'ഭരണഘടനയിലെങ്ങും ഗവർണറുടെ ഇഷ്ടമെന്നത് മുഖ്യമന്ത്രിയുടെ ഇഷ്ടമാണെന്ന് പറയുന്നില്ല'
- Published by:Anuraj GR
- news18-malayalam
Last Updated:
'കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിനുള്ള ഇഷ്ടം പിൻവലിച്ചാൽ അതിനർത്ഥം അദ്ദേഹം മന്ത്രിയായി തുടരുന്നില്ല എന്നാണ്'
ശ്രീജിത്ത് പണിക്കർ
ഭരണഘടനാ അനുച്ഛേദം 164 (1): മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കേണ്ടതും, മറ്റു മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശത്തിന്മേൽ ഗവർണർ നിയമിക്കേണ്ടതും, മന്ത്രിമാർ ഗവർണർക്ക് ഇഷ്ടമുള്ളിടത്തോളം കാലം ഉദ്യോഗം വഹിക്കുന്നതും ആകുന്നു.
ഭരണഘടനയിലെങ്ങും ഗവർണറുടെ ഇഷ്ടമെന്നത് മുഖ്യമന്ത്രിയുടെ ഇഷ്ടമാണെന്ന് പറയുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ അത് നേരേചൊവ്വേ അങ്ങ് എഴുതുവച്ചാൽ മതിയായിരുന്നല്ലോ. അല്ലാതെ ഗവർണറുടെ ഇഷ്ടമെന്ന് എഴുതി അത് മുഖ്യമന്ത്രിയുടെ ഇഷ്ടമെന്ന് വ്യാഖ്യാനിക്കേണ്ടല്ലോ. നിയമനത്തിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ ഉപദേശം അനിവാര്യമാകുന്നത്.
ഇഷ്ടം അഥവാ പ്രീതി എന്ന വാക്ക് ഒഴിവാക്കണമെന്നും മന്ത്രിമാർ അവർക്ക് സഭയിൽ ഭൂരിപക്ഷത്തിന്റെ വിശ്വാസമുള്ളിടത്തോളം തുടരണമെന്നും വേണം നിഷ്കർഷിക്കാനെന്ന് ഭരണഘടനാ അസംബ്ലിയിൽ ഒരു അഭിപ്രായം ഉണ്ടായി. സാധാരണയായി അങ്ങനെ തന്നെയാണ് മന്ത്രിമാർ അധികാരത്തിൽ തുടരുന്നതെന്നും, അതാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും അംബേദ്കർ പറഞ്ഞു. എന്നാൽ ഭൂരിപക്ഷം ഇല്ലെങ്കിലും ഇഷ്ടം അഥവാ പ്രീതി ഉണ്ടായാൽ തുടരാനും കഴിയില്ലല്ലോ. വിശ്വാസമില്ലാതെ ആയാൽ അവരെ പുറത്താക്കാൻ മറ്റ് നടപടികൾ ഉണ്ടല്ലോയെന്നും അംബേദ്കർ വിശദീകരിച്ചു. അതിനാൽ ഇഷ്ടം അഥവാ പ്രീതിയെന്ന വാക്ക് ഒഴിവാക്കാൻ കഴിയില്ലെന്ന് അംബേദ്കർ വിവരിച്ചു. ലോകത്തുള്ള എല്ലാ ജനാധിപത്യ ക്രമങ്ങളിലും ഇതേ പദമാണ് ഉപയോഗിക്കുന്നതെന്നും, ഭൂരിപക്ഷത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമൊന്നും പറയുന്ന പതിവോ ശൈലിയോ എങ്ങുമില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
തന്നെയുമല്ല, ഇഷ്ടം അഥവാ പ്രീതിയെന്ന അധികാരം ഒരാളെ പിരിച്ചുവിടാനും സ്വീകരിക്കാമെന്ന് അദ്ദേഹം വാദിച്ചു. ഒരാളെ പുറത്താക്കാൻ അഴിമതി, കൈക്കൂലി, ഭരണഘടനാ ലംഘനം എന്നിങ്ങനെ നിരവധി സ്വീകാര്യമായ കാരണങ്ങളുണ്ട്. അതെല്ലാം ഭരണഘടനയിൽ എഴുതിച്ചേർക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ ഇഷ്ടം അഥവാ പ്രീതിയെന്ന് ചേർത്താൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ചുരുക്കി പറഞ്ഞാൽ, ഗവർണറുടെ ഇഷ്ടം അദ്ദേഹത്തിന്റെ സ്വവിവേകമാണെന്ന് കരുതാം. മന്ത്രിസഭയോട് ഇഷ്ടമുണ്ടാകുകയും, എന്നാൽ ഏതെങ്കിലും മന്ത്രിമാരോട് ഇഷ്ടമില്ലാതിരിക്കുകയും ചെയ്യാമെന്നു സാരം.
advertisement
ഭരണഘടനാ അനുച്ഛേദം 163 (2): ഏതെങ്കിലും വിഷയം ഈ ഭരണഘടനയാലോ ഭരണഘടനാ പ്രകാരമോ ഗവർണർ സ്വവിവേകം ഉപയോഗിച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണോ അല്ലയോ എന്നതു സംബന്ധിച്ച് ഏതെങ്കിലും പ്രശ്നം ഉദ്ഭവിച്ചാൽ, ഗവർണർ സ്വവിവേകം ഉപയോഗിച്ച് ചെയ്യുന്ന തീരുമാനം അന്തിമമായിരിക്കുന്നതും, ഗവർണർ ചെയ്യുന്ന എന്തിന്റെയെങ്കിലും സാധുത, അദ്ദേഹം സ്വവിവേകം ഉപയോഗിച്ച് ചെയ്യേണ്ടിയിരുന്നുവെന്നോ ഇല്ലെന്നോ ഉള്ള കാരണത്തിന്മേൽ ചോദ്യം ചെയ്യപ്പെടുവാൻ പാടില്ലാത്തതുമാകുന്നു.
അതായത് ഗവർണർ സ്വവിവേകമെടുത്ത് ചെയ്യുന്ന ഏത് തീരുമാനവും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണ്.
advertisement
കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിനുള്ള ഇഷ്ടം പിൻവലിച്ചാൽ അതിനർത്ഥം അദ്ദേഹം മന്ത്രിയായി തുടരുന്നില്ല എന്നാണ്. തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രസ്താവനകൾ പലതും കണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്നും ബാലഗോപാൽ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്തെന്നും, ഇതരസംസ്ഥാനങ്ങളെ മോശമാക്കി ചിത്രീകരിച്ചെന്നും, അവയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പറഞ്ഞെന്നും, സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ബോധ്യമായെന്നുമാണ് ഗവർണർ പറയുന്നത്.
ഭരണഘടനാപരമായി തന്നെക്കാൾ അധികാരം കൂടുതലാണ് ഗവർണർക്കെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നത് നല്ലതാണ്. വെല്ലുവിളി കുറയ്ക്കുന്നതും നല്ലതാണ്. എം ബി രാജേഷിന്റെ വ്യക്തിപരമായ പോസ്റ്റ് ഇല്ലാതായതും, താൻ പ്രതികരണത്തിനില്ലെന്ന് ബാലഗോപാൽ പറഞ്ഞതും ശ്രദ്ധിക്കുക.
advertisement
(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം. സ്ഥാപനത്തിന്റെ നിലപാടല്ല)
Location :
First Published :
October 26, 2022 8:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'ഭരണഘടനയിലെങ്ങും ഗവർണറുടെ ഇഷ്ടമെന്നത് മുഖ്യമന്ത്രിയുടെ ഇഷ്ടമാണെന്ന് പറയുന്നില്ല'