• HOME
  • »
  • NEWS
  • »
  • opinion
  • »
  • കശ്മീർ വിഷയത്തിൽ നെഹ്റുവിന് പറ്റിയ അഞ്ച് മണ്ടത്തരങ്ങളുടെ 75-ാം വാർഷികം: കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു

കശ്മീർ വിഷയത്തിൽ നെഹ്റുവിന് പറ്റിയ അഞ്ച് മണ്ടത്തരങ്ങളുടെ 75-ാം വാർഷികം: കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു

അങ്ങനെ ചെയ്താൽ കാശ്മീരിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. കശ്മീരിൽ പാകിസ്ഥാൻ അധിനിവേശം ഉണ്ടാകുമായിരുന്നില്ല. പാക് അധിനിവേശ ജമ്മു കശ്മീരിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ പരാമർശമുണ്ടാകുമായിരുന്നില്ല. പിന്നീടുള്ള വർഷങ്ങളിൽ ഭീകരത ശക്തി പ്രാപിക്കുമായിരുന്നില്ല. 1990-ൽ കാശ്മീരി ഹിന്ദുക്കളെ വേരോടെ പിഴുതെറിയുമായിരുന്നില്ല

  • Share this:
കിരൺ റിജിജു

ഒക്ടോബർ 27 എന്ന ദിവസത്തിന്റെ പ്രാധാന്യം രണ്ട് രീതിയിൽ നോക്കിക്കാണാം. ഇൻസ്ട്രുമെൻ്റ് ഓഫ് ആക്സഷനിലൂടെ ജമ്മു കശ്മീർ ഇന്ത്യൻ യൂണിയൻ്റെ ഭാഗമായതിൻ്റെ 75-ാം വാർഷികമാണിന്ന്. ചരിത്രപരമായി ഇത് ശരിയാണ്. എന്നാൽ, ഈ തീയതിയെ കൂടുതൽ കൃത്യവും സന്ദർഭാനുസൃതവുമായി മറ്റൊരു രീതിയിലും കാണാം. ഈ തീയതിക്ക് മുൻപും ശേഷവും നെഹ്റു കൈക്കൊണ്ട ഏറ്റവും വലിയ മണ്ടത്തരങ്ങളുടെ 75-ാം വാർഷികമായും ഒക്ടോബർ 27നെ കണക്കാക്കാം. നെഹ്റുവിന്റെ ഈ തീരുമാനങ്ങൾ അടുത്ത ഏഴ് പതിറ്റാണ്ടോളം ഇന്ത്യയെ വേട്ടയാടുകയും ചെയ്തു.

1947-ൽ ഇന്ത്യയെ വിഭജിച്ചപ്പോൾ, തത്വത്തിൽ വിഭജനം ബ്രിട്ടീഷ് ഇന്ത്യയ്ക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ. പുതിയതായി സൃഷ്ടിക്കപ്പെടാൻ പോകുന്ന ഇന്ത്യ, പാക്കിസ്ഥാൻ എന്നീ സ്വയംഭരണ പ്രദേശങ്ങളിൽ ഏതിൽ ചേരണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നാട്ടുരാജ്യങ്ങൾക്ക് ഉണ്ടായിരുന്നു. നാട്ടുരാജ്യങ്ങളിലെ ആളുകളുമായി ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള നിബന്ധനയൊന്നും ഉണ്ടായിരുന്നില്ല. ഏത് രാജ്യത്ത് ചേരണം എന്നത് സംബന്ധിച്ച എല്ലാ കാര്യങ്ങളും അതത് നാട്ടുരാജ്യങ്ങളിലെ ഭരണാധികാരിയും അവിടുത്തെ നേതാക്കന്മാരും തമ്മിൽ മാത്രമാണ് ചർച്ച ചെയ്യേണ്ടിയിരുന്നത്.

ഒരു പൗരാണിക രാഷ്ട്ര സങ്കൽപ്പത്തെ പ്രതിനിധീകരിക്കുന്ന അതായത് ഐക്യമുള്ളതും ഭൂമിശാസ്ത്രപരമായി തുടർച്ചയുള്ളതുമായ ഒരു രാഷ്ട്രത്തിന് ജന്മം കൊടുക്കുന്നതിന് അചഞ്ചലമായ മനഃശ്ശക്തിയും ദൃഢനിശ്ചയവും ദീർഘദൃഷ്ടിയും ആവശ്യമായിരുന്നു. അതിനാൽ, ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സർദാർ പട്ടേൽ ആയിരുന്നു ഈ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 560-ഓളം നാട്ടുരാജ്യങ്ങളാണ് അന്ന് ഉണ്ടായിരുന്നത്. ഇവയെല്ലാം 1947 ഓഗസ്റ്റ് 15-ന് മുൻപായി ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ടു. രണ്ട് നാട്ടുരാജ്യങ്ങളാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത് - ഹൈദരാബാദും ജുനഗഡും. എന്നാൽ, തൻ്റെ അനുനയവും തന്ത്രവും ആവശ്യമെങ്കിൽ ബലം പ്രയോഗിക്കാനുള്ള കഴിവുകളും മികച്ച രീതിയിൽ ഉപയോഗിച്ച പട്ടേൽ ഇവരെ കടത്തിവെട്ടി.

പ്രശ്നങ്ങൾ സൃഷ്ടിച്ച നാട്ടുരാജ്യങ്ങളുടെ കൂട്ടത്തിൽ കശ്മീരും ഉണ്ടായിരുന്നെന്നും സംസ്ഥാനത്തെ അന്നത്തെ ഭരണാധികാരിയായിരുന്ന മഹാരാജാ ഹരി സിംഗ് ഇന്ത്യയിൽ ചേരുന്നതിനുള്ള തീരുമാനം വൈകിപ്പിക്കുകയായിരുന്നെന്നും ഉള്ള കള്ളം ഏഴ് പതിറ്റാണ്ടായി പ്രചരിക്കുന്നുണ്ട്. എന്നാൽ, തൻ്റെ വ്യക്തിപരമായ അജണ്ടകൾ പൂർത്തീകരിക്കുന്നതിനായി, ഈ പ്രശ്നങ്ങൾ സൃഷ്ടിച്ചത് നെഹ്റു ആയിരുന്നെന്നും മഹാരാജ അല്ലായിരുന്നെന്നും ഇപ്പോൾ ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.

1952 ജൂലൈ 24-ന് ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ, നെഹ്റു തന്നെ ഈ വസ്തുതകൾ അംഗീകരിക്കുന്നുണ്ട്. ഇന്ത്യയിൽ ചേരാൻ ആഗ്രഹിച്ച മറ്റെല്ലാ നാട്ടുരാജ്യങ്ങളെയും പോലെ, മഹാരാജാ ഹരിസിംഗും 1947 ജൂലൈയിൽ തന്നെ ഇന്ത്യയിൽ ചേരുന്നതിനായി ഇന്ത്യൻ നേതൃത്വത്തെ സമീപിച്ചിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് ഒരു മാസം മുൻപായിരുന്നു ഇത്. നെഹ്റുവിൻ്റെ തന്നെ വാക്കുകളിൽ, ഇന്ത്യയിൽ ചേരുന്നത് സംബന്ധിച്ച് “ജൂലൈയിലോ ജൂലൈ പകുതിയിലോ അനൗദ്യോഗികമായി ഞങ്ങളുടെ മുൻപിൽ എത്തിയിരുന്നു.” “നാഷണൽ കോൺഫറൻസ് പോലെ, അവിടെയുള്ള പ്രമുഖ സംഘടനകളുമായും അവയുടെ നേതാക്കന്മാരുമായും ഞങ്ങൾക്ക് ബന്ധമുണ്ടായിരുന്നു ഞങ്ങൾക്ക് മഹാരാജാവിൻ്റെ ഗവൺമെൻ്റുമായും ബന്ധമുണ്ടായിരുന്നു,” എന്നും നെഹ്റു പറഞ്ഞിരുന്നു.

കശ്മീർ വിഷയത്തിൽ നെഹ്റുവിൻ്റെ ആദ്യ മണ്ടത്തരം

നെഹ്റു ചെയ്ത മണ്ടത്തരങ്ങളുടെ നിരയിലെ ആദ്യത്തേത് ആ പ്രസംഗത്തിൽ തന്നെ വെളിവാകുന്നുണ്ട്. “കശ്മീരിലേത് ഒരു പ്രത്യേക സാഹചര്യമാണെന്നും അവിടുത്തെ കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ ശ്രമിക്കുന്നത് ശരിയാകണമെന്നോ കൃത്യമാകണമെന്നോ ഇല്ല എന്നുമുള്ള ഉപദേശമാണ് രണ്ടു കൂട്ടർക്കും ഞങ്ങൾ നൽകിയത്,” എന്നും നെഹ്റു പറഞ്ഞിരുന്നു.

എന്നാൽ, എന്താണ് നെഹ്റുവിന് വേണ്ടിയിരുന്നത്? 1952-ലെ അതേ പ്രസംഗത്തിൽ, അദ്ദേഹം വീണ്ടും പറയുന്നു, “അന്ന് മഹാരാജാവിനും അദ്ദേഹത്തിൻ്റെ ഗവൺമെൻ്റിനും ഇന്ത്യയിൽ ചേരാൻ താൽപ്പര്യമുണ്ടായിരുന്നെങ്കിലും, ഞങ്ങൾ അതിൽ കൂടുതൽ ആഗ്രഹിച്ചിരുന്നു. ജനങ്ങളുടെ അംഗീകാരം ആയിരുന്നു അത്.”

ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് നിയമപ്രകാരം നാട്ടുരാജ്യങ്ങളിലെ ജനങ്ങളുടെ അംഗീകാരം തേടേണ്ട കാര്യമില്ലായിരുന്നു. ഇന്ത്യൻ യൂണിയനിൽ ചേരാൻ ഭരണാധികാരി ഒരുക്കമാണോ എന്നത് മാത്രമായിരുന്നു പ്രധാനം. മറ്റു നാട്ടുരാജ്യങ്ങൾ ചെയ്തത് ഇത് മാത്രമാണ്.

ചരിത്രാതീത കാലം മുതൽ ഇന്ത്യയുടെ സാംസ്കാരിക ബോധത്തിൻ്റെ പ്രഭവ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു കശ്മീർ. വിഭജനത്തിൻ്റെ സമയത്ത്, നിബന്ധനകളൊന്നും ഇല്ലാതെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ചേരാനായിരുന്നു കശ്മീരിലെ ഭരണാധികാരി ആഗ്രഹിച്ചിരുന്നത്. ഇതിനെ എതിർത്ത വ്യക്തി നെഹ്റുവാണ്. എന്തിനായിരുന്നു ഇത്? ‘കശ്മീരിലേത് പ്രത്യേക സാഹചര്യം’ ആയിരുന്നതിനാൽ ജനങ്ങളുടെ അംഗീകാരം വേണമെന്ന പ്രശസ്തമായ ഇല്ലാക്കഥ മെനഞ്ഞത് നെഹ്റുവാണ്. നെഹ്റുവിൻ്റെ മനസ്സിൽ കശ്മീരിന് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നതുകൊണ്ട്, ആ പ്രദേശത്തിന് ഇന്ത്യയിൽ ചേരാനുള്ള സ്വാഭാവികവും ചോദ്യം ചെയ്യാനാകാത്തതുമായ അവകാശമില്ലേ?

നെഹ്റുവിൻ്റെ മണ്ടത്തരങ്ങൾ 1947-ലെ അദ്ദേഹത്തിൻ്റെ വഞ്ചനയിൽ മാത്രം ഒതുങ്ങുന്നില്ല. വിഭജനത്തിന് ശേഷം ചോരപ്പുഴകളും അക്രമങ്ങളും അരങ്ങേറിയിട്ടും, കശ്മീർ ഇന്ത്യയിൽ ചേരുന്നതിനു മുൻപ് തൻ്റെ വ്യക്തിപരമായ അജണ്ട നടപ്പാകണം എന്ന കാര്യത്തിൽ നെഹ്റു കടുംപിടിത്തം തുടർന്നു.

കശ്മീരിൽ നെഹ്‌റു സൃഷ്ടിച്ച ഈ അരക്ഷിതാവസ്ഥയെ തുടർന്ന് പാക്കിസ്ഥാൻ കാശ്മീരിൽ നുഴഞ്ഞുകയറി. 1947 ഒക്ടോബർ 20ന് പാക് സൈന്യം കശ്മീർ ആക്രമിച്ചു. പക്ഷേ നെഹ്‍റു കാര്യമായൊന്നും ചെയ്തില്ല. കശ്മീരിൽ പാകിസ്ഥാൻ സൈന്യം അതിവേഗം മുന്നേറി. കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ മഹാരാജ ഹരി സിംഗ് വീണ്ടും നെഹ്‌റുവിനോട് അപേക്ഷിച്ചു. എന്നാൽ നെഹ്‌റു തന്റെ വ്യക്തിപരമായ അജണ്ട നിറവേറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഈ ഘട്ടത്തിൽ ഇന്ത്യൻ യൂണിയനോട് ചേർന്നു നിൽക്കുന്ന ഏതെങ്കിലും പ്രഖ്യാപനം നടത്തുന്നത് അഭികാമ്യമല്ലെന്നാണ് 1947 ഒക്ടോബർ 21ന്, പാകിസ്ഥാൻ അധിനിവേശം ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞ്, നെഹ്‌റു ജമ്മു കാശ്മീർ പ്രധാനമന്ത്രി എംസി മഹാജനയച്ച കത്തിൽ പറഞ്ഞത്.

എന്നാൽ പാക് അധിനിവേശത്തിനെതിരെ നെഹ്റു ചെറുവിരൽ പോലും അനക്കാതിരുന്നത് എന്തുകൊണ്ടാണ്? എംസി മഹാജന് എഴുതിയ കത്തിൽ നെഹ്‌റു തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. ''ഒരു താൽക്കാലിക ഗവൺമെന്റ് രൂപീകരിക്കുന്നത് പോലുള്ള ചില നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത ഞാൻ നിങ്ങളോട് നിർദേശിക്കുകയാണ്. കശ്മീരിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിയായ ഷെയ്ഖ് അബ്ദുള്ളയോട് സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെട്ടേക്കാം'', എന്നാണ് നെഹ്റു ആ കത്തിൽ പറഞ്ഞിരുന്നത്.

കാശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിനേക്കാൾ തന്റെ സുഹൃത്തായ ഷെയ്ഖ് അബ്ദുള്ളയെ അധികാരത്തിൽ പ്രതിഷ്ഠിക്കുന്നതിനായിരുന്നു നെഹ്‌റു മുൻ​ഗണന നൽകിയത്. 1947 ജൂലൈയിൽ മഹാരാജ ഹരി സിംഗ് ഇന്ത്യയിൽ ചേരാൻ നെഹ്‌റുവിനെ സമീപിച്ചപ്പോഴും നെഹ്‌റു ഉന്നയിച്ചത് അതേ ആവശ്യം തന്നെയാണ്. നെഹ്‌റു തന്റെ വ്യക്തിപരമായ അജണ്ട ഉപേക്ഷിച്ച് രാജ്യതാത്പര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്നെങ്കിൽ ആ കരാർ അന്നുതന്നെ നടപ്പിൽ വരുമായിരുന്നു. ആ അധ്യായം എന്നെന്നേക്കുമായി അവസാനിപ്പിക്കാമായിരുന്നു.

നെഹ്‌റു ഇടപെടാത്തതിനാൽ, ഗിൽജിത്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ് എന്നീ പ്രദേശങ്ങളെല്ലാം കീഴടക്കി പാക് സൈന്യം മുന്നേറ്റം തുടർന്നു. അവർ പല പ്രദേശങ്ങളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. എന്നാൽ നെഹ്‌റു അപ്പോഴും നിശബ്ദനായിരുന്നു.

1947 ഒക്‌ടോബർ 26-ന് പാകിസ്ഥാൻ സൈന്യം ശ്രീനഗറിലെത്തി. നെഹ്‌റു അപ്പോഴും തന്റെ വ്യക്തിപരമായ അജണ്ടയുമായി മുന്നോട്ടു പോകുകയായിരുന്നു. ഒടുവിൽ, 1947 ഒക്ടോബർ 27-ന് ഇന്ത്യയിൽ ചേരാനുള്ള മഹാരാജ ഹരി സിംഗിന്റെ അപേക്ഷ നെഹ്റു അംഗീകരിച്ചു. അതിനു ശേഷം ഇന്ത്യൻ സൈന്യം കശ്മീരിൽ പാക് സൈന്യത്തോട് ഏറ്റുമുട്ടാനിറങ്ങി. എന്നാൽ ഈ വിഷയം 1947 ജൂലൈയിൽ തന്നെ അവസാനിപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്താൽ കാശ്മീരിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. കശ്മീരിൽ പാകിസ്ഥാൻ അധിനിവേശം ഉണ്ടാകുമായിരുന്നില്ല. പാക് അധിനിവേശ ജമ്മു കശ്മീരിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ പരാമർശമുണ്ടാകുമായിരുന്നില്ല. പിന്നീടുള്ള വർഷങ്ങളിൽ ഭീകരത ശക്തി പ്രാപിക്കുമായിരുന്നില്ല. 1990-ൽ കാശ്മീരി ഹിന്ദുക്കളെ വേരോടെ പിഴുതെറിയുമായിരുന്നില്ല.

എന്നാൽ 1947 ഒക്‌ടോബർ കൊണ്ടും നെഹ്‌റുവിന്റെ തെറ്റുകൾ അവസാനിച്ചില്ല.

കശ്മീർ വിഷയത്തിൽ നെഹ്റുവിൻ്റെ രണ്ടാമത്തെ മണ്ടത്തരം

കശ്മീരിനെ ഇന്ത്യയോട് ചേർത്തത് താത്കാലികമാണെന്ന പ്രഖ്യാപനമായിരുന്നു കശ്മീരിൽ നെഹ്റു ചെയ്ത രണ്ടാമത്തെ മണ്ടത്തരം. കശ്മീർ ഒഴികെയുള്ള മറ്റെല്ലാ നാട്ടുരാജ്യങ്ങളും എന്നെന്നേക്കുമായി ഇന്ത്യൻ യൂണിയനിൽ ലയിച്ചിരുന്നു. എന്നാൽ കശ്മീരിനു മാത്രം മറ്റൊരു നിയമം ആയിരുന്നു. കാരണം, ആ പ്രവേശനം പ്രഖ്യാപിച്ചത് മഹാരാജാവല്ല, നെഹ്‌റു തന്നെയാണ്. ഇത്തരം കാര്യങ്ങൾ ജനങ്ങളുടെ ആ​ഗ്രഹമനുസരിച്ച് തീരുമാനിക്കണമെന്ന പ്രഖ്യാപിത നയത്തിന് വിധേയമായി ഇന്ത്യാ ഗവൺമെന്റ് ഈ പ്രവേശനം താൽക്കാലികമായി അംഗീകരിക്കും എന്നാണ് ഒക്‌ടോബർ 26-ന്, നെഹ്‌റു എംസി മഹാരാജന് അയച്ച മറ്റൊരു കത്തിൽ എഴുതിയത്.

നെഹ്‌റുവിന്റെ ഈ പ്രഖ്യാപനത്തോടെയാണ് പല പ്രശ്നങ്ങളും ആരംഭിച്ചത്. കശ്മീർ വ്യത്യസ്തമാണെന്നും ഇന്ത്യയുമായുള്ള അതിന്റെ ബന്ധം വീണ്ടും ചർച്ച ചെയ്യാവുന്ന വിഷയമാണെന്നും വരുത്തിത്തീർത്തത് നെഹ്റുവാണ്. സ്ഥിരമായ കൂട്ടിച്ചേർക്കലല്ലാതെ മറ്റേതെങ്കിലും സാധ്യതയുണ്ടെന്നോ എന്ന തരത്തിലുള്ള ചർച്ചകൾ പോലും അതോടൊപ്പം ആരംഭിച്ചു. 1947 ഒക്ടോബർ 27 ന്, കശ്മീർ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ നെഹ്‌റുവിന് മറ്റൊരു അവസരം ലഭിച്ചിരുന്നു. എന്നാൽ നെഹ്‌റു കശ്മീരിൽ ചെയ്ത മണ്ടത്തരങ്ങൾ ഏഴു പതിറ്റാണ്ടുകൾ നീണ്ട സംശയങ്ങൾക്കും വിഘടനവാദ ചിന്തകൾക്കും രക്തച്ചൊരിച്ചിലിനുമാണ് വിത്തുപാകിയത്.

കശ്മീർ വിഷയത്തിൽ നെഹ്റുവിൻ്റെ മൂന്നാമത്തെ മണ്ടത്തരം

1948 ജനുവരി 1ന്, തർക്കത്തിലുള്ള പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 35 ചൂണ്ടിക്കാണിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയെ സമീപിക്കാനുള്ള തീരുമാനമാണ് നെഹ്റുവിൻ്റെ മൂന്നാമത്തെ മണ്ടത്തരം. ഇതിന് പകരം, പാക്കിസ്ഥാൻ ഇന്ത്യൻ പ്രദേശങ്ങൾ നിയമവിരുദ്ധമായി കൈയ്യടക്കിയിരിക്കുകയാണ് എന്ന് എടുത്തു കാണിക്കാൻ കഴിയുന്ന, ആർട്ടിക്കിൾ 15 പ്രകാരം ഐക്യരാഷ്ട്ര സഭയെ സമീപിക്കണമായിരുന്നു. മഹാരാജ ഇന്ത്യയുമായി ഒരു ഇൻസ്ട്രുമെൻ്റ് ഓഫ് ആക്സഷൻ മാത്രമാണ് ഒപ്പിട്ടത്. എന്നിട്ടും, ഇന്ത്യയും പാക്കിസ്ഥാനും സംബന്ധിച്ച് തർക്കമുള്ള പ്രദേശമാണ് പാക്കിസ്ഥാൻ എന്ന് സ്വയം സമ്മതിച്ചുകൊണ്ട് പാക്കിസ്ഥാന് വ്യവഹാരത്തിനുള്ള അവസരം നൽകിയത് നെഹ്റുവാണ്. അന്ന് മുതൽ, യുഎൻ പ്രമേയങ്ങൾ ഇന്ത്യയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

കാശ്മീർ വിഷയത്തിൽ നെഹ്റുവിൻെറ നാലാമത്തെ മണ്ടത്തരം

കാശ്മീരിൽ യുഎന്നിൻെറ നേതൃത്വത്തിൽ നടത്തിയ നിർബന്ധിത ഹിതപരിശോധന ഇന്ത്യ തടയുന്നു എന്ന മിഥ്യാധാരണ പരത്താൻ അനുവദിച്ചതാണ് കാശ്മീരിലെ നാലാമത്തെ നെഹ്‌റൂവിയൻ മണ്ടത്തരം. 1948 ആഗസ്റ്റ് 13-ലെ യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഫോർ ഇന്ത്യ ആന്റ് പാക്കിസ്ഥാൻ (UNCIP) പ്രമേയത്തിൽ മൂന്ന് വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്. ആദ്യം വെടിനിർത്തൽ. രണ്ടാമതായി, പാകിസ്ഥാൻ സൈന്യത്തെ പിൻവലിക്കൽ, മൂന്നാമതായി ഹിതപരിശോധന എന്നതായിരുന്നു ക്രമം. 1949 ജനുവരി 1ന് വെടിനിർത്തൽ നിലവിൽ വന്നു. എന്നാൽ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ പാകിസ്ഥാൻ തയ്യാറായില്ല. മൂന്ന് വ്യവസ്ഥകളും ഒരുപോലെ പാലിക്കപ്പെടണമെന്നായിരുന്നു തീരുമാനം. വ്യവസ്ഥയിലെ ഭാഗം I, ഭാഗം II എന്നിവ പൂ‍ർത്തിയാക്കാൻ സാധിക്കാതിരുന്നതിനാൽ മൂന്നാമത്തേത് ചെയ്യേണ്ടതില്ലെന്നാണ് പിന്നീട് തീരുമാനിച്ചത്. 1949 ജനുവരി 5ൽ കൊണ്ടുവന്ന മറ്റൊരു പ്രമേയത്തിൽ ഇത് കൂടുതൽ സ്ഥിരീകരിച്ചു. സൈന്യത്തെ പിൻവലിക്കാൻ പാകിസ്ഥാൻ തയ്യാറല്ലാത്തതിനാൽ അവരുമായി ഇനി പുതിയ ചർച്ചകൾ നടത്തുന്നതിൽ കാര്യമില്ലെന്ന് UNCIP പിന്നീട് തീരുമാനിച്ചു. ജനഹിത പരിശോധനയുടെ വാൾ ഇപ്പോഴും ഇന്ത്യയുടെ കഴുത്തിന് മുകളിൽ തൂങ്ങി നിൽക്കുകയാണ്. ഈ വാതിലുകൾ തുറന്ന് കൊടുത്തതിന് നെഹ്റു തന്നെയാണ് ഉത്തരവാദി.

കശ്മീർ വിഷയത്തിൽ നെഹ്റുവിൻെറ അഞ്ചാമത്തെ മണ്ടത്തരം

ആർട്ടിക്കിൾ 370 കൊണ്ട് വരികയും നടപ്പിലാക്കുകയും ചെയ്തു എന്നതാണ് നെഹ്റുവിൻെറ അഞ്ചാമത്തെ മണ്ടത്തരം. ഭരണഘടനയുടെ ഇടക്കാല കരട് രേഖയിലെ ആർട്ടിക്കിൾ 306 എ എന്നാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റെല്ലാ നാട്ടുരാജ്യങ്ങളെയും പോലെ ഇന്ത്യൻ യൂണിയനിൽ ചേരാൻ തീരുമാനിച്ചതിനാൽ ഇത്തരമൊരു ആ‍ർട്ടിക്കിളിന്റെ ആവശ്യം തന്നെ ഉണ്ടായിരുന്നില്ല. നെഹ്റുവിൻെറ മനസ്സിൽ മാത്രമാണ് ഇങ്ങനെ ഒരു ആശയമുണ്ടായത്. യുണൈറ്റഡ് പ്രവിശ്യകളിൽ നിന്നുള്ള മുസ്ലീം പ്രതിനിധിയായ മൗലാന ഹസ്രത്ത് മൊഹാനി ഭരണഘടനാ അസംബ്ലി ചർച്ചകളിൽ ഇത് വിവേചനമാണെന്ന് പറഞ്ഞിരുന്നു. “ഈ ഭരണാധികാരിയോട് എന്തിനാണ് വിവേചനം കാണിക്കുന്നത് എന്നതായിരുന്നു” അദ്ദേഹത്തിൻെറ ചോദ്യം. ഷെയ്ഖ് അബ്ദുല്ലയുമായി ഇടപെടുകയും ആ‍ർട്ടിക്കിൾ 370 നടപ്പിലാക്കിയതിൽ പ്രധാനിയും ആയ നെഹ്റുവിന്റെ വലംകയ്യായിരുന്ന എൻ ഗോപാലസ്വാമി അയ്യങ്കാ‍ർക്ക് ഈ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. നെഹ്റുവിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ആർട്ടിക്കിൾ 370 നിലവിൽ വന്നതോടെയാണ് വിഘടനവാദികൾ ഇന്ത്യയുടെ കഴുത്തിൽ കുരുക്കിടുന്ന പോലെ ഭീഷണി മുഴക്കാൻ തുടങ്ങിയത്.
ഏഴ് പതിറ്റാണ്ടുകൾ പിന്നീട് കടന്ന് പോയി. ദേശീയ താൽപ്പര്യത്തിന് മുകളിൽ കുടുംബം, സൗഹൃദം, വ്യക്തിപരമായ അജണ്ടകൾ എന്നിവയ്ക്ക് നെഹ്റു കൂടുതൽ പ്രാധാന്യം നൽകിയപ്പോൾ അതിന് രാജ്യം വലിയ വിലയാണ് നൽകേണ്ടി വന്നത്. ഇന്ത്യയെ ആക്രമിക്കാൻ ലോകത്തിന് ഒരു പഴുത് ലഭിച്ചു. തങ്ങളുടെ അധിനിവേശ പ്രദേശത്തിന്റെ ഒരു ഭാഗം പാകിസ്ഥാൻ ചൈനക്ക് കൈമാറി. 1980കളിലാണ് ഈ മേഖലയിൽ ജിഹാദി ഭീകരത ആരംഭിച്ചത്.

കശ്മീരി ഹിന്ദുക്കളെ അവരുടെ ജൻമനാട്ടിൽ നിന്ന് പുറത്താക്കി. സ്വന്തം രാജ്യത്ത് അവരെ അഭയാർത്ഥികളാക്കി മാറ്റി. ആയിരക്കണക്കിന് ഇന്ത്യൻ പൗരൻമാ‍ർക്ക് തീവ്രവാദം കാരണം ജീവൻ നഷ്ടമായി. നിരവധി സൈനിക‍ർക്ക് സ്വന്തം ജീവൻ ബലി നൽകേണ്ടി വന്നു. ഇതെല്ലാം മറ്റൊരു തരത്തിൽ ആക്കാമായിരുന്നു. ഒരാൾക്ക് പറ്റിയ അബദ്ധം കാരണം ഏഴ് പതിറ്റാണ്ട് കാലം നിരവധി തലമുറകൾ അനുഭവിക്കേണ്ടി വന്നു.

2019 ആഗസ്ത് 5ന് ചരിത്രം മറ്റൊരു വഴിത്തിരിവിനെ അഭിമുഖീകരിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യത്തെ ജനതയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. 1947 മുതൽ ഇന്ത്യയെ അലട്ടിക്കൊണ്ടിരുന്ന തെറ്റുകളുടെ പരമ്പര പ്രധാനമന്ത്രി മോദി അവസാനിപ്പിച്ചു. പ്രത്യേക കേന്ദ്രഭരണ പ്രദേശം പ്രഖ്യാപിച്ച് ലഡാക്കിലെ ജനതയ്ക്ക് നീതി നൽകി. ഏറെക്കാലമായി അനുഭവിച്ച ദുരിതങ്ങൾക്ക് ഇതോടെ അറുതിയായിരിക്കുകയാണ്.
Published by:Rajesh V
First published: