• HOME
  • »
  • NEWS
  • »
  • opinion
  • »
  • Opinion | ഇന്ത്യയിലെ മുസ്ലീങ്ങൾ ഇന്തോനേഷ്യയിലെ ഇസ്ലാമിക സമൂഹത്തിൽ നിന്നും പഠിക്കേണ്ടത്?

Opinion | ഇന്ത്യയിലെ മുസ്ലീങ്ങൾ ഇന്തോനേഷ്യയിലെ ഇസ്ലാമിക സമൂഹത്തിൽ നിന്നും പഠിക്കേണ്ടത്?

ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായാണ് ഇന്തോനേഷ്യ അറിയപ്പെടുന്നതെങ്കിലും ഇന്തോനേഷ്യൻ സമൂഹത്തിൽ ഹിന്ദുമതത്തിന്റെ സ്വാധീനം വളരെ വലുതാണ്

  • Share this:
സെബ സോറിയ

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങൾ പഴക്കമുണ്ട്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമായി തുടർന്നു പോരുന്നതു കൊണ്ടു തന്നെ ആഭ്യന്തര ചർച്ചകളിലൊന്നും ഇന്തോനേഷ്യയുടെ പേര് അധികം ഉയർന്നു കേൾക്കാറില്ല. ഒരു മുസ്ലീം രാജ്യമായ ഇന്തോനേഷ്യ അതിന്റെ ഹൈന്ദവ പാരമ്പര്യത്തെ ഇന്നും ബഹുമാനിക്കുന്ന രാജ്യമാണ്. ഇന്ത്യയിലെ മുസ്ലീം സമൂഹത്തിന് അവരിൽ നിന്ന് ഏറെ പഠിക്കാനുണ്ട്.

സമീപകാലത്ത് ചില വിമത മുന്നേറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്തോനേഷ്യൻ സമൂഹത്തിന്റെ വളർച്ചക്കും രാജ്യസുരക്ഷക്കും വിഘാതമാകുന്ന നീക്കങ്ങളെ തടയാൻ ഇന്തോനേഷ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്തോനേഷ്യയിലെ ഹൈന്ദവ പാരമ്പര്യത്തിന് രണ്ടു സഹസ്രാബ്ദത്തിലേറെ പഴക്കമുണ്ട്. ഇന്തോനേഷ്യൻ ദ്വീപുകളിൽ ജാവനീസ്, ബാലിനീസ് മതങ്ങൾക്കൊപ്പം ഹിന്ദുമതവും പ്രചാരത്തിലുണ്ടായിരുന്നു. ശ്രീവിജയ, മജാപഹിത് സാമ്രാജ്യങ്ങളുടെ തകർച്ചക്കും മുസ്ലീം സമൂഹത്തിന്റെ വരവിനും പിന്നാലെ ഹിന്ദുമതം ബാലി ദ്വീപ് പോലുള്ള കുറച്ചു പ്രദേശങ്ങളിലേക്കു മാത്രമായി ചുരുങ്ങി. ഇന്തോനേഷ്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഹിന്ദു ജനസംഖ്യയുള്ളത് ബാലി ദ്വീപിലാണ്.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായാണ് ഇന്തോനേഷ്യ അറിയപ്പെടുന്നതെങ്കിലും ഇന്തോനേഷ്യൻ സമൂഹത്തിൽ ഹിന്ദുമതത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഹിന്ദു ദൈവങ്ങൾ ഇപ്പോഴും ഇന്തോനേഷ്യയിൽ വളരെയധികം ബഹുമാനിക്കപ്പെടുന്നുണ്ട്. രാമായണത്തിനും മഹാഭാരതത്തിനും ഇന്തോനേഷ്യക്കാരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഇന്തോനേഷ്യക്കാർ അവ വിശുദ്ധ ഗ്രന്ഥങ്ങളായാണ് കണക്കുന്നത്. സെൻട്രൽ ജക്കാർത്തയിലുള്ള അർജുന്റെ വിജയ രഥ പ്രതിമയും ജലധാരയും കണ്ടാൽ ഇക്കാര്യം വ്യക്തമാകും. ശ്രീകൃഷ്ണൻ നയിക്കുന്ന രഥത്തിൽ അമ്പും വില്ലും പിടിച്ചു നിൽക്കുന്ന അർജ്ജുനനെ ആണ് ഈ പ്രതിമയിൽ കാണുന്നത്.

ഇനി രാമായണത്തിന്റെ കാര്യത്തിലേക്കു വരാം. ഇന്തോനേഷ്യയിൽ ഇന്നും ഏറ്റവും പ്രചാരത്തിലുള്ള പേരുകളിൽ ഒന്നാണ് സീത. സത്​ഗുണസമ്പന്നയായ സ്ത്രീ, ദേവി എന്നൊക്കെയാണ് ഈ പേരിന്റെ അർത്ഥം. രാജ്യത്തെ ചില സമൂഹങ്ങൾ ശിവലിം​ഗം സ്ഥാപിച്ച് ശിവനെ ആരാധിച്ചിരുന്നു എന്നതിന്, ഇന്തോനേഷ്യയിലെ ചില പ്രദേശങ്ങളിൽ നടത്തിയ പുരാവസ്തു ​ഗവേഷണങ്ങളിൽ നിന്നും തെളിവുകൾ ലഭിച്ചിട്ടുണ്ട്. . ശിവലിം​ഗം, പാർവതീ ദേവിയുടെ വി​ഗ്രഹം, കാർത്തികേയ വിഗ്രഹം, ​ഗണേശ വി​ഗ്രഹം തുടങ്ങിയവയെല്ലാം ഖനനം ചെയ്തപ്പോൾ ലഭിച്ചിട്ടുണ്ട്. ഇന്നും, ഹിന്ദു ഭൂരിപക്ഷമായ ബാലിയിൽ പോയാൽ ഇന്തോനേഷ്യയിലെ ഹൈന്ദവ ജീവിതരീതികൾ കാണാം. ഇവിടുത്തെ പ്രധാന ക്ഷേത്രമായ പ്രംബനൻ ക്ഷേത്രം സന്ദർശിക്കാനും നിരവധി പേർ എത്താറുണ്ട്.

ഇന്തോനേഷ്യയിലെ ഹൈന്ദവ സ്വാധീനം ഇവിടം കൊണ്ടും തീരുന്നില്ല. ഇന്തോനേഷ്യയുടെ ദേശീയ വിമാനവാഹിനിക്കപ്പലിന് ഗരുഡ ഇന്തോനേഷ്യ എന്നാണ് പേരിട്ടത്. ഒരു പുരാണ പക്ഷിയാണ് ​ഗരുഡ. നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങൾ അവതരിപ്പിക്കാനുള്ള അരവിന്ദ് കെജ്‌രിവാളിന്റെ നിർദ്ദേശത്തെക്കുറിച്ച് ഇന്ത്യയിൽ ഇപ്പോഴും ചർച്ചകൾ കൊഴുക്കുമ്പോഴും, ഇന്തോനേഷ്യയിലെ 20,000 റുപ്പിയ (20,000 Rupiah) നോട്ടുകളിൽ ​ഗണപതിയുടെ ചിത്രമുണ്ടെന്നോർക്കണം.

സംസ്കൃത ഭാഷയോടും ഇന്തോനേഷ്യക്കാർക്ക് വലിയ ബഹുമാനമാണ്. ഇന്തോനേഷ്യൻ ഭാഷയിലെ 'ബഹാസ' എന്ന വാക്ക് 'ഭാഷ' എന്ന സംസ്കൃത വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലും മറ്റും ചില സംസ്കൃത വാചകങ്ങൾ എഴുതിയിരിക്കുന്നതു കാണാം. അതിന് ഉദാ​ഹരണങ്ങളാണ് ചുവടെ.

i) ഇന്തോനേഷ്യ നാഷണൽ പോലീസ്: രാഷ്ട്ര സേവകോട്ടമ (രാഷ്ട്രത്തെ സേവിക്കുക)

ii) ഇന്തോനേഷ്യൻ ദേശീയ സായുധ സേന: ത്രിധർമ്മ ഏക കർമ്മ (മൂന്ന് സേവനങ്ങൾ, ഒരേയൊരു ലക്ഷ്യം)

iii) ഇന്തോനേഷ്യൻ സൈന്യം: കാർത്തിക ഏക പക്‌സി (കൃത്യമായ ലക്ഷ്യങ്ങളുള്ളവർ)

iv) ഇന്തോനേഷ്യൻ നേവി: ജലെസ്വേവ ജയമാഹെ (കടലിലെ വിജയി)

v) ഇന്തോനേഷ്യൻ വ്യോമസേന: സ്വാ ഭുവന പക്ഷ (മാതൃഭൂമിയുടെ ചിറകുകൾ)

പല ഇന്തോനേഷ്യക്കാരും, അവരുടെ മതം പോലും നോക്കാതെ വിഷ്ണു, സൂര്യ, ഇന്ദ്രൻ, ആര്യ, പുത്ര, ആദിത്യ, സീത തുടങ്ങിയ ഹിന്ദു പേരുകൾ മക്കൾക്ക് നൽകാറുണ്ട്. ഇത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. പ്രത്യേകിച്ചും, ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യത്താണ് ഇത് സംഭവിക്കുന്നത് എന്നോർക്കുമ്പോൾ. മതതീവ്രവാദത്തെയോ അക്രമത്തെയോ രാജ്യം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഒരു കാലത്ത് ഹൈന്ദവികതയുടെയും സനാതന ധർമങ്ങളുടെയും ഈറ്റില്ലങ്ങളായിരുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ ഇന്ന് അതിൽ നിന്നെല്ലാം ഏറെ പിന്നോട്ടു പോയെന്നോർക്കണം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലീം സമുദായം ഇന്ത്യയുടെ പുരാതന സംസ്കാരവും പാരമ്പര്യവും പലപ്പോഴും മറന്നു പോകുന്നു. 'സൂര്യൻ' എന്നർഥമുള്ള 'അഫ്താബ്' എന്ന പേര് സ്വീകരിക്കാമെങ്കിൽ അതേ അർത്ഥമുള്ള 'ആദിത്യ' പേര് സ്വീകരിക്കാനാകാത്തത് എന്തുകൊണ്ടാണ്? 'വിജയ്' എന്ന പേര് അം​ഗീകരിക്കാത്തവർ എങ്ങനെയാണ് ഫതാ എന്ന പേര് അംഗീകരിക്കുക?

മിക്ക ഇന്ത്യൻ മുസ്ലീങ്ങളുടെയും പൂർവ്വികർ ഹിന്ദുക്കളായിരിക്കും എന്ന് നിസംശയം പറയാം. സ്വാതന്ത്ര്യാനന്തരമുള്ള നെഹ്‌റുവിയൻ മതേതരത്വം അവരെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തി. ഉത്തരേന്ത്യയിലുള്ള ഒരു പഞ്ചാബി ഹിന്ദുവിന് തമിഴ്‌നാട്ടിലെ ഒരു ഹിന്ദു ക്ഷേത്രം സന്ദർശിക്കുന്നതിൽ യാതൊരു തടസവുമില്ല. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ള ഹിന്ദുക്കളുമായി ഒരു പ്രശ്‌നവും കൂടാതെ അവർക്ക് സമ്പർക്കം പുലർത്താം. എന്നാൽ പാകിസ്ഥാനിലെ ഒരു മുസ്ലീമിനോ ബംഗ്ലാദേശിൽ നിന്നുള്ള ഒരു മുസ്ലീമിനോ പഞ്ചാബിലെ ഹിന്ദുക്കളോടൊപ്പം സമ്പർക്കം പുലർത്താൻ കഴിയില്ല. ഇവിടെയാണ് യഥാർത്ഥ പ്രശ്നം എന്താണെന്ന് നാം മനസിലാക്കേണ്ടത്.

മതേതര രാഷ്ട്രീയക്കാർ എന്ന് സ്വയം വിളിക്കുന്നവർ പതിറ്റാണ്ടുകളായി തങ്ങളെ എങ്ങനെ മസ്തിഷ്ക പ്രക്ഷാളനം ചെയ്തുവെന്ന് ഇന്ത്യൻ മുസ്‌ലീങ്ങൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യൻ സമൂഹത്തിന്റെ പൊതുധാരയോട് ചേരുന്നതിൽ നിന്ന് ബോധപൂർവം
അവർ അകറ്റിനിർത്തപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിലെ ചില പ്രചാരണങ്ങളുടെയും മറ്റും ഫലമായി ഈ അവസ്ഥ കൂടുതൽ വഷളായിരിക്കുകയാണ്. ഇന്ത്യയിലെ മുസ്ലീം ജനതയെ ചില പുരോഹിതരുടെ പിടിയിൽ നിന്ന് മോചിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഹൈന്ദവ മൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതം, വൈവിധ്യം, സഹിഷ്ണുത, സാംസ്കാരികത എന്നിവയോട് ആദരവു കാണിക്കുന്ന അയൽ രാജ്യമായ ഇന്തോനേഷ്യയിലെ മാതൃക പ്രത്യാശ നൽകുന്നതാണ്. ഈ ആശയങ്ങളെല്ലാം ഇന്തോനേഷ്യൻ ദ്വീപുകളിലേക്ക് എത്തുന്നതിനു കാരണമായത് ഇന്ത്യയാണ് എന്നതും ഓർക്കണം. ഇന്ത്യൻ മുസ്ലീങ്ങൾ ഇന്തോനേഷ്യയിലെ മുസ്ലീം സമൂഹത്തിൽ നിന്ന് പഠിക്കുകയും ഇന്ത്യയുടെ വളർച്ചക്ക് ക്രിയാത്മകമായി സംഭാവന നൽകുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

(രാഷ്ട്രീയം, സംസ്കാരം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്ന എഴുത്തുകാരിയാണ് സെബ സോറിയ (Zeba Zoriah). ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വീക്ഷണങ്ങൾ രചയിതാവിന്റേതു മാത്രമാണ്. ഈ പ്രസിദ്ധീകരണത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നതല്ല.)
Published by:Rajesh V
First published: