്. ലോകം മുഴുവൻ പൊതുഗതാഗത സംവിധാനങ്ങൾക്കുവേണ്ടി പൊരുതുകയും ബോധവൽകരണത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ വേണം കെഎസ്ആർടിസിയുടെ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യേണ്ടത്.

  എന്തുകൊണ്ടാണ് പൊതുഗതാഗത സംവിധാനം വേണമെന്ന് ലോകമൊന്നാകെ വാദിക്കുന്നത്?

  1. സമൂഹത്തിന് സാമ്പത്തിക നേട്ടം

  ഒരു ബസോടുമ്പോഴുണ്ടാകുന്ന പരോക്ഷമായ മെച്ചങ്ങൾ പലതാണ്. ചെലവു കുറഞ്ഞ യാത്രയെ മാത്രമല്ല അത് പ്രോത്സാഹിപ്പിക്കുന്നത്. ബസ് സ്റ്റോപ്പിലുള്ള പെട്ടിക്കടയ്ക്കു പോലും ബസ് സർവീസിന്റെ നേട്ടമുണ്ടാകും. ബസ് സ്റ്റേഷനുകൾക്കു സമീപമുണ്ടാകുന്ന വ്യാപാര സ്ഥാപനങ്ങൾ, ഭൂമിയുടെ വില വർധന തുടങ്ങി എന്തെല്ലാമാണ് കണക്കിലെടുക്കേണ്ടത്. ഈ വർധനയ് ക്കെല്ലാം ആനുപാതികമായി ബസ് ചാർജ് വർദ്ധിപ്പിക്കുകയല്ല ചെയ്യേണ്ടത്. പൊതുഗതാഗതത്തിന് പിന്തുണ നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. ഒരു വ്യാപാര സമുച്ചയം ബസ് സ്റ്റേഷനിലോ സമീപത്തോ വരികയാണെങ്കിൽ നികുതിയടക്കം സർക്കാരിനുണ്ടാകുന്ന വരുമാനം വലുതാണ്. ഇത് കാണാതെ പോകുന്നത് സാമ്പത്തിക കാര്യങ്ങളിലെ അജ്ഞതയാണ്.

  2. ആരോഗ്യം

  വീട്ടിൽ നിന്ന് ഒരു ഇരുചക്ര വാഹനത്തിൽ ജോലിസ്ഥലം വരെ പോകുന്നയാൾ ബസ് സർവീസ് ഉണ്ടെങ്കിൽ വീട്ടിൽ നിന്ന് സ്റ്റോപ്പുവരെ നടക്കാനുള്ള സാധ്യത ഏറെയാണ്. ഫലത്തിൽ ഈ നടപ്പ് അയാളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയാണ്. വേണമെങ്കിൽ ഇത് ചെറിയ കാര്യമായി തള്ളിക്കളയാം. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് വീടുവീടാന്തരം സർവെ നടത്തുന്നവരും പ്രമേഹം, അർബുദം, ഹൃദ്രോഗം തുടങ്ങിയവ ഇല്ലാതാക്കാൻ പഞ്ചായത്തുകൾ തോറും ആശുപത്രികൾ കെട്ടിപ്പടുക്കുന്നവരും പക്ഷേ ഇതു കൂടി ആലോചിക്കുക.

  3. ഗതാഗത തിരക്ക്

  തിരുവനന്തപുരത്തെ ലുലു മാളിലേയ്ക്ക് കെഎസ്ആർടിസി മുടക്കമില്ലാതെ സർവീസ് നടത്തിയാൽ എത്രയോ പേരായിരിക്കും അത് ആശ്രയിക്കുക. അങ്ങനെ എത്രയോ സ്വകാര്യവാഹനങ്ങളായിരിക്കും ഗതാഗതത്തിൽനിന്നും പാർക്കിങിൽനിന്നും ഒഴിവാക്കപ്പെടുക? ഒരു വൻകിട ഫ്ലാറ്റ് സമുച്ചയത്തിനു സമീപത്തുനിന്ന് കൃത്യമായി ബസ് സർവീസ് ഉണ്ടായാലും ഇതായിരിക്കും മെച്ചം. നേരത്തെ പറഞ്ഞ ഉദാഹരണം മാത്രമെടുക്കാം. ഈ 50 പേരെപ്പോലെ ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് സ്ഥലം ആരാണ് നൽകേണ്ടത്? സർക്കാർതന്നെ. ഇവരെപ്പോലെ ലക്ഷങ്ങൾ സൃഷ്ടിക്കുന്ന ഗതാഗത തിരക്ക് എത്രത്തോളം വലുതാണ്. അതിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ പൊതുഖജനാവിൽനിന്ന് മുടക്കേണ്ടിവരുന്നത് കോടികളാണ്.

  4. യാത്രയ്ക്കുള്ള അവകാശം

  ഉപജീവനത്തിനും മറ്റുമായി കേരളീയരെപ്പോലെ നിത്യേന യാത്ര ചെയ്യുന്ന മറ്റൊരു ജനവിഭാഗം ഇന്ത്യയിലുണ്ടാവില്ല. അതുകൊണ്ടുതന്നെ യാത്ര ചെയ്യാനുള്ള അവരുടെ അവകാശം സംരക്ഷിക്കപ്പെടണം. പൊതുഗതാഗത സംവിധാനമാണ് അതിനുള്ള ഏറ്റവും വലിയ ഉപാധി. വണ്ടിയോടിക്കാനറിയാത്തവർ, അതിനു വേണ്ടി പണം മുടക്കാനില്ലാത്തവർ, പല തരത്തിലുള്ള ശാരീരിക വെല്ലുവിളി നേടുന്നവർ എന്നിവരെല്ലാം ജീവിക്കാൻ അവകാശമുള്ളവരാണ്. കെഎസ്ആർടിസി പോലുള്ള പൊതുഗതാഗത സംവിധാനത്തെ തകർത്ത ഭരണസംവിധാനത്തിന് എങ്ങനെയാണ് ജനങ്ങളുടെ സർക്കാർ എന്ന് അവകാശപ്പെടാൻ കഴിയുക? കെഎസ്ആർടിസിയെ തകർക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് ശമ്പളം കൊടുക്കാതിരിക്കാൻ കോടതിയിൽ പോകുന്ന ഒരു സർക്കാർ ഇതിനു മുമ്പുണ്ടായിട്ടില്ല.

  5. നിത്യനിദാന ചെലവുകൾ

  ഇന്ധനച്ചെലവ് വൻതോതിൽ വർദ്ധിച്ച കാലഘട്ടത്തിൽ കുടുംബ ബജറ്റ് തകർക്കാൻ പോന്നതാണ് യാത്രാച്ചെലവ്. സ്വകാര്യ യാത്രകൾക്കുവേണ്ടിയുള്ള മുതൽമുടക്കും തുടർചെലവുകളും ഒരു സാധാരണ കുടുംബത്തിന് എത്രയോ വലുതായിരിക്കും. കേരളത്തിൽ ബൈക്കുകളും കാറുകളും വിറ്റഴിക്കപ്പെടുന്നതിന്റെ കണക്കുകൾ ചിലർ അഭിമാനത്തോടെ നിരത്തിവയാക്കാറുണ്ട്. അതിനെ വികസനത്തിന്റെ തോതിൽ കാണുമ്പോൾ കേരളമേ നാണിക്കുക. പൊതുഗതാഗത സംവിധാനത്തിന്റെ മെച്ചങ്ങളെ ഇകഴ്ത്തുകയാണ് ഇവർ ചെയ്യുന്നത്.

  ഈ പണം മുടക്കാൻ ഇല്ലാത്തവരുടെ ജീവിതത്തിൽ ഒരു ബസ് സർവീസ് നിർത്തുമ്പോഴുണ്ടാകുന്ന ആഘാതം വലുതായിരിക്കും. അതുപോലെ എത്രയോ സർവീസുകളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ലാഭനഷ്ടങ്ങളുടെ പേരിൽ ഇല്ലാതാക്കപ്പെട്ടത്. സ്വകാര്യ യാത്രയ്ക്കുവേണ്ടി മാറ്റിവയ്ക്കുന്ന പണം കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ ഉപയോഗിക്കാം. ഇതല്ലേ യഥാർഥ പൊതുജനസേവനം?

  6. സാമൂഹിക ബന്ധങ്ങൾ

  ഒരു ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എത്രയോ കഥകൾ ഈ കൊച്ചുകേരളത്തിലുണ്ട്. അവരുടെ ജീവിതവുമായി ആനവണ്ടിയ്ക്ക് അഗാധമായ ബന്ധമുണ്ട്. വാഹനം ഓടിച്ചുപോകുന്നയാൾക്ക് പരമാവധി ഒന്നോ രണ്ടോ പേരുമായി മാത്രമായിരിക്കും അതു വഴിയുള്ള ബന്ധം. അതുതന്നെ വല്ലപ്പോഴും. എന്നാൽ സ്ഥിരമായി ബസിൽയാത്ര ചെയ്യുന്ന ഓഫീസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ തമ്മിൽ സൃഷ്ടിക്കപ്പെടുന്ന ബന്ധത്തെക്കുറിച്ച് എന്തുകൊണ്ടാണ് നാം ചിന്തിക്കാത്തത്? എത്രയോ തരത്തിലുള്ള ചർച്ചകളാണ് ഒരു ബസിൽ നടക്കുന്നത്. ജനങ്ങൾക്ക് അത്തരം ബന്ധങ്ങളൊക്കെ നിഷേധിച്ചശേഷം ഈ ജനങ്ങളുടെ നികുതിപ്പണമെടുത്ത് ആഡംബര കാറുകളിൽ വിലസുന്നവർ ആലോചിക്കേണ്ടത് മനുഷ്യബന്ധങ്ങൾക്ക് സമൂഹത്തിൽ വലിയ വിലയുണ്ടെന്ന കാര്യമാണ്. തങ്ങൾ യാത്ര ചെയ്ത വഴികൾ അവർ മറക്കരുത്. അവർ തകർക്കുന്നത് മാനുഷിക മൂല്യങ്ങളെയാണ്. ഒരു സമൂഹത്തിലെ അംഗങ്ങളെ ഒറ്റപ്പെടലിലേയ്ക്ക് തള്ളിവിടുകയാണ് അവർ ചെയ്യുന്നത്. നയാപൈസ കണക്കുകളെക്കുറിച്ചു മാത്രമല്ല ചിന്തിക്കേണ്ടത്.

  7. മാനസികോല്ലാസം

  ഇതിനെക്കുറിച്ചു പറയുമ്പോൾ കളിയാക്കപ്പെടാം. ഒന്ന് ഉറങ്ങാൻ, വായിക്കാൻ, സംസാരിക്കാൻ, കാഴ്ചകണ്ട് രസിക്കാൻ അതുമല്ലെങ്കിൽ ഇന്നത്തെ നിലയിൽ ഫോണിൽ സംസാരിക്കാൻ.. ഇതൊക്കെ ഒരു ബസിലോ ട്രെയിനിലോ അല്ലാതെ സ്വന്തം വാഹനത്തിൽ കഴിയുമോ. കേൾക്കുമ്പോൾ അസംബന്ധമാണെന്നു പറയാം. പക്ഷേ ഒരു മണിക്കൂറെങ്കിലും ഒരു ബസിലോ ട്രെയിനിലോ യാത്ര ചെയ്തവർക്ക് അതിന്റെ മെച്ചം അറിയാം. നമ്മളെ ഭരിക്കുന്നവർ അത് അറിയാത്തവരല്ലല്ലോ.

  8. മലിനീകരണത്തിന്റെ തോത്

  ഒരു കെഎസ്ആർടിസി സർവീസ് ശരാശരി 50 പേർ ഉപയോഗിക്കുകയാണെന്നു വെയ്ക്കുക. ഈ സർവീസ് മുടങ്ങിയാൽ ആ 50 പേരും യാത്ര അവസാനിപ്പിക്കുന്നില്ല. മറിച്ച് അവർ പല തരം വാഹനങ്ങളെ ആശ്രയിക്കും. 50 പേരും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വായു മലിനീകരണം എത്ര മടങ്ങാണ് വർദ്ധിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിനെതിരെ കേരളത്തിൽ വാ തോരാതെ പ്രസംഗിക്കുന്നവർ കെഎസ്ആർടിസി-യുടെ പ്രതിസന്ധിയ്ക്കു നേരെ കണ്ണടയ്ക്കുന്നു. പൊതുഗതാഗതം എത്രത്തോളം മലിനീകരണം ഇല്ലാതാക്കുന്നു എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.

  9. സുരക്ഷ

  തിരക്കുള്ള റോഡിൽ ധൃതിപിടിച്ച് ബൈക്കിലോ കാറിലോ യാത്ര ചെയ്യുന്നതിനെക്കാൾ എത്രയോ സുരക്ഷിതമാണ് ബസിൽ യാത്ര ചെയ്യുന്നത്. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും സ്ഥിരമായി അപകടങ്ങളിൽ പെടുന്നുണ്ടെന്നത് സത്യം. പക്ഷേ അതിന്റെ ആഘാതം അനുഭവിക്കുന്നവരിൽ ഏറെയും മറുഭാഗത്തുള്ളവരാണ്. അവർക്കും കൂടി സൗകര്യപ്രദമായി പൊതുയാത്ര തരപ്പെടുത്തിക്കൊടുക്കേണ്ടത് ഭരണ സംവിധാനങ്ങളാണ്.

  മേൽപറഞ്ഞതൊക്കെ പൊതുഗതാഗത സംവിധാനത്തിന്റെ ഗുണങ്ങളാണ്. ലാഭനഷ്ടക്കണക്ക് പറയുകയാണെങ്കിൽ ലോകത്തിലെ പൊതുസംവിധാനങ്ങളെല്ലാം പൂട്ടിക്കെട്ടണം. നമുക്ക് വേണമെങ്കിൽ അതിനുവേണ്ടി വാദിക്കാം. പൊതുഗതാഗത സംവിധാനത്തെ സർക്കാർ സാമ്പത്തികമായി സഹായിക്കണമെന്നത് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അത് കോടതി മുറികളിൽ വിചാരണ ചെയ്യപ്പെടേണ്ടതല്ല.

  കെഎസ്ആർടിസി-യെ തകർക്കുന്നവർ, അവർ ആരായാലും,ചെയ്യുന്നത് ജനങ്ങളുടെ മേൽ കനത്ത ഭാരം അടിച്ചേല്പിക്കുകയാണ്. പ്രബുദ്ധരെന്നു പറയുന്ന കേരള ജനതയും സർക്കാരും നീതിന്യായവ്യവസ്ഥകളും ഇത് കാണാതെ പോകുന്നത് ഒറ്റ വാക്കിൽ പറഞ്ഞാൽ അസംബന്ധമാണ്.

  (മുതിർന്ന മാധ്യമ പ്രവർത്തകനും അധ്യാപകനുമാണ് ലേഖകൻ)

  First published:

  Tags: Ksrtc, Ksrtc bus, Ksrtc services