ഭിക്ഷക്കാരൻ കൊണ്ടുപോയ മലയാള താരസുന്ദരി; സിനിമയെ വെല്ലുന്ന സസ്പെൻസ് ജീവിതത്തിലുണ്ടായ പെൺകുട്ടി
- Published by:meera_57
- news18-malayalam
Last Updated:
'കൂടെ വരുന്നോ' എന്ന ചോദ്യത്തിന് ആ കൊച്ചു പെൺകുട്ടി അപ്പോൾ തന്നെ അയാളുടെ കൂടെ പുറപ്പെട്ടിറങ്ങി
മലയാള സിനിമയിൽ എക്കാലവും ഓർക്കപ്പെടുന്ന സിനിമകളുടെ കൂട്ടത്തിൽ സ്ഥാനമുള്ള ചിത്രമാണ് 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' (Kakkothikkavile Appooppan Thaadikal). നടി രേവതി തുടക്കം മുതൽ ഒടുക്കം വരെ തകർത്തഭിനയിച്ച സിനിമയായിരുന്നു ഇത്. കുട്ടിക്കാലത്ത് ഒരു ഭിക്ഷാടകൻ തട്ടിക്കൊണ്ടുപോയ പെൺകുട്ടി, വളർന്നു വലുതായി അവളും ഭിക്ഷയെടുത്തും അല്ലറചില്ലറ തട്ടിപ്പുകൾ നടത്തിയും ജീവിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഈ സിനിമയെ വെല്ലുന്ന ജീവിതകഥയുണ്ട് ഒരു മലയാള താരസുന്ദരിക്ക്. ഭിക്ഷകാടൻ കൊണ്ടുപോയ ആ കുട്ടി എങ്ങനെ തിരികെയെത്തി എന്ന അത്ഭുതകഥ
advertisement
വർഷങ്ങൾക്ക് മുൻപ് ഒരു റിയാലിറ്റി ഷോയിൽ വച്ചാണ് ഗായിക റിമി ടോമി തന്റെ ജീവിതത്തിൽ ഉണ്ടായ 'കാക്കോത്തിക്കാവിലെ' നിമിഷം ഓർത്തെടുത്തത്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ റിമി ടോമി, റാണി ടോമി- ടോമി ജോസഫ് എന്നിവരുടെ മൂത്ത മകളായാണ് പിറന്നത്. നടി മുക്തയുടെ ഭർത്താവ് റിങ്കു ടോമിയും റീനു ടോമിയും റിമിയുടെ സഹോദരങ്ങളാണ്. കുട്ടിക്കാലം മുതലേ ഒരു ഗാനമേള ട്രൂപ്പിൽ അംഗമായാണ് റിമി ടോമി തന്റെ സംഗീതാഭിരുചി വികസിപ്പിച്ചെടുത്തത്. പിന്നീട് അവിടെ നിന്നും നടനും സംവിധായകനുമായ നാദിർഷയുടെ കണ്ടെത്തലായിരുന്നു റിമി ടോമി (തുടർന്ന് വായിക്കുക)
advertisement
റിമിയുടെ ഷോയിൽ ഒരു മത്സരാർത്ഥി കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ സിനിമയിലെ ഒരു ഗാനം ആലപിച്ചപ്പോഴാണ് തന്റെ കുട്ടിക്കാലത്തുണ്ടായ ദുരനുഭവം റിമി ഓർത്തെടുത്തു പറഞ്ഞത്. ഈ സിനിമയിലെ 'കണ്ണാന്തുമ്പീ പോരാമോ' എന്ന ഗാനം പ്രശസ്തമാണ്. പാലാക്കാരി എങ്കിലും, കുഞ്ഞുനാളിൽ റിമി ടോമി ഊട്ടിയിൽ താമസിച്ചിരുന്നു. പിതാവ് ടോമിക്ക് അന്ന് മിലിറ്ററിയിലായിരുന്നു ജോലി. ഭാഗ്യത്തിന്റെ കടന്നുവരവുണ്ടായില്ലെങ്കിൽ, ഒരുപക്ഷേ റിമിയുടെ ജീവിതം മാറിമറിയേണ്ട ഒരു സംഭവമായിരുന്നു ഇത്
advertisement
ഊട്ടിയിലെ വീട്ടിൽ മുറ്റത്തിരുന്ന് കളിക്കുന്ന കുട്ടിയായിരുന്നു റിമി ടോമി. അന്നേരം വീട്ടിലേക്ക് ഒരു ഭിക്ഷക്കാരൻ കടന്നുവന്നു. 'കൂടെ വരുന്നോ' എന്ന ചോദ്യത്തിന് ആ കൊച്ചു പെൺകുട്ടിക്ക് കൂടുതൽ സംശയമേതും തോന്നിയില്ല. അവൾ അപ്പോൾ തന്നെ അയാളുടെ കൂടെ പോകാൻ തീരുമാനിച്ചിറങ്ങി. കുഞ്ഞിന്റെ പോക്ക് വീട്ടുകാരുടെ കണ്ണിൽപ്പെട്ടതുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കാക്കോത്തിക്കാവിലെ പെൺകുട്ടിയെ അപേക്ഷിച്ച് റിമിയെ ഭാഗ്യം തുണച്ചത്
advertisement
ആ ഭിക്ഷക്കാരന്റെ ഒപ്പം ഒരു ഷെഡിൽ കുഞ്ഞ് റിമിയും നിൽക്കുന്നത് കുടുംബത്തെ അറിയാവുന്ന ഒരാളുടെ കണ്ണിൽപ്പെട്ടു. പിതാവിന്റെ സുഹൃത്തായിരുന്നു അത്. കുഞ്ഞിനെ ചാക്കിൽ കയറ്റാൻ അയാൾ ശ്രമിക്കുന്നതിനിടെ ആ കുടുംബ സുഹൃത്ത് റിമിയെ വീണ്ടെടുത്ത് വീട്ടിലെത്തിച്ചു. വർഷങ്ങൾക്കിപ്പുറം മലയാള സിനിമയിലെ അറിയപ്പെടുന്ന ഗായികയും, മിനിസ്ക്രീനിലെ അവതാരകയും ജഡ്ജുമായി അറിയപ്പെടാൻ വിധി ബാക്കിയുണ്ടായിരുന്ന ആ പെൺകുട്ടി അങ്ങനെ ഒരു ഭിക്ഷാടകന്റെ കയ്യിൽ നിന്നും രക്ഷപെടുകയായിരുന്നു
advertisement
'പാടാം നമുക്ക് പാടാം' എന്ന ഷോയിലായിരുന്നു റിമി ടോമിയുടെ വെളിപ്പെടുത്തൽ. ട്രൂപ്പിൽ പാടിയിരുന്ന റിമിയുടെ തലവര മാറ്റിയ ചിത്രമായിരുന്നു ദിലീപ്, കാവ്യാ മാധവൻ എന്നിവർ വേഷമിട്ട 'മീശ മാധവൻ'. ഇതിലെ 'ചിങ്ങമാസം വന്നുചേർന്നാൽ' എന്ന ഗാനം റിമിയെ പ്രശസ്തയാക്കി. പാട്ടിനേക്കാൾ പെർഫോർമർ എന്ന നിലയിലാണ് റിമി ശ്രദ്ധ നേടിത്തുടങ്ങുന്നത്. സ്റ്റേജിനെ ഇളക്കിമറിക്കാൻ റിമി ടോമി ഉണ്ടെങ്കിൽ വേറാരും വേണ്ട എന്ന തോന്നൽ പല സംഘാടകർക്കും മനസിലായി തുടങ്ങി. ഷാരൂഖ് ഖാനെ അഭിമുഖം ചെയ്യാനും റിമി ടോമിക്ക് അവസരം വന്നുചേർന്നു. 2000, 2010കളിൽ റിമി പാടിയ ഗാനങ്ങൾ പലതും ഹിറ്റുകളായിരുന്നു