'ഒരു ഗവർണർക്ക് ഒന്നരക്കൊല്ലം കൊണ്ട് തകർക്കാൻ കഴിയും വിധം ദുർബലമായിരുന്നോ കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ അടിത്തറ?'

Last Updated:

ആരോപണം എന്ത് തന്നെ ആയാലും വിദ്യാഭ്യാസ രംഗത്ത് തകർച്ചയുണ്ട് എന്ന് മുഖ്യമന്ത്രി കൂടി സമ്മതിക്കുന്നതുകൊണ്ട് എന്താണ് ആ രംഗത്ത് സംഭവിക്കുന്നത് എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. ഒരു ഗവർണർക്കു ഒന്നര കൊല്ലം കൊണ്ട് തകർക്കാൻ കഴിയും വിധം ദുർബലമായിരുന്നോ അതിന്റെ അടിത്തറ എന്ന ചോദ്യവും പ്രസക്തമാണ്...

ഡോ. കെ. എസ്. രാധാകൃഷ്ണൻ
എറണാകുളം ഹൈക്കോടതി കവലയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പരസ്യത്തിൽ പറയുന്നു: "എനിക്ക് സ്വാതന്ത്ര്യം വേണമായിരുന്നു. ഞാൻ അത് വിദേശരാജ്യത്തെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു." വിദേശരാജ്യ വിദ്യാഭ്യാസത്തിനായി കുട്ടികളെ കണ്ടെത്തി കടൽ കടത്തുന്ന ഏതോ ഒരു ഏജൻസിയുടെ അവകാശവാദമാണ് പരസ്യ വാചകം. പക്ഷെ, അനേകം കാര്യങ്ങൾ ഈ പരസ്യം പറയാതെ പറയുന്നുണ്ട്. അതിൽ ഒന്ന്, കേരളത്തിലെ വിദ്യാഭ്യാസത്തിൽ അക്കാദമിക സ്വാതന്ത്രം അനുഭവിക്കാനാകില്ല എന്ന ആരോപണം ഈ വാചകത്തിലുണ്ട്. ഒപ്പം, വിദേശ വിദ്യാഭ്യാസത്തിൽ അക്കാദമിക സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയും എന്ന അതിവ്യാപ്‌തി ദോഷവും ഈ പരസ്യത്തിലുണ്ട്.
advertisement
തന്റെ മേനിയഴകിന്റെ രഹസ്യം ഒരു പ്രത്യേക കുളിസോപ്പാണ് എന്ന് ഒരു സിനിമാ നടി പറയുന്നതിനപ്പുറമുള്ള വിശ്യാസ്യതയും ഈ പരസ്യ വാചകത്തിനില്ല. മേനിയഴക് നൽകും എന്ന് അവകാശപ്പെടുന്ന കുളിസോപ്പിട്ടു പലവട്ടം കുളിച്ചിട്ടും അഴക് കിട്ടാത്ത ധാരാളം പേരുള്ളതുപോലെ വിദേശവിദ്യഭ്യാസം കൊണ്ടും പ്രയോജനമില്ലാത്ത ധാരാളം പേരുണ്ട്. മാത്രമല്ല കാശിനു കൊള്ളാത്ത സർവകലാശാലകളും എല്ലാ വിദേശ രാജ്യങ്ങളിലും ധാരാളമുണ്ട്. ഒപ്പം, പല നല്ല സ്ഥാപങ്ങൾ കേരളത്തിലും ഉണ്ട്.
അതുകൊണ്ട്, ഇത്തരം ഒരു പരസ്യം സാധാരണഗതിയിൽ ശ്രദ്ധിക്കേണ്ട കാര്യമില്ലാത്തതാണ്.
advertisement
എന്നാൽ ഈ പരസ്യം ഇപ്പോൾ ശ്രദ്ധിക്കാൻ ഒരു കാരണമുണ്ട്. ഉന്നത വിദ്യാഭ്യാസരംഗം ഇപ്പോൾ കേരളത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്നതോടെ വിദ്യാഭ്യാസ രംഗം തകർന്നു എന്നും അതിനെ കൂടുതൽ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നത് എന്നുമാണ് മുഖ്യമന്ത്രിയും അനുചരന്മാരും ആരോപിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി അറിയാതെ സമ്മതിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ രംഗം തകരുന്നു എന്നാണ്. അതിന്റെ കാരണക്കാരൻ താനോ തന്റെ പാർട്ടിയോ അല്ല മറിച്ച് ഗവർണറാണ് എന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. ആരോപണം എന്ത് തന്നെ ആയാലും വിദ്യാഭ്യാസ രംഗത്ത് തകർച്ചയുണ്ട് എന്ന് മുഖ്യമന്ത്രി കൂടി സമ്മതിക്കുന്നതുകൊണ്ട് എന്താണ് ആ രംഗത്ത് സംഭവിക്കുന്നത് എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. ഒരു ഗവർണർക്കു ഒന്നര കൊല്ലം കൊണ്ട് തകർക്കാൻ കഴിയും വിധം ദുർബലമായിരുന്നോ അതിന്റെ അടിത്തറ എന്ന ചോദ്യവും പ്രസക്തമാണ്.
advertisement
കേരളത്തിലെ ഏറ്റവും നല്ല സർവ്വകലാശാലയായി കരുതപ്പെടുന്നത് കേരള സർവകലാശാലയാണ്. കേരള സർവകലാശാല 1937ൽ ആരംഭിക്കുമ്പോൾ അത് ഇന്ത്യയിലെ ഒന്നാം നിര സർവകലാശാലകളിൽ ഒന്നായിരുന്നു. ഇന്ന് ആ സർവകലാശാലയിൽ ബിരുദ പഠനത്തിന് വേണ്ടത്ര കുട്ടികളില്ലാതെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന വാർത്ത ഈ അടുത്തകാലത്തു വന്നിരുന്നു. ഈ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന 14 ആർട്സ് ആൻഡ് സയൻസ് സർക്കാർ കോളേജുകളിൽ 192 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഈ വിഭാഗത്തിൽ പെട്ട 37എയ്ഡഡ് കോളേജുകളിലായി 2446 സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. 167 സ്വാശ്രയ കോളേജുകളുടെ കാര്യത്തിലും സ്ഥിതി വേണ്ടത്ര മെച്ചമല്ല. ഇതോടൊപ്പം കേരളത്തിന് പുറത്തു പഠിക്കാൻ പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടുമിരിക്കുന്നു. കേരളത്തിലെ മറ്റു സർവകലാശാലകളിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ഇതാണ് പോക്ക് എന്നുണ്ടെങ്കിൽ സ്‌കൂളുകളിലെ പോലെ കോളേജുകളിലും ഡിവിഷൻ ഫാൾ ഉണ്ടാകും; സംരക്ഷിത ജീവനക്കാരും വരും. ഇതായിരുന്നു ആ വാർത്തയുടെ സംക്ഷിപ്തം.
advertisement
എന്തുകൊണ്ടാണ് നമ്മുടെ വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതിന് ശേഷം കേരളത്തിന് പുറത്തു പഠിക്കാൻ താത്പര്യപെടുന്നത്? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ അസുഖകരമായ പല കാര്യങ്ങളും നമുക്ക് കാണേണ്ടി വരും; കേൾക്കേണ്ടിവരും. സ്‌കൂൾ തലത്തിൽ നാം നേടിയ മികവ് ഉന്നത വിദ്യാഭ്യാസത്തിൽ നമുക്ക് പുലർത്താൻ കഴിയുന്നില്ല എന്ന സത്യം അംഗീകരിക്കേണ്ടിവരും. എന്നാൽ, നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ അതല്ലായിരുന്നു. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയും ഒരു കാലത്തു ഉന്നതമായിരുന്നു. അക്കാദമിക മികവിന് അവ പ്രസിദ്ധമായിരുന്നു. എന്നാൽ കാണെക്കാണേ ഉന്നത വിദ്യാഭ്യസ മേഖലയിലെ അക്കാദമിക മികവ് ക്ഷയിച്ചുകൊണ്ടിരുന്നു. പക്ഷെ, അക്കാര്യം വേണ്ടത്ര പ്രാധാന്യത്തോടെ കേരളം കണ്ടില്ല. നമ്മൾ അതിനെക്കുറിച്ച് പഠിക്കാനും തയാറായില്ല.
advertisement
കേരളത്തിലെ നവോത്ഥാനവുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ മേഖല വളർന്നതും വികസിച്ചതും. സ്ത്രീവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയ ബ്രഹ്‍മാനന്ദ സ്വാമി ശിവയോഗി, വിജ്ഞാന വിമോചനത്തിനും വിതരണത്തിനും പ്രാധാന്യം നൽകിയ ചട്ടമ്പിസ്വാമികൾ, വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉപദേശിച്ച ശ്രീനാരായണ ഗുരുദേവൻ, ആദ്യത്തെ സംസ്‌കൃത പാഠശാലയും പള്ളികൾക്ക് ഒപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ച വിശുദ്ധനാക്കപ്പെട്ട ചാവറ പിതാവ്, തിരുവിതാംകൂറിൽ ദളിതന് വിദ്യനേടാൻ വിദ്യാലയം തുടങ്ങുകയും അതിനു വേണ്ടി സമരം നടത്തുകയും ചെയ്ത അയ്യൻകാളി, കൊച്ചിയിൽ ദളിതർക്കു വിദ്യാലയം തുടങ്ങിയ പണ്ഡിറ്റ് കറുപ്പൻ, നമ്പൂതിരി വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച വി ടി ഭട്ടതിരിപ്പാട് എന്നിങ്ങനെ എല്ലാവരും ഒരുമിച്ചു ചേർന്ന് സൃഷ്‌ടിച്ച നവോത്ഥാനമാണ് കേരളത്തിലെ വിദ്യാഭ്യാസത്തിന് ഉണർവ് നൽകിയത്. കടലോരങ്ങളിലും കായലോരങ്ങളിലും മാലവാരത്തുമെല്ലാം പള്ളികളെക്കാൾ വലിയ പള്ളിക്കൂടങ്ങളുമായി കടന്നു ചെന്ന കത്തോലിക്കാ സഭ ഈ രംഗത്ത് നൽകിയ സംഭാവന വിലയുറ്റതാണ്. അക്കാലത്തെ രാജാക്കന്മാരും ഈ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു എന്നതും മറക്കാനാകില്ല. ഇങ്ങനെ വികസിച്ചു വന്ന വിദ്യാലയങ്ങളാണ് മാധവനും മത്തായിക്കും മുഹമ്മദിനും ചാത്തനും ഒരുമിച്ചിരിക്കാൻ അവസരം നൽകിയത് എന്നും ഓർക്കണം. ഇങ്ങനെ മതിലുകൾ ഭേദിച്ച് അവരെല്ലാം ഒരുമിച്ചപ്പോൾ ഉണ്ടായതാണ് നവോത്ഥാനം.
advertisement
ഇക്കാര്യത്തിൽ രാഷ്ട്രീയക്കാർ കാര്യമായ സംഭാവന നൽകിയിട്ടുമില്ല. രാഷ്ട്രീയക്കാർ സൃഷ്ടിച്ചു എടുത്തതാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല. ജോസഫ് മുണ്ടശ്ശേരിയാണ് ഇതിന്റെ തുടക്കക്കാരൻ. സർക്കാർ /എയ്ഡഡ് സ്‌കൂൾ വിദ്യാഭ്യാസത്തിനു മികവ് കുറഞ്ഞപ്പോഴാണ് സി ബി എസ് ഇ വിദ്യാഭ്യാസ മേഖല വളർന്നത്. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയാണ് അത്. സർക്കാർ/ എയ്ഡഡ് സ്‌കൂൾ മേഖലകൾക്ക് സത്യത്തിൽ എന്താണ് സംഭവിച്ചത്. മികവുറ്റവരെയാണ് പി എസ് സി, അധ്യാപകരായി തെരഞ്ഞെടുത്തു സർക്കാർ മേഖലയിലേക്ക് അയയ്ക്കുന്നത്. എന്നാൽ, അധ്യാപന നിലവാരം മോശമാകുന്ന അവസ്ഥ സർക്കാർ സ്‌കൂളുകളിൽ വന്നു ചേർന്നു. അതിനു പ്രധാന കാരണം അദ്ധ്യാപക - വിദ്യാർത്ഥി കക്ഷിരാഷ്ട്രീയ ചായ്‌വായിരുന്നു എന്ന കാര്യവും നിഷേധിക്കാനാകില്ല.
എയ്ഡഡ് സ്‌കൂളുകളിൽ ജാതി/മതം/അധികാരം/ പണം എന്നിവയുടെ ചേരുവകൾക്കു അനുസരിച്ചായി അധ്യാപക നിയമനം. സ്വാഭാവികമായും അധ്യാപന മികവിനേക്കാൾ മറ്റു പലതിനും പ്രമുഖ്യം കിട്ടിയതോടെ എയ്ഡഡ് മേഖലയുടെ നിലവാരം താണുപോയി. ഇതോടൊപ്പം വിദ്യാലയ ഭരണം വിദ്യാർഥികൾ / അധ്യാപകർ / അനധ്യാപകർ എന്നിവരുടെ യൂണിയനുകൾ ഏറ്റേടുക്കുകയും ചെയ്തു. സർക്കാർ ശമ്പളം കൊടുക്കുകയും മാനേജ്‌മെന്റ് കോഴ വാങ്ങി നിയമനം നടത്തുകയും ചെയ്യുന്ന വിചിത്രമായ രീതി കേരളത്തിൽ നിലവിൽ വന്നു. കോഴ വാങ്ങുന്ന മാനേജ്‍മെന്റും സ്വാർത്ഥരായ യൂണിയൻ നേതാക്കളും ഒരുമിച്ചു നിന്നു കൊണ്ട് നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസ മികവ് നശിപ്പിച്ചെടുത്തു. ആയതിനു കാലാകാലങ്ങളിൽ വന്ന സർക്കാരുകൾ കൂട്ടുനിൽക്കുകയും ചെയ്തു.
സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അതെ വിധി കോളേജ് വിദ്യാഭ്യാസത്തിനും വന്നു ചേർന്നു.
ഒരു എയ്ഡഡ് കോളേജ് അധ്യാപകന്റെ നടപ്പു കോഴ നിരക്ക് ഒരു കോടി രൂപവരെ ആയിട്ടുണ്ട്. കോളേജുകൾ ഭരിക്കുന്നത് വിദ്യാർത്ഥി യൂണിയനും അധ്യാപക യൂണിയനും അനധ്യാപക യൂണിയനും ഒരുമിച്ചു ചേർന്ന് കൊണ്ടാണ്. ഈ യൂണിയൻ നേതാക്കൾ വിപ്ലവത്തെക്കുറിച്ചും ആദർശത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുമെങ്കിലും അധ്യാപക നിയമനത്തിലും വിദ്യാർത്ഥി പ്രവേശനത്തിലും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഈ കൊള്ളയ്ക്കെതിരെ ഒരക്ഷരം അവർ മിണ്ടില്ല. അവരുടെ സമരം സ്വാശ്രയ മാനേജ്‍മെന്റിനു എതിരെ മാത്രമാണ്. എയ്ഡഡ് മാനേജ്‍മെന്റിനു എതിരെ ഒരു അക്ഷരം പറയാനുള്ള ആത്മധൈര്യം ഒരു വിദ്യാർത്ഥി യൂണിയൻ നേതാവിനുമില്ല. വിദ്യാർത്ഥി യൂണിയനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷി നേതാക്കൾ അതിനു സമ്മതിക്കില്ല. ജന്മനായുള്ള അടിമത്തം മൂലം മൂത്ത രാഷ്ട്രീയ നേതാക്കൾക്ക് എതിരെ ഉരിയാടാൻ കുട്ടി നേതാക്കളുടെ നാവ് അനങ്ങുകയും ഇല്ല. കേരള വർമ്മ കോളേജിൽ ആരെ അദ്ധ്യാപകനാക്കണം എന്ന് തീരുമാനിക്കുന്നതും വിദ്യാർത്ഥി യൂണിയയനാണ് എന്ന് ഈ അടുത്ത ദിവസം നാം അറിഞ്ഞു. അവിടെ യൂണിയൻ നേതാവായിരുന്ന ഒരുവനെ അദ്ധ്യാപകനായി നിയമിക്കണം എന്നാണു വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടത്. പ്രസ്തുത നേതാവിന് മെറിറ്റ് കുറവായിരുന്നു. അതുകൊണ്ടു ഒന്നാം റാങ്ക് ലഭിച്ചില്ല. എന്നാൽ ടി വിദ്വാന് ഒന്നാം റാങ്ക് കൊടുക്കണം എന്ന് പറഞ്ഞായിരുന്നു സമരം. സമരം വിജയിച്ചു എന്നാണ് അറിയുന്നത്. യൂണിയൻ നേതാക്കളുടെ ഭരണം ഈ രംഗത്ത് അരാജകത്വം സൃഷ്ടിച്ചിരിക്കുന്നു.
അതിന്റെ എല്ലാം ഫലമായി കോളേജ്/സർവകലാശാല വിദ്യാഭ്യാസവും നശിച്ചുകൊണ്ടിരിക്കുന്നു. ഈ സമരങ്ങൾക്ക് നേതൃത്വം നൽകാൻ വിദ്യാർത്ഥികളെ ഇളക്കിവിടുന്ന നേതാക്കളുടെ മക്കൾ വിദേശ സർവ്വകലാശാലകളിലാണ് പഠിക്കുന്നത് എന്നും ഓർക്കണം. പിണറായി വിജയൻ, എ കെ ബാലൻ, തോമസ് ഐസക് എന്ന് തുടങ്ങി ഒരുമാതിരി ഭേദപ്പെട്ട എല്ലാ നേതാക്കളുടെയും മക്കൾ പഠിച്ചതും പഠിച്ചുകൊണ്ടിരിക്കുന്നതും വിദേശ സർവ്വകലാശാലകളിലാണ്. പഠനത്തോടൊപ്പം സമരം എന്ന കാര്യം നേതാക്കളുടെ മക്കൾക്ക് ബാധകമേ അല്ല. അവർ ശ്രദ്ധിച്ചു പഠിച്ചു മിടുക്കരാകും. സമരം എന്ന് പറഞ്ഞു നേരെ ചൊവ്വേ പഠിക്കാതെ സാധാരണക്കാരന്റെ മക്കൾ പെരുവഴിയിലാകും. ഇവിടെ സമരം ചെയ്തു മുന്നേറുന്ന വിദ്യാർത്ഥി നേതാക്കൾക്കും പ്രശ്നമില്ല. കഴിയുമെങ്കിൽ അവർക്ക് അല്ലെങ്കിൽ, അവരുടെ ഭാര്യമാർക്ക് സർവകലാശാലകളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും സ്ഥിര നിയമനം പാർട്ടി ഉറപ്പാക്കി കൊടുക്കും. ആ വഴിക്കാണ് ശ്രീമാൻമാരായ പി രാജിവ്, എം ബി രാജേഷ്, കെ കെ രാഗേഷ്, ഷംസീർ തുടങ്ങിയവരുടെ ഭാര്യമാർക്ക് ജോലി തരമായത്. നിരവധി പേർക്ക് പാർട്ടി ഈ സൗകര്യം ചെയ്തു കൊടുത്തു കഴിഞ്ഞു. അതിൽ കെ കെ രാഗേഷിന്റെ ഭാര്യക്കു യോഗ്യത ഇല്ലാത്തതിനാൽ അവരെ കോടതി പിരിച്ചുവിട്ടു. അയോഗ്യരെ ഒരു രംഗത്തും നിയമിക്കരുത് എന്ന് ചാൻസലർ നിലപാട് സ്വീകരിച്ചു. അതുകൊണ്ട് ആ ചാൻസലർക്ക് എതിരെ പാർട്ടി സമരം പ്രഖ്യാപിച്ചു. ആ സമരം നടത്താനും പാവങ്ങളെ തന്നെ പാർട്ടി കരുവാക്കി.
ഇന്ന്, കേരളത്തിലെ സർക്കാർ / എയ്ഡഡ് കോളേജുകൾ ഭരിക്കുന്നത് എസ് എഫ് ഐക്കാരാണ്. കോളേജുകളിൽ എന്തു നടക്കണം എന്ന് അവർ തീരുമാനിക്കും. സമരമാണ് പഠനം എന്നാണ് അവരുടെ കണ്ടെത്തൽ. അതുകൊണ്ടു സമരവും പഠനവും ഒരുമിച്ചു നടത്തണം എന്നാണ് അവരുടെ മുദ്രാവാക്യം. ഇക്കാര്യത്തിൽ അധ്യാപക സഖാക്കൾ വിദ്യാർത്ഥി സഖാക്കൾക്ക് പിന്തുണ നൽകും. അദ്ധ്യാപക സഖാക്കൾ ഹാജർ പുസ്തകത്തിൽ ഒപ്പു വെച്ച് തച്ചുകാശ് ഉറപ്പാക്കിയതിനു ശേഷമായിരിക്കും സമരം നടത്തുക. അങ്ങിനെ മതി എന്ന് പാർട്ടി തീരുമാനിച്ചിട്ടുമുണ്ട്. അധ്യാപകർക്ക് രണ്ടു തരത്തിൽ ലാഭമുണ്ട്. പഠിപ്പിക്കേം വേണ്ട പണം കിട്ടുകയും ചെയ്യും. 1957ൽ സഖാവ് ഇ എം എസ് ഉയർത്തിയ മുദ്രാവാക്യം സമരവും ഭരണവും എന്നായിരുന്നു. അതിന്റെ ഫലം കേരളം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഉത്തരവാദിത്വ ബോധമില്ലാത്ത സിവിൽ സർവീസിന്റെ സൃഷ്ടിയിലാണ് ഇ എം എസിന്റെ ഈ ശ്രമം അവസാനിച്ചത്. അതുപോലെ, വിദ്യാർത്ഥി നേതാക്കളുടെ പഠന-സമര മുദ്രാവാക്യം പഠനത്തേക്കാൾ സമരത്തിന് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിർമാണത്തിലാണ് ചെന്ന് നിൽക്കുന്നത്.
ഈ സാഹചര്യത്തിൽ, പാർട്ടി നേതാക്കൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ സ്വപ്നം കാണാൻ പോലും കഴിയാത്ത സാധാരണക്കാരന്, കടമെടുത്തും കേരളത്തിന് പുറത്തു പഠിക്കാനായി കുട്ടികളെ അയക്കേണ്ടി വരുന്നു. കനത്ത മത്സരം നേരിടുന്ന തൊഴിൽ വിപണിയിൽ പിടിച്ചു നിൽക്കാൻ അതല്ലാതെ അവരുടെ മക്കൾക്കു മാർഗമില്ല. ഇവിടെ, കുട്ടികൾ പഠിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കുട്ടികളും അദ്ധ്യാപകരുമല്ല പാർട്ടി സഖാക്കളാണ്. ആദ്യകാലത്ത്, എം വി രാഘവനായിരുന്നു ഈ തീരുമാനം എടുത്തിരുന്നത്. ഇന്ന് തീരുമാനം എടുക്കുന്നത് എം എം മണിയാണ്. രണ്ടു പേർക്കും വിദ്യാഭ്യാസത്തോടു മമതയില്ല. അതുകൊണ്ടു മിക്കവാറും സമരത്തിനാണ് പാർട്ടി പ്രാധാന്യം നൽകുന്നത്. പഠനത്തേക്കാൾ പ്രധാനമാണ് സമരം എന്ന് തന്നെയാണ് പാർട്ടി വിലയിരുത്തുന്നത്. ഇതിന്റെ എല്ലാം ഫലമായി, തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. മക്കളെ വിദേശ സർവകലാശാലകളിൽ പഠിപ്പിച്ച പിണറായിയും സംഘവും അതിനു എതിര് നിൽക്കുന്നു. ഇവർ തകർക്കുന്നത് സാധാരണക്കാരന്റെ ജീവിതത്തെയാണ്.
(കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാനും സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമാണ് ലേഖകൻ. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷൻ. അഭിപ്രായം വ്യക്തിപരം. സ്ഥാപനത്തിന്റെ നിലപാടല്ല)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'ഒരു ഗവർണർക്ക് ഒന്നരക്കൊല്ലം കൊണ്ട് തകർക്കാൻ കഴിയും വിധം ദുർബലമായിരുന്നോ കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ അടിത്തറ?'
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement