• HOME
  • »
  • NEWS
  • »
  • opinion
  • »
  • Congress | പാദസേവയും അധികാരക്കൊതിയും; കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമെന്ന് തെളിയിച്ച് രാജസ്ഥാനിലെ അധികാര വടംവലി

Congress | പാദസേവയും അധികാരക്കൊതിയും; കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമെന്ന് തെളിയിച്ച് രാജസ്ഥാനിലെ അധികാര വടംവലി

പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പല നടപടികളും ഉണ്ടാവാറുണ്ടെങ്കിലും അത് അതിനേക്കാൾ വലിയ തലവേദനയായ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്

അശോക് ഗെലോട്ടിന്റെയും (ഇടത്) സച്ചിൻ പൈലറ്റിന്റെയും ഫയൽ ഫോട്ടോ (ചിത്രം: PTI)

അശോക് ഗെലോട്ടിന്റെയും (ഇടത്) സച്ചിൻ പൈലറ്റിന്റെയും ഫയൽ ഫോട്ടോ (ചിത്രം: PTI)

  • Share this:
#സത്യന്തൻ ഘോഷ്

2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലേറിയത് മുതൽ രാജസ്ഥാനിലെ (Rajasthan) കോൺഗ്രസ് (Congress) ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ഒരു ടൈം ബോംബിന് മുകളിലാണ് ഇരിക്കുന്നത്. വളരെ വൈകാതെ തന്നെ പാർട്ടി പ്രതിസന്ധി നേരിടുമെന്ന് സംസ്ഥാനത്തിലെ താഴേക്കിടയിലുള്ള പ്രവർത്തകർ പോലും പ്രതീക്ഷിക്കുന്ന കാര്യമാണ്. എന്നാൽ ഗാന്ധി കുടുംബം ഈ പ്രശ്നത്തെ അവഗണിക്കുകയാണ് ചെയ്തത്.

2017 മുതൽ രാഹുൽ ഗാന്ധിയുടെ (Rahul Gandhi) നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ കോൺഗ്രസ് എടുക്കുന്നത് അപ്രതീക്ഷിത തീരുമാനങ്ങളാണ്. ജയിച്ചതിന് ശേഷം നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയ സംഭവങ്ങൾ ഇതിനിടയിൽ നിരവധി തവണ സംഭവിച്ച് കഴിഞ്ഞു. ആശയറ്റ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കോൺഗ്രസ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പല നടപടികളും ഉണ്ടാവാറുണ്ടെങ്കിലും അത് അതിനേക്കാൾ വലിയ തലവേദനയായ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

യുദ്ധത്തിൻെറ വിത്ത്

എല്ലാ പാർട്ടിക്കും ഒരു നേതാവിനെ വേണം. എന്നാൽ രണ്ട് നേതാക്കൾ പരസ്പരം സമാധാനം ഉണ്ടാക്കാൻ കഷ്ടപ്പെടുന്ന അവസ്ഥ എങ്ങനെയാണോ അതാണ് രാജസ്ഥാനിൽ സംഭവിക്കുന്നത്. സച്ചിൻ പൈലറ്റിൻെറ നേതൃത്വത്തിലാണ് 2018ൽ കോൺഗ്രസ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ട് ഒരുപരിധി വരെ ചിത്രത്തിൽ തന്നെ ഇല്ലായിരുന്നു. താഴേക്കിടയിൽ പ്രവർത്തിച്ച്, യുവാക്കളുടെ വിശ്വാസം നേടിയെടുത്ത് സ്വന്തം വഴിയിലൂടെയാണ് പൈലറ്റ് സംഘടനയുടെ അടിത്തറ ശക്തമാക്കിയത്.

ചില നേതാക്കൾക്ക് ഇലക്ഷനിൽ പൈലറ്റ് സീറ്റ് നിഷേധിച്ചു. അവിടം മുതലാണ് രാജസ്ഥാൻ കോൺഗ്രസിലെ ഇപ്പോഴത്തെ പ്രതിസന്ധികളുടെ തുടക്കം. ഇതിൽ 11 പേർ സ്വതന്ത്രരായി മത്സരിച്ച് തെരഞ്ഞെടുപ്പിൽ വിജയം നേടി. രാഷ്ട്രീയത്തിൽ അധികാരം ലഭിക്കാൻ നമ്പറുകളുടെ കളി നിർണായകമാണല്ലോ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ സ്വതന്ത്ര എംഎൽഎമാരും ബഹുജൻ സമാജ്വാദി പാർട്ടി എംഎൽഎമാരും ഗെഹ്ലോട്ടിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ പ്രഖ്യാപിച്ചു.

Also read: ദേശീയ ചിഹ്നത്തിലെ സിംഹത്തിന്റെ രൗദ്രഭാവം നോക്കുന്നവരുടെ കണ്ണിൽ; ശിൽപത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

സാഹചര്യങ്ങൾ ഇങ്ങനെ ആയതോടെ ഹൈക്കമാൻഡിന് വലുതായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അങ്ങനെയാണ് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാവുന്നത്. സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. അതും കോൺഗ്രസിന് തിരിച്ചടിയാവുന്ന തീരുമാനം ആയി മാറി. സർക്കാർ അധികാരത്തിലേറിയത് മുതൽ തന്നെ പാളയത്തിൽ പട തുടങ്ങി.

സംഘടനാ ചുമതല നൽകി പൈലറ്റിൻെറ പ്രവർത്തനം ഡൽഹി കേന്ദ്രീകരിച്ച് ആക്കുകയെന്നതായിരുന്നു കോൺഗ്രസിന് മുന്നിലുള്ള മറ്റൊരു ചോയ്സ്. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിൻ പൈലറ്റിനെയും പോലെ കഴിവുള്ള യുവനേതാക്കളെ മുന്നോട്ട് കൊണ്ട് വരാൻ രാഹുൽ ഗാന്ധി എപ്പോഴും മടികാണിക്കുന്നുണ്ട്. പൈലറ്റ് രാജസ്ഥാനിൽ നിന്ന് തന്നെ പ്രവർത്തനം തുടർന്നതോടെ സംസ്ഥാന പാർട്ടിയിലെ പ്രതിസന്ധിയും വർധിച്ച് കൊണ്ടിരുന്നു.

വിശ്വസ്തതയും പാർട്ടിക്കൂറും

എല്ലാ നേതാക്കൾക്കും ചില വിശ്വസ്തരുണ്ടാവും. അങ്ങനെയാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ സംവിധാനം. എന്നാൽ ഈ വിശ്വസ്തതയും കൂറുമാണ് ഇപ്പോൾ കോൺഗ്രസിനെ കുഴപ്പത്തിൽ ചാടിക്കുന്നത്. കോൺഗ്രസിലെ ഗാന്ധി കുടുംബവുമായി വളരെ നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അതിനാലാണ് സോണിയ ഗാന്ധി ഗെഹ്ലോട്ടിനെ പാർട്ടിയുടെ ദേശീയ പ്രസിഡൻറ് സ്ഥാനത്തേക്ക് ക്ഷണിച്ചത്.

എന്നാൽ രാജസ്ഥാൻ കോൺഗ്രസിൻെറ ഭാവി എന്താവുമെന്ന കാര്യത്തിൽ സോണിയ ഗെഹ്ലോട്ടുമായി ചർച്ചകളൊന്നും തന്നെ നടത്തിയില്ല. രാഹുൽ ഗാന്ധിക്കും ഇക്കാര്യത്തിൽ വലിയ ധാരണയൊന്നും തന്നെ ഉണ്ടായിരുന്നില്ല. പാർട്ടി പ്രസിഡൻറായാൽ ഗെഹ്ലോട്ടിന് രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരാൻ സാധിക്കില്ലെന്നത് ഉറപ്പായിരുന്നു. എന്നാൽ രാജസ്ഥാനിലെ ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരണമെന്നാണ് ആഗ്രഹിച്ചത്.

സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെഹ്ലോട്ട് പിന്തുണക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് പെലറ്റിനെ പുതിയ മുഖ്യമന്ത്രിയാക്കാൻ തന്നെയാണ് തീരുമാനിച്ചത്. ഇതോടെ 90 എംഎൽഎമാർ ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ച് പാർട്ടിയിൽ കലാപത്തിന് ശ്രമിക്കുകയും ചെയ്തു. ഗെഹ്ലോട്ട് തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നതായിരുന്നു അവരുടെ ആവശ്യം. ഒടുവിൽ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്ന തീരുമാനത്തിൽ നിന്ന് ഹൈക്കമാൻഡിന് പിന്തിരിയേണ്ടതായും വന്നു. നേരത്തെ തന്നെ ഐക്യകണ്ഠേന ഹൈക്കമാൻഡിൻെറ ഭാഗത്ത് നിന്ന് ഈ തീരുമാനം ഉണ്ടായതെന്നും വ്യക്തമായിരുന്നു.

രാജസ്ഥാനിലെ പ്രതിസന്ധി കോൺഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൻെറ വിശ്വാസ്യതയെയും ചോദ്യം ചെയ്യുകയാണ്. പ്രസിഡൻറ് ആയാലും സുപ്രധാന വിഷയങ്ങളിൽ തീരുമാനം എടുക്കാൻ ഗാന്ധി കുടുംബം ഗെഹ്ലോട്ടിന് അഭിപ്രായം ചോദിക്കുകയോ അദ്ദേഹത്തിന് പറയുന്നത് കേൾക്കുകയോ ചെയ്യുമോ? രാജസ്ഥാൻെറ ഭാവി മുഖ്യമന്ത്രി ആരെന്നതുമായി ബന്ധപ്പെട്ട് ഗെഹ്ലോട്ടിനോട് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് കരുതിയിരുന്നത്. അല്ലെങ്കിൽ ഗെഹ്ലോട്ടിൻെറ താൽപര്യങ്ങളെ പരിഗണിക്കാതിരിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. വിശ്വസ്തതയെന്നത് പാദസേവ ചെയ്യലാണ് എന്ന തലത്തിലേക്ക് ഇപ്പോൾ കോൺഗ്രസ് ദയനീയമായി അധപതിച്ചിരിക്കുകയാണ്.

Also read: Rajasthan | 80 എംഎൽഎമാർ രാജി സമർപ്പിച്ചു; രാജസ്ഥാൻ കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷം

അധികാരത്തിന് വേണ്ടിയുള്ള ഭ്രമം

കോൺഗ്രസിൽ നിലവിലുള്ള നേതാക്കളിൽ ഭൂരിപക്ഷവും അധികാരത്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്. നേതൃത്വമില്ലായ്മയാണ് അതിൻെറ പ്രധാനകാരണം. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിൽ ഗാന്ധി കുടുംബത്തിൻെറ പാവയായി മാത്രമേ തനിക്ക് പ്രവർത്തിക്കാൻ സാധിക്കുമായിരുന്നുള്ളൂ എന്ന് ഗെഹ്ലോട്ടിന് വ്യക്തമായി ബോധ്യമുള്ള കാര്യമാണ്. അതിനാൽ രാജസ്ഥാൻ മുഖ്യമന്ത്രിയെന്ന അധികാര സ്ഥാനത്ത് തുടരാനാണ് അദ്ദേഹം കൂടുതൽ ഇഷ്ടപ്പെടുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി ആവാൻ സാധിച്ചില്ലെങ്കിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പോലും തനിക്ക് മുഖ്യമന്ത്രിയാവാൻ സാധിക്കുമോ എന്ന കാര്യത്തിൽ സച്ചിൻ പൈലറ്റിന് ആശങ്കയുണ്ട്. സച്ചിൻ മുഖ്യമന്ത്രിയായാൽ തങ്ങൾ അധികാര സ്ഥാനത്ത് നിന്ന് പൂർണമായി പുറത്താവുമെന്ന് ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള നേതാക്കൾക്കെല്ലാം വ്യക്തമായി അറിയാം. അവർ അധികാരത്തിൻെറ ഇടനാഴികളിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവരാണ്.

അതേസമയം, സച്ചിൻ പൈലറ്റിനോട് ചേർന്ന് നിൽക്കുന്ന കോൺഗ്രസ് നേതാക്കളെ സംബന്ധിച്ചിടത്തോളം അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരുന്നത് തങ്ങളുടെ ഭാവിക്ക് വലിയ വെല്ലുവിളിയാണ്. ഗെഹ്ലോട്ട് മാറി സച്ചിൻ വന്നാൽ മാത്രമേ അധികാരസ്ഥാനത്ത് തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്നതിൽ അവർക്ക് വ്യക്തതയുണ്ട്.

ഇന്ത്യയെ ഒന്നിപ്പിക്കുന്നതിന് വേണ്ടി രാഹുൽ ഗാന്ധിക്ക് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം. അതിൽ കുഴപ്പമൊന്നും തന്നെയില്ല. എന്നാൽ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം തകർക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് നടക്കുന്നത്. തങ്ങളുടെ നേതാക്കൾ ഓരോ ദിവസവും ഏത് പാർട്ടിയിലേക്കാണ് മാറുന്നതെന്ന് നോക്കി നടക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ് പ്രവർത്തകർ. അധികാരം നേടാൻ വേണ്ടിയുള്ള പരിശ്രമവും ഭ്രമവും മാത്രമാണ് മിക്ക കോൺഗ്രസ് നേതാക്കളെയും ഇപ്പോൾ മുന്നോട്ട് നയിക്കുന്നത്.

(സ്വതന്ത്ര പത്രപ്രവർത്തകനും കോളമിസ്റ്റും ഡൽഹി അസംബ്ലി റിസർച്ച് സെന്ററിലെ മുൻ പോളിസി റിസർച്ച് ഫെലോയുമാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം. സ്ഥാപനത്തിന്റെ നിലപാടല്ല)
Published by:user_57
First published: