അപർണ കുറുപ്പ്
ജെൻഡർ ന്യൂട്രലിൽ ഇനി ന്യൂട്രലായ ഒരു ചർച്ചയ്കക്കുമില്ല സ്ഥാനം.
യൂണിഫോം മുതൽ വിദ്യാഭ്യാസ സ്ഥാപനം വരെ, പെണ്ണ് വസ്ത്രത്തിന്റെ അതിരുകളിലും അടങ്ങിയൊതുങ്ങി നിന്നാൽ മതിയെന്ന് ശഠിക്കുന്ന പൊതുബോധത്തെ ഒരു കാരണവശാലും അംഗീകരിച്ച് മുന്നോട്ട് പോകാനുമാവില്ല. ഒരേ ക്ലാസിൽ പഠിക്കുന്ന സുഹൃത്തുക്കൾ അത് ആണും പെണ്ണുമായാൽ ഒരുമിച്ച് ഇരിക്കുന്ന ബസ്റ്റോപ്പിലെ ബഞ്ച് വരെ അറുത്തിടണമെന്ന് തോന്നുന്ന മനോഭാവം നാടിനും നാട്ടുകാർക്കും ഉണ്ടാകുമ്പോൾ ഇനി ലിംഗസമത്വം ഏത് വഴിയിലൂടെയാണ് കൊണ്ടുവരിക എന്ന് ചോദിക്കേണ്ടിവരുന്നു. അതുകൊണ്ടാണ് ആവർത്തിച്ച് പറയേണ്ടിവരുന്നത് ജെൻഡർ ന്യൂട്രൽ ആകണോ എന്ന വിഷയത്തിൽ ഒരു ന്യൂട്രൽ നിലപാടും സ്വീകരിക്കാനാവില്ല എന്നത്. കാലത്തെ പിറകോട്ട് മാത്രമടിക്കുന്ന മുൻ സാമൂഹികനീതി വകുപ്പ് മന്ത്രിയുടെ പ്രസ്താവനയായാലും ശരി അതൊക്കെ കേട്ട് കയ്യടിക്കുന്ന കൂട്ടമായായലും ശരി യൂണിഫോം മുതൽ സ്കൂൾ വരെ, അതിനപ്പുറം ജെൻട്രൽ ന്യൂട്രാലിറ്റിയിൽ പറയാനുള്ളതും അതുതന്നെയാണ്.
പഠിക്കേണ്ടത് ലിംഗസമത്വത്തെക്കുറിച്ചാണ്, തുല്യത, അവബോധം, നീതിയെക്കുറിച്ചൊക്കെ പഠിക്കേണ്ടത് പഠിച്ചുവരുന്ന തലത്തിൽത്തന്നെയാണ്. അതായത് സ്കൂളിൽ നിന്ന് ശീലമാക്കുന്ന പാഠങ്ങളാണ് എല്ലാം എന്ന്. ഇതിൽ ഏത് പാഠമാണ് എങ്ങനെയാണ് പഠിക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരു വിഭാഗം നാട്ടുകാരും സദാചാര പോലീസുകാരും ക്ലാസെടുത്തുകൊണ്ടേയിരിക്കുന്ന കാലവുമാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുകിടക്കുന്ന , പൊതുബോധവുമായി ഇഴചേർന്നു നിൽക്കുന്ന കാര്യമാണ് സ്കൂളുകളിലെ ജെൻഡർ ന്യൂട്രാലിറ്റി എന്ന ലിംഗസമത്വം, അല്ലെങ്കിൽ ലിംഗവിവേചനത്തെ റദ്ദാക്ക . അതിൽ പൊതുസമൂഹം കേൾക്കാനാഗ്രഹിക്കുന്നത് തുറന്ന ചർച്ചകളാണ്, ആശങ്കകകളുണ്ടെങ്കിൽ അതിനുള്ള ഉത്തരങ്ങളാണ്. പകരം കണ്ണടച്ച് വിധി പറയുന്ന രാഷ്ട്രീയം മതത്തെ ക്കൂടി വലിച്ചിഴക്കുമ്പോൾ ലിംഗ സമത്വം എന്ന വാക്ക് നൽകുന്ന പ്രതീക്ഷ പോലും ആ മിനിറ്റിൽത്തന്നെ റദ്ദ് ചെയ്യപ്പെടുകയാണ് . അങ്ങനെയുള്ള , അബദ്ധജടിലമായ പ്രസ്താവനയാണ് മുൻമന്ത്രി എം കെ മുനീറിന്റെ ഭാഗത്തുനിന്നുണ്ടായതും.
സ്ത്രീകൾക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്ന ക്യൂ, അല്ലെങ്കിൽ ബസുകളിലെ സംവരണ സീറ്റ്, ഇങ്ങനെയൊക്കയുള്ള സ്ഥലങ്ങളിൽ ജനറൽ സീറ്റുകൾ പുരുഷന്മാരുടേതാണ്, അതിലും സത്രീകളും ഇരിക്കാമോ എന്ന് ചോദിക്കുന്ന ചിലരുണ്ട്. എന്താണ് സംവരണം എന്ന് പഠിപ്പിച്ചുകൊടുത്താൽ സമത്വം ആവശ്യപ്പെടുന്നവർക്ക് സംവരണം ആവശ്യമുണ്ടോ എന്ന് മറുചോദ്യം ചോദിക്കും. സംവരണത്തേക്കാളും വിവേചനമില്ലാതാക്കൂ എന്ന് പറയുന്ന സ്ത്രീസമൂഹത്തോട് പറയാൻ കഴമ്പുള്ള വാദമല്ല ആ വിഭാഗം ഉന്നയിക്കുക. ഇതേ നിലപാട് എം കെ മുനീറിനെപ്പോലെ പരിണതപ്രജ്ഞനായി വിലയിരുത്തപ്പെടുന്ന ഒരാളിൽ നിന്ന് ഉണ്ടാകുമ്പോൾ ആ നിലപാടിനെ ഇന്നത്തെ മാറുന്ന പുതിയ തലമുറ എങ്ങനെയാകും കാണുക?
പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗസമത്വം ഉണ്ടാകൂ എന്ന പ്രസ്താവനക്കെതിരെ GenZ ന്റെ ഭാഗത്തുനിന്നുയരുന്ന വിമർശനങ്ങൾ, സമൂഹമാധ്യമങ്ങളിലാഞ്ഞടിക്കുന്ന വിമർശനങ്ങൾ ഇതൊക്കെ മുഖവിലക്ക് എടുക്കുകയേ വേണ്ട എന്നാണോ ? ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് എം.കെ. മുനീർ പറയുമ്പോൾ അത് ഒരുരാഷട്രീയ പാർട്ടിയുടെ കൂടി നിലപാടാകുകയാണ്. അതിൽ രാഷട്രീയം മാത്രവുമല്ല മതത്തേയും വലിച്ചിടുന്നു. എത്രയോ വർഷങ്ങളുടെ അവഗണനക്കും പോരാട്ടത്തിനും ശേഷം ഒരു വിഷയം അവതരിപ്പിക്കപ്പെടുന്ന സമൂഹ സാഹചര്യം ഉരുത്തിരിഞ്ഞ് വരുമ്പോൾ അത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ആദ്യം മനസിലാക്കേണ്ടവരിൽ പൊതുപ്രവർത്തകരുണ്ടാകണം.
മതത്തോട് ചേര്‍ത്ത് ഇതിനെ വായിക്കുന്നതിനപ്പുറത്തേക്ക് വസ്ത്രധാരണം എന്ന വ്യക്തിസ്വാതന്ത്ര്യത്തെ പുതിയ കാലഘട്ടവുമായി ചേർത്ത് വായിക്കുകയെങ്കിലും വേണം, അതിനൊന്നും മെനക്കെടാതെ സംസാരിക്കുമ്പോൾ ജെൻഡർ ന്യൂട്രാലിറ്റി എന്ന വാക്കിന്റെ അർത്ഥമെന്താണ് എന്നുപോലും അറിയാത്തവരാണ് പൊതുപ്രവർത്തകർ എന്ന പൊതുബോധമാണ് ഉണ്ടാകുക.
Also Read- 'ആ ബസ് സ്റ്റോപ്പ് ഇനി വേണ്ട'; ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കാൻ നഗരസഭ
ഒരു വിഭാഗത്തിന്റെ വസ്ത്രം മറ്റൊരു വിഭാഗം ധരിക്കുന്നതല്ല വസ്ത്രങ്ങളിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നെങ്കിലും തിരിച്ചറിയണ്ടേ? അത് തിരിച്ചറിയാത്തവർ ഈ പ്രസ്താവനകൾക്ക് കയ്യടിക്കും, ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ട്രാന്‍സ് വിഭാഗമായാലും അവനവന് സൗകര്യമായ വേഷം ധരിക്കാൻ അവകാശമുണ്ടെന്നാകണം സ്കൂൾതലത്തിൽ പഠിക്കേണ്ടതെന്ന് അവർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുമുണ്ട്. എന്നാൽ അത് അജ്ഞത മാത്രമല്ല , ഒരു വിഭാഗം സമൂഹത്തിന്റെ മനോഭാവം കൂടിയാണെന്ന് വ്യക്തമാക്കുന്ന വാക്കുകളും ഉയർന്നുകേൾക്കുന്നുണ്ട്.
ഡോ.എംകെ മുനീറിനെ അനുകൂലിച്ച് പ്രതികരിക്കുന്ന ലീഗ് നേതാവ് ഷാഫി ചാലിയം ഈ വിഷയത്തിൽ ഇടതുപക്ഷ സർക്കാരിന്റെ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ല എന്ന് ആരോപിക്കുന്നയാളാണ്. പാവപ്പെട്ടവന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന അടിച്ചേല്പിക്കലാണ് നടത്താനൊരുങ്ങുന്നത് ചാലിയം കുറ്റപ്പെടുത്തുന്നു. പെണ്ണിനെ പെണ്ണായും ആണിനെ ആണായും തന്നെയാണ് കാണേണ്ടത്. ജെൻഡർ തിരിച്ചറിയാനാകാത്ത രൂപത്തിലാക്കുകയല്ല ഒരു യൂണിഫോമിന്റേയും ലക്ഷ്യം. കരിക്കുലത്തിൽ പോലും ഈ സങ്കീർണമായ അരാജകത്വം ഒളിച്ചുകടത്തുകയാണ്. എസ്എഫ്ഐയുടെ ഇത്തരം അജണ്ടകളെ സർക്കാർ നടപ്പിലാക്കുന്നതിനെതിരെയാണ് ഡോ എം കെ മുനീർ സംസാരിച്ചത്, അത് പോലും തെറ്റായി വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും ഷാഫി ചാലിയം പ്രതികരിച്ചു.
എന്നാൽ സർക്കാർ ഒരു കടുംപിടിത്തവും വിഷയത്തിൽ സ്വീകരിച്ചിട്ടില്ലെന്ന് ഉറപ്പ് പറയാൻ കഴിയുന്നവരാണ് ഇടത് നേതാക്കൾ. സ്ത്രീ ഇന്ന വസ്ത്രമേ ധരിക്കാവൂ, ഇന്ന പോലെയെ പ്രതികരിക്കാവൂ എന്ന നിർബന്ധം നടപ്പാക്കണമെന്ന അറുപിന്തിരിപ്പൻ ഉള്ളിലിരുപ്പാണ്, എംകെ മുനീറിന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത് എന്ന് സിപിഎം നേതാവ് സി.എസ്.സുജാത പ്രതികരിച്ചു. ചലനസ്വാതന്ത്ര്യമുള്ള വേഷം ധരിച്ച് പെൺകുട്ടികളും എല്ലാ സ്കൂൾ ആക്ടിവിറ്റികളിൽ പങ്കെടുക്കട്ടെ. സർക്കാർ ഒരു നിർബന്ധവും അടിച്ചേല്പിക്കുന്നില്ല, സ്കൂളുകളും കുട്ടികളും അവരുടെ താത്പര്യം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് സർക്കാർ നൽകുന്നതെന്നും മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നു.
ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരായ എതിർപ്പിനെ ഡോ. നിയതി ആർ കൃഷ്ണ , ജെൻഡർ സ്റ്റഡീസ് അധ്യാപക കാണുന്നത് ലിംഗസമത്വത്തിനെതിരായ എതിർപ്പായിട്ട് കൂടിയാണ്
എതിർപ്പ് പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ അത്ഭുതമല്ല, നിയതി പറയുന്നു. എല്ലാക്കാലവും ആൺനിർമ്മിതിയിൽ സത്രീകൾക്കായി വസ്ത്രം നെയ്തെടുത്തിരിക്കുന്നതെല്ലാം സ്ത്രീയ്ക്ക് അതിരുകൾ നിശ്ചയിക്കാനുള്ളതായിരുന്നു. മിക്സഡ് സ്കൂളുകളക്കുറിച്ചും നിയതിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് ജെൻഡർ വിവേചനത്തിനെതിരായ പ്രബന്ധങ്ങളുടേയും ക്ലാസുകളുടേയും പശ്ചാത്തലത്തിൽ കൂടിയാണ്. മിക്സഡ് സ്കൂളുകൾ തന്നെയാണ് വേണ്ടത്, കാരണം നിലവിലെ സമൂഹത്തിന്റെ പരിച്ഛേദമാകണമല്ലോ സ്കൂളുകളും. പക്ഷെ നടപ്പിലാക്കുമ്പോൾ അത്, നിലവിലുള്ള അധ്യാപകരുടെ തസ്തികകൾ വെട്ടിക്കുറച്ചുകൊണ്ടാകരുത് എന്ന് കൂടി അഭ്യർത്ഥിക്കാനുണ്ടെന്നും നിയതി പറഞ്ഞുവക്കുന്നു.
ഡോ. എം കെ മുനീറിന്റെ പ്രസ്താവന ചെറിയ വിമർശനങ്ങളെയല്ല സമൂഹമാധ്യമങ്ങളിൽ ക്ഷണിച്ചുവരുത്തിയതെന്നും നാം കണ്ടതാണ്.
വസ്ത്രധാരണത്തിലെ നവീകരണം കേരളത്തിൽ മാത്രമല്ല, ലോകമെങ്ങും നടപ്പാക്കുന്ന, നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യമാണെന്ന് പോലും മനസിലാക്കാതെയാണ് അതിനെ വിമർശിക്കുന്നത് എന്നാണ് ആക്ടിവിസ്റ്റായ ജസ്ല മാടശ്ശേരിയുടെ നിലപാട് . ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ ഒരല്പം പോലും പരിഗണിക്കാതെയാണ് ഈ വിമർശനവും. ഏറ്റവും സൗകര്യപ്രദമായ വസ്ത്രം ധരിക്കാൻ ഏത് വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. അത് മനസിലാക്കാതെ, അംഗീകരിക്കാതെ നൂറ്റാണ്ടുകൾ മുമ്പ് എഴുതിവച്ച മതത്തിന്റെ വാക്കുകളും പൊക്കിപ്പിടിച്ച് വരുന്നവരോട് ഒന്നും പറയാനില്ല ജസ്ലക്ക് ഇനി.
എം കെ മുനീർ പറയുന്നതിനു മുമ്പേ രാഷട്രീയപാർട്ടികൾക്ക് നിലപാടുള്ള വിഷയം തന്നെയാണ് ജെൻഡർ ന്യൂട്രാലിറ്റി. അതാണ് ചർച്ച ചെയ്യുന്നതും ഇനി പറയുന്നതും .വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം ഏതാണ്, ഓരോരുത്തരുടേയും സാമ്പത്തികവും സാമൂഹികവുമായ അവസ്ഥ എന്താണ്, ഈ വ്യത്യാസം തിരിച്ചറിയാതിരിക്കാനാണ് യൂണിഫോം. അതുകൊണ്ട് തന്നെ പുരുഷ കേന്ദ്രീകൃതമായ വസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല എന്ന് പറയുന്നവരുണ്ട് . യൂണിഫോമിറ്റി ലക്ഷ്യമിടുന്നത് എല്ലാവരെയും ഒരേപോലെ ആക്കുക എന്നതിനപ്പുറത്തേക്ക് എല്ലാവരേയും ഒരേ തലത്തിലേക്ക് എത്തിക്കുക എന്നത് കൂടിയാണെന്ന വാദമുയർത്തിയാണ് ഈ നിലപാട്. ഒന്നും അടിച്ചേല്പിക്കലല്ല സമത്വം എന്ന് വാദിച്ച് കൊണ്ട് ആണ്‍ പെണ്‍ ഏകീകൃത യൂണിഫോം പോലും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല എന്ന നിലപാട് എടുത്ത രാഷ്ട്രീയ പാർട്ടികളും അവരുടെ യുവജന വിദ്യാർത്ഥി സംഘടനകളുമുണ്ട്. ചർച്ച നടക്കട്ടെ ഒഴുക്കിനൊപ്പം നോക്കാം എന്ന മട്ടിലുള്ള പ്രസ്താവനകളുമായാണ് പല നേതാക്കളും രംഗത്ത് വന്നിട്ടുള്ളതും. വസ്ത്രധാരണ സ്വാതന്ത്ര്യം , വൈവിധ്യങ്ങളെ അംഗീകരീക്കാതിരിക്കലല്ല എന്നും ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നാൽ അതും വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ല എന്നും ആണാവാന്‍ പെണ്ണ് ശ്രമിക്കുക എന്ന വാദമല്ല എന്നും പറയാൻ മുന്നോട്ട് വന്നിട്ടുള്ളത് ഈ രാഷ്ട്രീയ ചേരിതുരുത്തുകളിലെ വനിതാമുഖങ്ങൾ തന്നെയുമാണ് . അതാണ് , സ്ത്രീ സംസാരിക്കട്ടെ, സ്ത്രീകൾക്ക് വേണ്ടി.
ചർച്ചകൾ യഥേഷ്ടം നടക്കണം എന്നത് തീർച്ചയാണ്, അത് കുട്ടികളുടേയും രക്ഷിതാക്കളുടേയും അവകാശവുമാണ്. ആണ്‍-പെണ്‍ വിവേചനം ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് ഈ നീക്കങ്ങളെന്ന അവബോധം ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാണ് പുതിയ തലമുറ. അവരെക്കൂടി ചേർത്ത് പിടിച്ചുകൊണ്ട് വേണം തീരുമാനമെടുക്കാൻ . ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെക്കൂടി അഭിസംബോധനചെയ്യേണ്ട വിഷയമാണ്, ആ കാലവുമാണ് . ആണിനും പെണിനും വസ്ത്രധാരണത്തിലെ മാറ്റം ചലനസ്വാതന്ത്ര്യത്തേയും സൗകര്യത്തെയും ബന്ധപ്പെട്ടതാകുമ്പോൾ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് അത് അവരുടെ സ്വത്വത്തെക്കൂടി ബാധിക്കുന്നതാണ് . ഇല്ലെങ്കിൽ എവിടെയാണ് ജെന്‍ഡര്‍ നിഷ്പക്ഷത അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ എത്തുക ?
ലിംഗസമത്വത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി കേരളപാഠ്യപദ്ധതി നവീകരിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിനെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സമൂഹവും ഇവിടെയുണ്ട്. പാഠ്യപദ്ധതികളിൽപോലും നിലനിൽക്കുന്ന സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളെ ഭരണകൂടം തിരിച്ചറിയുന്നു എന്നത് നല്ല സൂചനയാണ്. ഈ പശ്ചാത്തലത്തിൽ, പാഠ്യപദ്ധതികള്‍ക്ക്
അടിയന്തര ജെൻഡർ ഓഡിറ്റ് വേണമെന്ന് വിദ്യാഭ്യാസമന്ത്രിക്ക് 'മലയാളപ്പെൺകൂട്ടം' കൂട്ടായ്മ നിവേദനം നൽകിയതും എടുത്ത് പറയണം. അധ്യാപകർക്കുള്ള ജെൻഡർ സെൻസിറ്റിവിറ്റി ട്രെയിനിംഗ് നടപ്പാക്കുക, ലിംഗരാഷ്ട്രീയം പ്രമേയമാകുന്ന തരത്തിൽ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം രൂപപ്പെടുത്തുക, ചരിത്രങ്ങളിൽ നിന്ന് തമസ്കരിക്കപ്പെട്ട സ്ത്രീകളെ കണ്ടെടുത്ത് പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തുക, എന്നിവക്കൊപ്പമാണ് പ്രൈമറി ക്ലാസിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏകീകൃത യൂണിഫോം നിർബന്ധമാക്കി തുടക്കം കുറിക്കണമെന്ന നിർദ്ദേശവും കൂട്ടായ്മ നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വസ്ത്രധാരണത്തിൽ വ്യക്തിസ്വാതന്ത്ര്യവും ചലനസ്വാതന്ത്ര്യവും ഉണ്ടെന്ന് പോലും തിരിച്ചറിയാതെ, പാന്റിടുന്ന സ്ത്രീ, കുടുംബഘടനയെ തകർക്കുമെന്നും സ്ത്രീപുരുഷ വൈവിധ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും പറയുന്നവരോട് ജെൻഡർ ന്യൂട്രലിറ്റിയെക്കുറിച്ച് എങ്ങനെ പറഞ്ഞ് മനസിലാക്കും? ജെൻഡർ ന്യൂട്രലിറ്റി ഇടതുപക്ഷ ആശയമാണെന്ന വാദം ഉയർത്തി അതിൽ കുടുംബവ്യവസ്ഥ തകരുമെന്നും അരാജകത്വമെന്നും പറയുന്നവർ അതിൽ എല്ലാ മതങ്ങളും ഒഴിവാക്കേണ്ട പിന്തിരിപ്പൻ ആശയങ്ങളും ലവലേശം നാണമില്ലാതെ വലിച്ചിടുകയും ചെയ്യുന്നുണ്ട് . ജെൻഡർ സെൻസിറ്റിവിറ്റിയും വേണം ജെൻഡർ ന്യൂട്രലിറ്റിയും വേണം , ഇതാരാണ് തീരുമാനിക്കേണ്ടത്. സ്ത്രീ എന്ത് വേഷം ധരിക്കണമെന്ന് സ്ത്രീ തന്നെ തീരുമാനിക്കണം . അവിടെ തുടങ്ങണം ജെൻഡർ ന്യൂട്രാലിറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gender, GENDER EQUALITY, Gender Neutral School Uniform, Mk muneer