HOME /NEWS /Opinion / കുപ്പിയില്ലാതെ ആഘോഷവും ദുഃഖാചരണവും ഇല്ലെന്ന രീതി ഇനിയെങ്കിലും മാറ്റേണ്ടേ?

കുപ്പിയില്ലാതെ ആഘോഷവും ദുഃഖാചരണവും ഇല്ലെന്ന രീതി ഇനിയെങ്കിലും മാറ്റേണ്ടേ?

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഒരു പ്രശ്നപരിഹാരത്തിന്, ടെൻഷൻ മാറ്റാൻ എപ്പോൾ മദ്യപിച്ച് തുടങ്ങുന്നുവോ അവർ അഡിക്ഷനിലേക്കാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കണം

  • Share this:

    ലൈല കല്ലാരം

    ഓണക്കാലത്തെ വിദേശ മദ്യ വിൽപ്പന കേരളത്തിൽ 2021 ലേതിനേക്കാൾ ഈ വർഷം കൂടിയത് 95 കോടി രൂപയാണ്. (529 ൽ നിന്ന് 624 കോടിയിലേക്കെത്തി) അതിനു പുറമെ യാതൊരു കണക്കുമില്ലാത്ത വാറ്റുൾപ്പെടെ നാടൻ മദ്യങ്ങളും, അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഒളിച്ചു കടത്തിയതും മറ്റും വേറെയും. ഓണമെന്നാൽ മദ്യപാനത്തിന്റെ ഉത്സവമാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള വർദ്ധനവ്! മദ്യത്തിന്റെ വില സർക്കാർ ഇനിയും കൂട്ടുന്നു എന്നും വാർത്തയുണ്ട്. ഇങ്ങിനെ പോയാൽ സാധാരണ കുടുംബങ്ങളുടെ ജീവിത നിലവാരം എത്രത്തോളം താഴ്ന്നു പോകുമെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. കുടുംബ നാഥന്റെ വരുമാനം മദ്യത്തിനു വേണ്ടി ലീക്കായിപ്പോകുന്നതു കാരണം കുട്ടികളുടെ വിദ്യാഭ്യാസം പോലും നിലച്ചു പോകുന്ന അവസ്ഥയാണ് പല കുടുംബങ്ങളിലും.

    ആണത്തത്തിന്റെ നിർവ്വചനങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയ മദ്യം ആദ്യം ഒരു എക്സ്പീരിയൻസിനും രസത്തിനും വേണ്ടി തുടങ്ങി പിന്നീട് അതിനടിമയായി ജീവിതം സങ്കീർണ്ണമാക്കിത്തീർക്കുന്ന പുരുഷന്മാരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ആരോഗ്യം നിലനിർത്തിക്കൊണ്ടുള്ള നിയന്ത്രിത മദ്യപാനമെന്നത് ഒട്ടുമിക്ക മലയാളികൾക്കും അന്യമായ കാര്യമാണ്. താനൊരു അസ്സൽ മദ്യപാനിയായി മാറിയിട്ടുണ്ടെന്ന തിരിച്ചറിവില്ലായ്മ, അല്ലെങ്കിൽ അത് അംഗീകരിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ ദുരന്തമായി മാറുന്നത്. അതിൽ നിന്ന് പുറത്ത് കടന്നാൽ സൗഹൃദ വലയത്തിൽ നിന്ന് പുറത്തായിപ്പോകുമോ എന്ന ഭയം, പ്രാരാബ്ദത്തിൽ നിന്ന് നിരാശകളിൽ നിന്ന് ഇത്തിരി നേരം എല്ലാം മറന്നിരിക്കാൻ കിട്ടുന്ന അവസരം നഷ്ടപ്പെട്ടു പോകുമോ, എന്നൊക്കെയുള്ള ചിന്തയാണ് മുഖ്യമായും ഇവരെ പിന്തിരിപ്പിക്കുന്നത്. കുടുംബപ്രശ്നങ്ങളായാലും, സാമ്പത്തിക പ്രശ്നങ്ങളായാലും മദ്യം അതിനെയെല്ലാം അല്പ നേരത്തേക്ക് മറക്കാൻ സഹായിക്കുമെന്നല്ലാതെ ഒന്നും പരിഹരിക്കുന്നേയില്ല. അടിസ്ഥാന പ്രശ്നങ്ങൾ അവിടെ തന്നെ പരിഹരിക്കപ്പെടാതെ നിൽക്കുകയും സങ്കീർണ്ണമാവുകയും ചെയ്യുമ്പോൾ വീണ്ടും മദ്യത്തിലഭയം തേടുകയും പതിയെ അഡിക്ഷനിലേക്ക് പോകുകയും ചെയ്യുന്നു. പിന്നീടൊരിക്കലും മദ്യപാനത്തിന് കാരണമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല. കാരണം അപ്പോഴേക്കും അയാളുടെ ബുദ്ധിയും വിവേകവും ശരിയായ രീതിയിൽ പ്രവൃത്തിക്കാതെയാവുകയും എപ്പോഴും മദ്യമെന്ന മന്ത്രം മാത്രമാവുകയും ചെയ്യുന്നു. എല്ലാ നിരാശകളും കൂടുകയും മാനസികമായി ഡൗണാകുകയും ചെയ്യും.

    ക്രമേണ കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീണു തുടങ്ങുകയും, സാമൂഹികമായ ഉത്തരവാദിത്വവും ജോലിയും ശരിയായ രീതിയിൽ നിർവ്വഹിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. അടുത്ത പടി കുടുംബവും സുഹൃത്തുക്കളും സമൂഹവും അകലുകയും അയാൾ പൂർണ്ണമായും മദ്യത്തിലേക്ക് മൂക്കുകുത്തുകയും ചെയ്യുന്നതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ മദ്യപിച്ചു തുടങ്ങുമ്പോഴേ ഇങ്ങിനെയുള്ളവരെ ചികിത്സക്ക് വിധേയമാക്കേണ്ടതുണ്ട്. ചിലപ്പോൾ മാനസിക ചികിത്സയും നൽകേണ്ടി വന്നേക്കാം. നിരന്തരം മദ്യപിക്കുന്നവരെ ഇടക്കെങ്കിലും മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കേണ്ടതും അത്യാവശ്യമാണ്. എന്തെങ്കിലും രോഗം തുടങ്ങുന്നുണ്ടോ എന്നറിയാനും മുൻകരുതലെടുക്കാനും അത് സഹായിക്കും.

    Also Read- വരുമാനത്തിന് ‘ഫ്രഷ്’ ഐഡിയ; മദ്യവില കൂടും; രണ്ട് ശതമാനം വിൽപന നികുതി കൂട്ടാൻ മന്ത്രിസഭാ തീരുമാനം

    പുരുഷന്മാരുടെ മദ്യപാനം ജീവിതത്തിന്റെ ഭാഗമാകുമ്പോൾ അതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചു തുടങ്ങുന്നത് ഭാര്യയും കുഞ്ഞുങ്ങളുമാണ്. പിന്നീടത് തിരിച്ചു പിടിക്കാനാവാത്ത കരൾ രോഗമായും മറ്റു മാരക രോഗങ്ങളായും മാറുമ്പോൾ സ്വരുക്കൂട്ടി വച്ചിരുന്നതെല്ലാം ചികിത്സക്കായി ചിലവാക്കിയിട്ടും ജീവൻ തിരിച്ചു കിട്ടാതെ മറയുന്നവർ അറിയുന്നുണ്ടോ പിന്നീട് ആ കുടുംബം അതിൽ നിന്ന് കരകയറാൻ ചുമക്കേണ്ട സാമ്പത്തിക ഭാരം എന്താണെന്ന്… അവസാന നിമിഷങ്ങളിൽ അത് തിരിച്ചറിഞ്ഞാലും കാര്യമില്ലാതാവുന്നു. പലരും അവസാന നിമിഷങ്ങളിൽ ജീവിതം തിരിച്ചു പിടിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു. കൂടെ നിൽക്കുന്നവർക്ക് വല്ലാത്ത വേദനയുണ്ടാക്കുന്ന ഒന്നാണത്.

    ഇനി ബാധ്യതകളൊന്നുമുണ്ടാക്കാതെ മരിച്ചു പോകുന്നവരായാലും. പ്രണയിച്ചും, ഇഷ്ടപ്പെട്ടും വളരെയധികം സന്തോഷത്തോടെ നിങ്ങൾ കൂടെ കൂട്ടിയിരുന്നവൾക്ക് നിങ്ങളുടെ ശൂന്യതയുണ്ടാക്കുന്ന മാനസികാഘാതവും, സാമൂഹികമായി അവൾക്കുണ്ടാകുന്ന പ്രശ്നങ്ങളും ഊഹിക്കാനാകുമോ? സാമ്പത്തികമായല്ലെങ്കിൽപ്പോലും വൈകാരികമായി ആശ്രയിച്ചിരുന്നവളെ നിങ്ങളൊറ്റയ്ക്ക് വരുത്തി വച്ച ജീവിത ഭാരങ്ങൾ ചുമക്കാൻ നിർബന്ധിതയാക്കിക്കൊണ്ട് നിങ്ങൾ മാത്രം പിരിഞ്ഞു പോകുന്നത് നീതിയാണെന്ന് തോന്നുന്നുണ്ടോ? നിങ്ങളുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ഈ നീതികേടിന് മാപ്പു തരുമെന്ന് കരുതുന്നുണ്ടോ?

    Also Read- ‘ഒരു ഗവർണർക്ക് ഒന്നരക്കൊല്ലം കൊണ്ട് തകർക്കാൻ കഴിയും വിധം ദുർബലമായിരുന്നോ കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ അടിത്തറ?’

    ഭാര്യ മരിച്ചു പോയ ഒരു പുരുഷനെ താങ്ങാൻ, അയാളെ വീണ്ടും വിവാഹം കഴിപ്പിക്കാൻ, സഹായിക്കാൻ ഒരു പാട് പേരുണ്ടാകും. ഭൂരിപക്ഷം വരുന്ന നമ്മുടെ യാഥാസ്ഥിക സമൂഹം ഭർത്താവ് മരിച്ച സ്ത്രീയെ ആദ്യം തന്നെ സംശയത്തിന്റെ കണ്ണോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ അവളെ പരസ്യമായി സഹായിക്കാൻ ആളില്ലാതെ വരുകയും, രഹസ്യമായി ചൂഷണം ചെയ്യാൻ തയ്യാറാവുകയും ചെയ്യും. നിങ്ങളുടെ ഭാര്യയെ അങ്ങിനെ ഒരു അവസ്ഥയിലേക്ക് തള്ളിവിടാതിരിക്കാൻ ശ്രമിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമല്ലേ. മദ്യപാനം നിങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് വഴുതിത്തുടങ്ങുന്ന സമയത്ത് നിങ്ങൾ തന്നെ വിചാരിച്ചാലേ അതൊക്കെ ഒഴിവാക്കാൻ കഴിയൂ.

    കൂട്ടുകാർ സ്വത്താണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ചങ്കും കരളുമായവൻ മദ്യപാനത്തിൽ പരിധി വിട്ട് പോകുന്നുണ്ടെന്ന് തോന്നിയാൽ എന്ത് വില കൊടുത്തും അവനെ വീണ്ടെടുക്കാനുള്ള കൂട്ടാവണം. അവന്റെ കുടുംബത്തെ സ്വന്തം കുടുംബമായി കാണാൻ കഴിയണം. അതാണ് യഥാർത്ഥ കൂട്ട്. പുരുഷനായാലും സ്ത്രീയായാലും ഒരു പ്രശ്നപരിഹാരത്തിന്, ടെൻഷൻ മാറ്റാൻ എപ്പോൾ മദ്യപിച്ച് തുടങ്ങുന്നുവോ അവർ അഡിക്ഷനിലേക്കാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കണം. ശരിയായ ചികിത്സ തേടണം.

    കുപ്പിയില്ലാതെ ആഘോഷവും, ദുഃഖാചരണവും ഇല്ലെന്ന രീതി ചെറുപ്പക്കാരെങ്കിലും മാറ്റിയെടുക്കണം. മദ്യം കൊണ്ടു പോയ പലരുടേയും മരണം മനസ്സിലുണ്ടാക്കിയ വിങ്ങലാണ് ഇത്രയും എഴുതാൻ പ്രേരണയായത്.

    കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ ക്യാമറാ പേഴ്സണായി ജോലി ചെയ്തയാളാണ് ലേഖിക. അഭിപ്രായങ്ങൾ വ്യക്തിപരം.

    First published:

    Tags: Alcohol addiction, Alcohol in Kerala, Alcohol issue in Kerala