• HOME
  • »
  • NEWS
  • »
  • opinion
  • »
  • കശ്മീർ വിഷയത്തിൽ നെഹ്‌റുവിന് പറ്റിയ 5 മണ്ടത്തരങ്ങളുടെ യഥാർത്ഥ കഥ; കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു

കശ്മീർ വിഷയത്തിൽ നെഹ്‌റുവിന് പറ്റിയ 5 മണ്ടത്തരങ്ങളുടെ യഥാർത്ഥ കഥ; കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു

1947 ഓഗസ്റ്റ് 15 ന് മുമ്പ് തന്നെ മഹാരാജ ഹരിസിംഗിന്റെ സർക്കാർ ഇന്ത്യയിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഞാൻ എഴുതിയിരുന്നു. പക്ഷേ അത് നിരസിച്ചത് നെഹ്‌റു ആയിരുന്നു

  • Share this:
കിരൺ റിജിജു

ജവഹർലാൽ നെഹ്‌റുവിന് കശ്മീർ വിഷയത്തിൽ സംഭവിച്ച ‘അഞ്ച് മണ്ടത്തരങ്ങൾ’ എന്ന വിഷയത്തിൽ ഞാൻ അടുത്തിടെ എഴുതിയ ഒരു ലേഖനം വ്യത്യസ്ത പ്രതികരണങ്ങളാണ് ക്ഷണിച്ചു വരുത്തിയത്. അതായത് 1947 ഓഗസ്റ്റ് 15 ന് മുമ്പ് തന്നെ മഹാരാജ ഹരിസിംഗിന്റെ സർക്കാർ ഇന്ത്യയിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഞാൻ എഴുതിയിരുന്നു. പക്ഷേ അത് നിരസിച്ചത് നെഹ്‌റു ആയിരുന്നു. നെഹ്‌റു തന്നെ വിവരിച്ച ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അവകാശവാദം ഉന്നയിച്ചത്.

ഈ സാഹചര്യത്തിലാണ് ഡോ. കരൺ സിങ്ങിന്റെ എന്റെ ലേഖനത്തോടുള്ള അങ്ങേയറ്റം നിരാശാജനകമായ പ്രതികരണമുണ്ടായത്. നെഹ്‌റുവിന്റെ മറ്റ് നാല് മണ്ടത്തരങ്ങൾ അദ്ദേഹം പൂർണ്ണമായും ഒഴിവാക്കി. കശ്മീരിനെ ഇന്ത്യയോട് ചേർത്തത് താത്കാലികമാണെന്ന പ്രഖ്യാപനം; തർക്കത്തിലുള്ള പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 35 ചൂണ്ടിക്കാണിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയെ സമീപിക്കാനുള്ള തീരുമാനം, കാശ്മീരിൽ യുഎന്നിൻെറ നേതൃത്വത്തിൽ നടത്തിയ നിർബന്ധിത ഹിതപരിശോധന ഇന്ത്യ തടയുന്നു എന്ന മിഥ്യാധാരണ പരത്താൻ നെഹ്റു അനുവദിച്ചത്, ആർട്ടിക്കിൾ 370 കൊണ്ട് വരികയും നടപ്പിലാക്കുകയും ചെയ്ത്, ഇവയൊക്കെയും അദ്ദേഹം ഒഴിവാക്കി.
Also Read- കശ്മീർ വിഷയത്തിൽ നെഹ്റുവിന് പറ്റിയ അഞ്ച് മണ്ടത്തരങ്ങളുടെ 75-ാം വാർഷികം: കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു

ഇതിന് വ്യക്തമായ ഉത്തരങ്ങളോ ന്യായമായ പ്രതിരോധങ്ങളോ പോലും പറയാൻ ഉണ്ടായിരുന്നില്ല. എന്നാൽ നെഹ്‌റു പ്രവേശനം വൈകിപ്പിച്ചു എന്ന ആദ്യത്തെ അബദ്ധത്തിൽ - ഡോ കരൺ സിംഗ് ഒരു സാനിറ്റൈസ്ഡ് ചരിത്രം അവതരിപ്പിച്ചു. നെഹ്റുവിനെ ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. എന്നാൽ നെഹ്റുവിനെ ഇതിൽ നിന്ന് പുറത്തു കടത്താൻ കോൺഗ്രസിന് ഈ ശ്രമം മതിയാകില്ല.

കോൺഗ്രസും കോൺഗ്രസ് ഭരിക്കുന്ന നെഹ്റു കുടുംബവും ഇന്ത്യയേക്കാൾ മുകളിൽ നെഹ്റുവിനെ പ്രതിഷ്ഠിക്കുന്നത് ഒരു വസ്തുതയാണ്. എന്നാൽ ചരിത്രവിദ്യാർത്ഥികൾ വസ്തുതകളുടെ വെളിച്ചത്തിൽ, ചരിത്രം തിരുത്തിക്കുറിക്കാൻ ധൈര്യം കാണ്ടിക്കേണ്ട സമയമാണിത്. നെഹ്‌റുവിനെ നല്ലവനാക്കാൻ കുടുംബ ചരിത്രകാരൻമാരാൽ അന്യായമായി അവഹേളിക്കപ്പെടുന്നവരുടെ പേര് മായ്‌ച്ച് കളയേണ്ട സമയം.

ഇതിനായി ചില വസ്തുതതകൾ പരിശോധിക്കാം

കശ്മീർ പ്രവേശനത്തെക്കുറിച്ച്

1952 ജൂലൈ 24ന് ലോക്‌സഭയിൽ നെഹ്‌റു നടത്തിയ പ്രസംഗം പരിശോധിക്കാം. കശ്മീർ പ്രവേശനം "അനൗപചാരികമായി ജൂലൈയിലോ ജൂലൈ പകുതിയോടോ നമ്മുടെ മുമ്പിൽ ഉയർന്നുവന്നിരുന്നു" എന്ന് നെഹ്റു പരാമർശിക്കുന്നുണ്ട്. കൂടാതെ "ഞങ്ങൾക്ക് അവിടുത്തെ പ്രമുഖ സംഘടനയുമായി ബന്ധമുണ്ടെന്നും" വ്യക്തമാക്കിയിട്ടുണ്ട്. "നാഷണൽ കോൺഫറൻസും അതിന്റെ നേതാക്കളുമായും ബന്ധപ്പെട്ടിരുന്നു. ഞങ്ങൾ മഹാരാജ സർക്കാരുമായും ബന്ധപ്പെട്ടിരുന്നു". അതേ പ്രസംഗത്തിൽ നെഹ്‌റു തന്റെ സ്വന്തം നിലപാട് ഉറപ്പിച്ചു പറയുകയും ചെയ്തു- "കാശ്മീർ ഒരു പ്രത്യേക കേസാണ്, അക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ തിരക്കുകൂട്ടാൻ ശ്രമിക്കുന്നത് ശരിയല്ല" എന്നാണ് ഞങ്ങൾ ഇരുകൂട്ടർക്കും നൽകിയ ഉപദേശം.

കൂടുതൽ പ്രധാന്യമുള്ളതും സ്ഥിരീകരിക്കുന്നതുമായ മറ്റ് ചില തെളിവുകൾ പരിശോധിക്കാം.

ആദ്യം, 1947 ഒക്ടോബർ 21ന്, കശ്മീർ പ്രധാനമന്ത്രി എം.സി.മഹാജന് എഴുതിയ കത്തിൽ നെഹ്‌റു ഇങ്ങനെ എഴുതി, “ഈ ഘട്ടത്തിൽ ഇന്ത്യൻ യൂണിയനോട് ചേർന്നു നിൽക്കുന്ന ഏതെങ്കിലും പ്രഖ്യാപനം നടത്തുന്നത് അഭികാമ്യമല്ല.” ഈ വാക്കുകൾ എന്താണ് സൂചിപ്പിക്കുന്നത്? ആരാണ് പ്രവേശനം ആവശ്യപ്പെടുന്നത്, ആരാണ് അത് വൈകിപ്പിക്കുന്നത്? 1947 ഒക്ടോബർ 20ന് പാകിസ്ഥാൻ കശ്മീർ ആക്രമിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷം ഒക്ടോബർ 21-ന് നെഹ്‌റു തന്റെ വ്യക്തിപരമായ ആഗ്രഹങ്ങളും അജണ്ടയും പൂർത്തിയാകുന്നതുവരെ ഇന്ത്യയിലേക്ക് ചേരരുതെന്ന് കശ്മീർ സർക്കാരിനെ ഉപദേശിക്കുകയായിരുന്നു. (അദ്ദേഹം കത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്) ഈ തെളിവും നിഷേധിക്കുമോ?

രണ്ടാമതായി, 1947 നവംബർ 25-ന് പാർലമെന്റിൽ നടത്തിയ ഒരു പ്രസംഗത്തിൽ, ഈ പ്രശ്നം അന്തർദേശീയമായി ചർച്ച ചെയ്യപ്പെടുന്ന ഘട്ടത്തിൽ നെഹ്‌റു പറഞ്ഞു: “ഞങ്ങൾക്ക് മുകളിൽ നിന്ന് കേവലമായ ഒരു പ്രവേശനമല്ല ആവശ്യം, മറിച്ച് ജനങ്ങളുടെ ഇഷ്ടത്തിന് അനുസൃതമായ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ആഗ്രഹിച്ചത്. പെട്ടെന്നുള്ള തീരുമാനങ്ങളൊന്നും ഞങ്ങൾ പ്രോത്സാഹിപ്പിച്ചില്ല“.

ഇതും പകൽ വെളിച്ചം പോലെ വ്യക്തമാണ്. ഒന്നല്ല, ഒന്നിലധികം തവണ, പ്രവേശനത്തിന് ഉപാധികൾ വയ്ക്കുന്നത് ആരാണെന്ന്. നെഹ്‌റു തന്നെ ഇക്കാര്യം പറയുകയും അതുവഴി വ്യക്തിപരമായ അജണ്ട പൂർത്തീകരിക്കുന്നത് വരെ പ്രവേശനം വൈകിപ്പിക്കുകയും ചെയ്തുവെന്ന് വ്യക്തം.

സംഭവങ്ങളുടെ ശൃംഖലയിലേക്ക് വെളിച്ചം വീശുന്ന തെളിവുകൾ ഇത് മാത്രമല്ല, ആവശ്യത്തിലധികം ലഭ്യമാണെങ്കിലും.

മൂന്നാമത്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആചാര്യ കൃപലാനി 1947 മെയ് മാസത്തിൽ കശ്മീർ സന്ദർശിച്ചു. 1947 മെയ് 20-ന് ദി ട്രിബ്യൂണിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കൃപലാനിയുടെ വീക്ഷണങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: "ഹരി സിംഗ് ഇന്ത്യയിലേക്ക് ചേരാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഹരിസിങ്ങിനെതിരെ 'കശ്മീർ വിട്ടുപോകുക' എന്ന ആവശ്യം നാഷണൽ കോൺഫറൻസ് ഉന്നയിച്ചത് ശരിയായില്ല. ‘അയാൾ പുറത്തു നിന്നുള്ള ആളല്ല’... ‘കശ്മീർ വിട്ടുപോവുക’ എന്ന ആഹ്വാനം ഉപേക്ഷിക്കാനും അദ്ദേഹം നാഷണൽ കോൺഫറൻസിനോട് അഭ്യർത്ഥിച്ചു.

1946ൽ ഷെയ്ഖ് അബ്ദുള്ളയാണ് 'ക്വിറ്റ് കശ്മീർ' പ്രസ്ഥാനം ആരംഭിച്ചത്. നെഹ്‌റു ഈ സമരത്തിൽ അദ്ദേഹത്തെ പിന്തുണച്ചു. ദോഗ്ര രാജാവായിരുന്ന ഹരി സിംഗ് കാശ്മീരിന് പുറത്തുള്ള ആളായിരുന്നില്ല, മറ്റാരെപ്പോലെയും കാശ്മീർ താഴ്‌വരയിൽ അദ്ദേഹത്തിന് അവകാശങ്ങളുണ്ടായിരുന്നു. കൊളോണിയൽ ബ്രിട്ടീഷുകാർക്കെതിരായ ‘ക്വിറ്റ് ഇന്ത്യ’ ആഹ്വാനത്തെ കശ്മീരി ഹിന്ദു ഭരണാധികാരിക്കെതിരെ ‘ക്വിറ്റ് കശ്മീർ’ ആഹ്വാനത്തിലൂടെ ആവർത്തിക്കുന്നത് തെറ്റാണെന്ന് മറ്റെല്ലാ കോൺഗ്രസ് നേതാക്കൾക്കും മനസ്സിലായി. എന്നിട്ടും, നെഹ്‌റു അബ്ദുള്ളയെ പിന്തുണയ്ക്കാൻ കശ്മീരിൽ എത്തി. പതിറ്റാണ്ടുകൾ നീണ്ട ദാരുണമായ നിരവധി സംഭവങ്ങൾക്കാണ് ഇത് തുടക്കമിട്ടത്.

1931ൽ, ലണ്ടനിൽ നടന്ന ഒരു വട്ടമേശ സമ്മേളനത്തിൽ, ചേംബർ ഓഫ് പ്രിൻസ് വൈസ് ചാൻസലർ എന്ന നിലയിൽ ഹരി സിംഗ് ഹൗസ് ഓഫ് ലോർഡ്‌സിൽ പറഞ്ഞത് ഇങ്ങനെയാണ്: "ആദ്യമായി ഞാൻ ഒരു ഇന്ത്യക്കാരനാണ്, പിന്നെ ഒരു മഹാരാജാവാണ്." ഇതേ ഹരി സിംഗ്, 1947-ൽ ഇന്ത്യയിൽ ചേരാൻ പലതവണ അഭ്യർത്ഥിച്ചുവെങ്കിലും നെഹ്‌റുവിന്റെ ചില അജണ്ടകൾ പൂർത്തിയാകുന്നതുവരെ ഓരോ അവസരത്തിലും അത് തടയപ്പെട്ടു.

നാലാമതായി, 1947 ജൂണിൽ കാശ്മീർ സന്ദർശിക്കുന്നതിന് മുമ്പ് മൗണ്ട് ബാറ്റൺ പ്രഭുവിന് നെഹ്‌റു എഴുതിയ കത്തിൽ, ഹരി സിംഗ് യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിച്ചിരുന്നതെന്ന് വ്യക്തമാണ്. ആ കുറിപ്പിന്റെ 28-ാം ഖണ്ഡികയിൽ നെഹ്‌റു എഴുതിയത് ഇങ്ങനെയാണ്: “വ്യക്തമായ ആവശ്യം കശ്മീരിനെ ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയിൽ ചേർക്കുക എന്നതാണ്. ഇത് ജനകീയമായ ഒരു ആവശ്യവും മഹാരാജയുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നുമായിരിക്കും. അതിനാൽ, ഹരി സിംഗ് യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് 1947 ജൂണിൽ നെഹ്‌റുവിന് നന്നായി അറിയാമായിരുന്നു. നെഹ്രുവിന്റെ സ്വന്തം അജണ്ട മാത്രമായിരുന്നു തടസ്സം.

അഞ്ചാമതായി, 1947 ജൂലൈയിൽ ചേരാനുള്ള ശ്രമം നെഹ്‌റു നിരസിച്ചതോടെ, പാകിസ്ഥാൻ അധിനിവേശത്തിന് ഒരു മാസം മുമ്പ്, 1947 സെപ്റ്റംബറിൽ ഹരി സിംഗ് ഒരു ശ്രമം നടത്തി. ചേരുന്ന സമയത്ത് കാശ്മീർ പ്രധാനമന്ത്രിയായിരുന്ന മഹാജൻ, 1947 സെപ്തംബറിൽ നെഹ്‌റുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിവരിക്കുന്നുണ്ട്. തന്റെ ആത്മകഥയിൽ മഹാജൻ ഇങ്ങനെ പറയുന്നു: "ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെയും കണ്ടു. മഹാരാജാവ് ഇന്ത്യയിലേക്ക് ചേരാൻ തയ്യാറായി. കൂടാതെ സംസ്ഥാന ഭരണത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരാനും തയ്യാറായിരുന്നു. പണ്ഡിറ്റ്ജി സംസ്ഥാനത്തിന്റെ ആഭ്യന്തര ഭരണത്തിൽ ഉടനടിയുള്ള മാറ്റമാണ് ആഗ്രഹിച്ചത്".

അങ്ങനെ, നെഹ്‌റുവിന്റെ തന്നെ പ്രസ്താവനകളിൽ നിന്ന്, ഒന്നല്ല, ഒന്നിലധികം തവണ, കശ്മീരിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം വൈകിപ്പിച്ചതായി മനസിലാക്കാം. ഇതിന് ഒരേയൊരു കാരണം നെഹ്‌റുവിന്റെ സ്വന്തം അജണ്ഡകളാണെന്ന വസ്തുത അസന്ദിഗ്ധമായി തെളിയിക്കുന്നതാണ്.

യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്?

1946 മെയ് മാസത്തിലാണ് അബ്ദുള്ള 'ക്വിറ്റ് കശ്മീർ' എന്ന ആഹ്വാനവുമായി എത്തിയത്. 1946 മെയ് 20-ന് ഹരിസിംഗ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അന്ന് അബ്ദുള്ളയെ പിന്തുണക്കാൻ നെഹ്‌റു എത്തി. ഹരി സിംഗ് നെഹ്റുവിനെ അതിർത്തിയിൽ തടഞ്ഞുവെച്ചു. നെഹ്‌റുവിന്റെ ഒരു ഒരു അനുയായി അതേക്കുറിച്ച് പിന്നീട് എഴുതിയിട്ടുണ്ട്. ''ഒരു ദിവസം കാശ്മീർ മഹാരാജാവ് കാണിച്ച അപമര്യാദയ്ക്ക് പശ്ചാത്തപിക്കുകയും തന്നോട് മാപ്പ് പറയുകയും ചെയ്യുമെന്ന് നെഹ്റു അവരോട് പറഞ്ഞു'', എന്നാണ് അദ്ദേഹം എഴുതിയിരുന്നത്. ഈ സംഭവത്തിനു പ്രതികാരം ചെയ്യാൻ നെഹ്റു കാത്തിരുന്നു.

1947-ൽ നടന്ന പ്രധാന സംഭവ വികാസങ്ങൾ

1947 മെയ് മാസത്തിൽ, 'ക്വിറ്റ് കശ്മീർ' എന്ന പിടിവാശി ഉപേക്ഷിക്കാൻ അബ്ദുള്ളയോട് ആചാര്യ കൃപലാനി ഉപദേശിക്കുകയും ഹരി സിംഗ് ആഗ്രഹിച്ചതു പോലെ കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാനുള്ള നടപടികൾ എളുപ്പമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. ഇന്ത്യൻ യൂണിയനോട് ചേരാനാണ് ഹരി സിം​ഗിന്റെ ആ​ഗ്രഹമെന്ന് നെഹ്‌റുവിന് വ്യക്തമായി അറിയാമായിരുന്നു. മൗണ്ട് ബാറ്റണുള്ള തന്റെ കുറിപ്പിൽ നെഹ്‌റു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ ചേരണമെന്ന ആ​ഗ്രഹവുമായി ഹരി സിം​ഗ് 1947 ജൂലൈയിൽ കേന്ദ്ര സർക്കാരിനെ സമീപിച്ചു. എന്നാൽ നെഹ്‌റു അത് വിസമ്മതിച്ചു. മറ്റൊരു നാട്ടുരാജ്യങ്ങൾക്കും ഇന്ത്യൻ യൂണിയനിൽ ചേരാൻ ജനപിന്തുണ ഒരു മാനദണ്ഡം ആയിരുന്നില്ല. പക്ഷേ, കാശ്മീരിന്റെ കാര്യത്തിൽ അതുണ്ടായി.

പക്ഷേ ഹരി സിംഗ് വീണ്ടും ശ്രമിച്ചു. സംസാരിക്കാനായി പുതിയ ആളുകളെ അയച്ചു. ഇതിനിടെ, നെഹ്‌റു ഉന്നയിച്ച പല ആവശ്യങ്ങളും
ഹരി സിംഗ് അംഗീകരിച്ചു. കശ്മീരിന്റെ ഭരണതലപ്പത്ത് അബ്ദുള്ളയെ കൊണ്ടുവരിക എന്നതായിരുന്നു അപ്പോഴും നെഹ്റുവിന്റെ ആത്യന്തിക ആവശ്യം.

നെഹ്‌റു തന്റെ ആവശ്യത്തിൽ ഉറച്ചുനിന്നതോടെ, 1947 സെപ്റ്റംബർ 29-ന് ഹരി സിം​ഗ് അബ്ദുള്ളയെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും 1947 ഒക്ടോബർ 20-ന് ഇന്ത്യയിലേക്ക് ചേരാൻ നെഹ്‌റുവിനെ വീണ്ടും സമീപിക്കുകയും ചെയ്തു. കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തു കഴിഞ്ഞാൽ അബ്ദുള്ളക്ക് അധികാരം നൽകാം എന്നും പറഞ്ഞു. എന്നാൽ ഈ ആവശ്യത്തിന് ഇത്തവണയും നെഹ്‌റു സമ്മതം മൂളിയില്ല. ആദ്യം അബ്ദുള്ളക്ക് അധികാരം നൽകുക, അതിനു ശേഷം കശ്മീരിനെ ഇന്ത്യയോട് ചേർക്കാം എന്നാണ് നെഹ്റു പറഞ്ഞത്.

കശീമീർ പ്രവേശനത്തിനു ശേഷം നെഹ്‌റുവിന് ഹരിസിം​ഗിനോട് എന്തു വേണമെങ്കിലും ആവശ്യപ്പെടാമായിരുന്നു. മറ്റെല്ലാ നാട്ടുരാജ്യങ്ങളുടെ കാര്യത്തിലും അങ്ങനെയാണ് സംഭവിച്ചത്. യുക്തിപരമായും ദേശീയ താൽപര്യം സാമാന്യബുദ്ധിയും മുൻനിർത്തിയും ചിന്തിച്ചാൽ ആദ്യം രാജ്യത്തെ ഒരുമിപ്പിക്കണമെന്നും കാശ്മീരിനെ ഇന്ത്യയിലേക്ക് ലയിപ്പിച്ച് പാക്കിസ്ഥാന് കടന്നുവരാനുള്ള വാതിൽ എന്നെന്നേക്കുമായി അടച്ചിടണമെന്നുമാണ് എല്ലാവരും പറയുക. അബ്ദുള്ളയെ അത്രമാത്രം സ്നേഹിക്കുന്നുണ്ടെങ്കിൽ പിന്നീടു മാത്രം അദ്ദേഹത്തിന് അധികാരം നൽകാം. പക്ഷേ, വിശദീകരിക്കാനാകാത്ത ചില കാരണങ്ങളാൽ നെഹ്‌റു അബ്ദുള്ളക്ക് പ്രാഥമിക പരി​ഗണന നൽകി. ഇന്ത്യയെ അതിനു ശേഷം മാത്രം പരിഗണിച്ചു.

എന്നാൽ നടന്നത് മറ്റൊന്നാണ്. കശ്മീരിൽ അധിനിവേശം നടത്തി, പാക്കിസ്ഥാൻ ചില ഭാഗങ്ങൾ കൈവശപ്പെടുത്തി. കാശ്മീരിലെ തുടർന്ന് നടന്ന സംഭവങ്ങളെല്ലാം ഈ തെറ്റിന്റെ അനന്തരഫലങ്ങളാണ്. ഹരിസിങ്ങിന് പിന്നീട് കശ്മീർ വിടേണ്ടി വന്നു. അദ്ദേഹത്തിന്റെ ചിതാഭസ്മം മാത്രമാണ് പിന്നീട് തിരിച്ചെത്തിയത്.

പാകിസ്ഥാൻ അധിനിവേശം സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട്

പാകിസ്ഥാൻ അധിനിവേശത്തെക്കുറിച്ച് മുൻകൂർ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വന്നിരുന്നില്ല എന്നാണ് കരൺ സിംഗ് തന്റെ ലേഖനത്തിൽ എഴുതിയിരുന്നത്. ഹരിസിം​ഗിന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ നെഹ്‌റുവിന്റെ കാര്യത്തിൽ അങ്ങനെയല്ല. 1947 നവംബർ 25-ലെ പാർലമെന്റ് പ്രസംഗത്തിൽ, ഇക്കാര്യം തനിക്ക് മുൻകൂട്ടി അറിയാമായിരുന്നു എന്ന വസ്തുത നെഹ്‌റു അംഗീകരിച്ചിട്ടുണ്ട്. "സെപ്റ്റംബറിൽ, വടക്കുപടിഞ്ഞാറൻ അതിർത്തിയിലെ ലെ ഗോത്രവർഗ്ഗക്കാരെ പാക്കിസ്ഥാൻ കശ്മീർ അതിർത്തിയിലേക്ക് അയക്കുന്ന വാർത്ത ഞങ്ങളറിഞ്ഞു. അവർക്ക് ആയുധങ്ങളും യുദ്ധോപകരണങ്ങളും നൽകാൻ സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ ഞങ്ങളോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാൻ ഞങ്ങൾ സമ്മതിച്ചു'', എന്നാണ് നെഹ്റു പറഞ്ഞത്.

ഈ പ്രസംഗത്തിനും മുൻപ്, 1947 നവംബർ 2-ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ കശ്മീരിനെ കുറിച്ച് നെഹ്‌റു സംസാരിച്ചിരുന്നു. ''കാശ്മീർ ഭരണകൂടം അവർക്ക് ആയുധങ്ങൾ നൽകാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങൾ ഇക്കാര്യത്തിൽ അടിയന്തര നടപടികളൊന്നും എടുത്തില്ല. ബന്ധപ്പെട്ട് വകുപ്പുകൾ അതിന് അനുമതി നൽകിയെങ്കിലും യഥാർത്ഥത്തിൽ ആയുധങ്ങളൊന്നും അയച്ചില്ല'', എന്നാണ് നെഹ്റു പറഞ്ഞത്.

ഈ മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നെഹ്‌റുവിന്റെ നിസം​ഗത കൂടുതൽ വ്യക്തമാക്കുന്ന സംഭവം ആണിത്. തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു ഉപകരണമായി നെഹ്റു അധികാരം ഉപയോഗിച്ചു. നെഹ്‌റുവിന്റെ ഈ നിസം​ഗതക്ക് കശ്മീരും രാജ്യം മുഴുവനും ഇപ്പോഴും വലിയ വില കൊടുക്കുന്നു.

മറ്റ് ഇടപെടലുകൾ, തെളിവുകൾ

ഇന്ത്യയിൽ ചേരാനായി ഹരിസിം​ഗ് നടത്തിയ ശ്രമങ്ങളും നെഹ്‌റുവിന്റെയും ഇടപെടലുകളും സംബന്ധിച്ച് പല രേഖകളും ലേഖനങ്ങളുമൊക്കെ അടുത്ത കാലത്തായി പൊതുജനങ്ങൾക്കു മുന്നിൽ എത്തിയിട്ടുണ്ട്. അവ സമഗ്രമായി പഠിക്കുമ്പോൾ, ഇതേക്കുറിച്ചെല്ലാം ഒരു പുതിയ വീക്ഷണം നമുക്കു ലഭിക്കും. നെഹ്‌റുവിന്റെ രചനകളും പ്രസംഗങ്ങളും തന്നെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കുന്നവയാണ്.

നെഹ്‌റുവിന്റെ സ്വന്തം പ്രസംഗം തന്നെ പ്രാഥമിക തെളിവായി പറയുന്ന ഒരു ലേഖനത്തോട് കോൺഗ്രസ് പ്രതികരിച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്ന കോൺഗ്രസിന്റെ രീതി വ്യക്തമാക്കുന്നതാണ് ഈ സംഭവവും. നെഹ്‌റുവിന്റെ സ്വന്തം രചനകളും പ്രസംഗങ്ങളെയും മറ്റ് തെളിവുകളും അടിസ്ഥാനമാക്കിയുള്ള ഈ ലേഖനത്തോടുള്ള കോൺഗ്രസിന്റെ പ്രതികരണവും മറ്റൊരു രീതിയിൽ ആകാൻ സാധ്യതയില്ല. അക്കാര്യം എനിക്കുറപ്പാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി കോൺഗ്രസ് സ്വീകരിച്ചു പോരുന്ന രീതി ഇതു തന്നെയാണ്. നെഹ്റു കുടുംബത്തിന്റെ മഹത്വത്തെ വെല്ലുവിളിക്കുന്ന ഏതൊരു ചർച്ചയും തെറ്റാണെന്ന് പറയുന്നതാണ് ആ രീതി. അത് വീണ്ടും അങ്ങനെ തന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പഠനങ്ങൾ നടത്തി അവർ ഉത്തരം നൽകില്ല. അവർക്കതിന് ഉത്തരം ലഭിക്കില്ല.

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ, ഒരു രാഷ്ട്രമെന്ന നിലയിൽ നാമെല്ലാവരും ചേർന്ന് തടയേണ്ട സമയമാണിത്. ജമ്മു, കാശ്മീർ, ലഡാക്ക് പ്രദേശങ്ങളിലെ ജനങ്ങളോട് ചേർന്ന് സത്യസന്ധമായി നിലകൊള്ളണം. ഏറെ പ്രക്ഷുബ്ധമായ ആ സമയങ്ങളിൽ രാജ്യത്ത് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ സത്യാവസ്ഥ അറിയാൻ ഇവിടുത്തെ ജനങ്ങൾക്ക് അവകാശമുണ്ട്.
Published by:Naseeba TC
First published: