'പ്രീതി നഷ്ടപ്പെട്ടു'; ധനമന്ത്രിയെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണർ
- Published by:Rajesh V
- news18-malayalam
Last Updated:
യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവർണറുടെ കത്തിൽ പറയുന്നു
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ ഗവർണർ അപ്രീതി രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് ഗവർണർ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവർണറുടെ കത്തിൽ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാൽ ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി നൽകി.
ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ നിർദേശം നൽകിയതിന് പിന്നാലെയാണ് സർക്കാറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഗവർണറുടെ നീക്കം. ഗവര്‍ണറുടെ ആവശ്യം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ഒരുകാരണവശാലും ധനമന്ത്രിയെ മാറ്റില്ലെന്ന് മറുപടി നല്‍കി. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.
advertisement
Also Read- Exclusive | കേരളത്തിലെ 15 ൽ 12 യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധം; ഗവർണർ
തനിക്കെതിരെ പ്രസ്താവനകൾ നടത്തിയാൽ 'പ്രീതി' പിൻവലിച്ച് അതൃപ്തി രേഖപ്പെടുത്തുമെന്ന് നേരത്തെ ഗവർണർ പറഞ്ഞിരുന്നു. ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്നായിരുന്നു അസാധാരണ മുന്നറിയിപ്പ്. പിന്നാലെയാണ് ധനമന്ത്രിക്കെതിരെ ഗവർണർ രംഗത്തെത്തിയിരിക്കുന്നത്.
ഗവർണറുടെ അപ്രീതിക്ക് കാരണം
മന്ത്രിമാരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ധനമന്ത്രി കെ എൻ ബാലഗോപാലും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഗവർണർ ഉന്നതവിദ്യാഭ്യാസ മേഖലയെ അസ്ഥിരപ്പെടുത്തുന്നുവെന്നായിരുന്നു ബിന്ദു കുറ്റപ്പെടുത്തിയത്. കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാംപസിൽ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഇരുവരും.
advertisement
ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കാൻ ചിലർ ശ്രമിക്കുന്നുവെങ്കിലും ഈ മേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ സർവകലാശാലകളെ കുറിച്ച് ചിലർ തെറ്റായ ധാരണവെച്ചു പുലർത്തുന്നുവെന്ന് ബാലഗോപാലും പറഞ്ഞു. “ഉത്തർപ്രദേശ് പോലുള്ള സ്ഥലങ്ങളിലെ ആചാരങ്ങൾ ശീലമാക്കിയ ചിലർക്ക് കേരളത്തിലെ സർവകലാശാലകളുടെ ജനാധിപത്യ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ല,” ബനാറസ് ഹിന്ദു സർവ്വകലാശാല ഉൾപ്പെടെയുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണം ആവശ്യമാണെന്നും ബാലഗോപാൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2022 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രീതി നഷ്ടപ്പെട്ടു'; ധനമന്ത്രിയെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണർ