മായാവതിയുടെ ദളിത് - ന്യൂനപക്ഷ കാര്‍ഡ് യോഗിയെ തൂത്തെറിയുമോ ?
Last Updated:
ടിജെ ശ്രീലാല്‍
1993ല്‍ രാമക്ഷേത്ര അജണ്ടയുമായി എത്തിയ ബിജെപിയെ പരാജയപ്പെടുത്താനാണ് കാന്‍ഷിറാം എസ്പി - ബിഎസ്പി സഖ്യമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. അതായത്, ഒബിസി - മുസ്ലിം - ദളിത് സഖ്യം. അന്ന് കാന്‍ഷിറാം സ്വീകരിച്ച തന്ത്രമാണ് മായാവതി ഇത്തവണ കൈക്കൊണ്ടത്. ഇതാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പരാജയത്തിന് കാരണമായത്. അന്ന് പരീക്ഷിച്ച ഒബിസി, ദളിത്, മുസ്ലിം സഖ്യം ഇത്തവണയും വിജയം കണ്ടു. അതേസമയം, എസ്പി - ബിഎസ്പി സഖ്യത്തിന് ശേഷം സ്വന്തം സ്ഥാനാര്‍ഥിയുമായി മത്സരത്തില്‍ ഉറച്ചുനിന്ന കോണ്‍ഗ്രസ് നാണം കെട്ടു. ബിഹാറില്‍ ലാലുവിന്റെ അഭാവത്തില്‍ ആര്‍ജെഡിയെ വിജയത്തിലേക്ക് നയിച്ച തേജസ്വി യാദവ് പുതിയ നേതാവായി ഉദയം ചെയ്യുകയും ചെയ്തു.
advertisement
ഒരു വര്‍ഷത്തെ ഭരണത്തിനേറ്റ തിരിച്ചടി മാത്രമല്ല ഇത്. അഞ്ചുതവണ പ്രതിനിധീകരിച്ച ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ പരാജയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വ്യക്തിപരമായ തിരിച്ചടി കൂടിയാണ്. ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് മാത്രമല്ല, കോണ്‍ഗ്രസിന് കൂടിയാണ് തിരിച്ചടിയായത്. ഉപതെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി മത്സരിക്കാറില്ലെന്ന കീഴ്വഴക്കം മുതലെടുത്ത്, ബിഎസ്പി(ബിജെപിക്കും എസ്പിക്കും വോട്ട് ചെയ്യാത്ത) യുടെ വോട്ട് നേടി നില മെച്ചപ്പെടുത്താനായിരുന്നു കോണ്‍ഗ്രസ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഫലം പരാജയമായിരുന്നു.
ഇനി 2019ല്‍ ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കണമെങ്കില്‍ കോണ്‍ഗ്രസിന് സമാജ് വാദി പാര്‍ട്ടിയുടെയോ ബിഎസ്പിയുടെയോ മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ടി വരും. ഇരുപാര്‍ട്ടികളുടെയും ഉറച്ച പ്രവര്‍ത്തകര്‍ എസ്പി - ബിഎസ്പി സഖ്യം അംഗീകരിക്കുമോ എന്നതായിരുന്നു ഈ ഉപതെരഞ്ഞെടുപ്പിനു മുമ്പുള്ള ചോദ്യം. ഇനിയുള്ള ചോദ്യം, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം ആവര്‍ത്തിക്കുമോയെന്നതും ആ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനമെന്താകും എന്നതുമാണ്. കൂടാതെ, മോദിക്ക് ശേഷം യോഗിയെന്ന മുദ്രാവാക്യത്തിന് തിരിച്ചടി ഏറ്റതോടെ രാമക്ഷേത്രമെന്ന തുറുപ്പുചീട്ട് ബിജെപി വീണ്ടും പുറത്തെടുക്കുമോ എന്നതും കണ്ടറിയാം.
advertisement
ഉത്തര്‍പ്രദേശിലെ അഖിലേഷ് - മായാവതി സഖ്യം ഗോരഖ്പൂരിലും ഫൂല്‍പൂരിലുമായി അവസാനിക്കില്ല. സഖ്യം വോര്‍ട്ടര്‍മാര്‍ അംഗീകരിച്ചതിനുള്ള തെളിവായിട്ടാണ് ഗോരഖ്പൂരിലും ഫുല്‍പുരിലും നേടിയ തിളക്കമാര്‍ന്ന വിജയം അഖിലേഷ് യാദവും മായാവതിയും ഉയര്‍ത്തി കാണിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഖൈരാനയില്‍ കൂടി സഖ്യം തുടരാമെന്ന് കൂടികാഴ്ചയില്‍ അഖിലേഷും മായാവതിയും തീരുമാനിച്ചു. ഇതിനിടെ ദേശീയതലത്തില്‍ ബിജെപി വിരുദ്ധസഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി ചര്‍ച്ച നടത്തി.
യോഗി ആദിത്യനാഥിന് ഏറ്റതിനേക്കാള്‍ വലിയ തിരിച്ചടിയാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേറ്റത്. സിറ്റിംഗ് സീറ്റുകളാണ് ആര്‍ജെഡി തിരിച്ചു പിടിച്ചത്. എങ്കിലും, ആരാരിയ ലോക്സഭാ മണ്ഡലം കഴിഞ്ഞതവണ ആര്‍ജെഡി നേടിയത് നിതീഷ്‌കുമാറിന്‍റെ ജെഡിയുവുമായി സഖ്യത്തില്‍ ഉണ്ടായിരുന്നപ്പോഴാണ്. അതേ നിതീഷും കേന്ദ്രം ഭരിക്കുന്ന ബിജെപിയും ചേര്‍ന്നിട്ടും ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. ലാലുവിന്‍റെ അഭാവത്തില്‍ ആര്‍ജെഡിയെ നയിച്ച തേജസ്വി യാദവ് നിതീഷിന് വെല്ലുവിളി ഉയര്‍ത്തുന്ന നേതാവായി ഈ ഉപതെരഞ്ഞെടുപ്പിലൂടെ വളരുകയും ചെയ്തു.
advertisement
തടസങ്ങള്‍ ഏറെയുണ്ടെങ്കിലും ഖൈരാന ഉപതെരഞ്ഞെടുപ്പിന് അപ്പുറത്തേക്കും എസ്പി - ബിഎസ്പി സഖ്യം നീളുമെന്നാണ് ഉപതെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നാലെ അഖിലേഷ് യാദവ് മായാവതിയുമായി കൂടികാഴ്ച നടത്തിയത് വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് ഈ കൂട്ടുകെട്ടിന്റെ ഭാഗമാകണമെങ്കില്‍ ഇരുപാര്‍ട്ടികളുമായും വിട്ടുവീഴ്ച ചെയ്യേണ്ടി വരും. ഇത് മുന്നില്‍ കണ്ട് ദേശീയതലത്തില്‍ പ്രതിപക്ഷസഖ്യത്തിന് മുന്‍കൈയെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. 28ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യമാണോ മൂന്നാം മുന്നണിയാണോ 2019ല്‍ ബിജെപിയെ നേരിടുകയെന്നത് ഈ ചര്‍ച്ചകള്‍ക്ക് ശേഷമേ വ്യക്തമാകൂ. ടി ആര്‍ എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു, ഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയ പാര്‍ട്ടികളുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.
Location :
First Published :
March 15, 2018 5:33 PM IST