അന്ന് ഭായി; ഇന്ന് ദുശ്മൻ; തെലങ്കാനയിൽ ബിജെപി മുന്നേറ്റം ടിആർഎസിന് ഭീഷണിയാകുമോ?

Last Updated:

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ്‌ മാത്രം ജയിക്കുകയും നൂറിലധികം മണ്ഡലങ്ങളിൽ കെട്ടിവച്ച കാശു നഷ്ടപ്പെട്ട ബിജെപി, ആറു മാസത്തിനുള്ളിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നാലു മണ്ഡലങ്ങളിൽ ജയിച്ചാണ് കരുത്തറിയിച്ചു തുടങ്ങിയത് 

2018 ജൂലൈ 20 നാണ് ഒന്നാം മോദി സർക്കാരിനെതിരെ പ്രതിപക്ഷം ആദ്യമായും (അവസാനമായും) അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു മുഖ്യമന്ത്രിമാരുടെ പേര് പരാമർശിച്ചിരുന്നു. അന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എൻ ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവരായിരുന്നു  അത്. ചന്ദ്രബാബു നായിഡുവിനെ  കടന്നാക്രമിച്ച മോദി കെ സി ആറിനെ വാനോളം പുകഴ്ത്തി. ടിഡിപിയുടെ എല്ലാ ശ്രമങ്ങളും ടിആർഎസിനു എതിരെയായിരുന്നെന്നും എന്നാൽ കെസിആറും കൂട്ടരും പക്വത കാണിക്കുകയും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു  മോദിയുടെ വാക്കുകൾ. കെസിആറിനും അങ്ങനെ തന്നെയായിരുന്നു. മറ്റു പ്രതിപക്ഷകക്ഷികൾ കടുത്ത നിലപാടെടുക്കുമ്പോൾ കെസിആറിന് മോദി സർക്കാരിനോട് മൃദുസമീപനമായിരുന്നു. രാജ്യസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതിരുന്ന സർക്കാരിന് പല നിർണായക ബില്ലുകളും പാസാക്കാൻ രക്ഷകരായി ടിആർ എസ് അവതരിച്ചു. നോട്ടു നിരോധനത്തെ  പരസ്യമായി കെസിആർ പിന്തുണച്ചു. 2017 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിനായിരുന്നു ടിആർഎസിന്റെ വോട്ട്. ഇങ്ങനെ ഭായി ഭായി ആയിരുന്നവർ പക്ഷേ ഇന്നു കടുത്ത വിമർശകരാണ്. മോദിയും കെസിആറും തമ്മിലുള്ള ബന്ധം ഉലഞ്ഞതിന്റെ കാരണം പരിശോധിക്കാം.
അകൽച്ചയുടെ തുടക്കം ലോക്സഭാ തെരഞ്ഞെടുപ്പോടെ
2018 അവസാനം നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ടിഡിപിയും ഇടതു പാർട്ടികളും ഉൾപ്പെട്ട മഹാസഖ്യമായിരുന്നു ടിആർഎസിന്റെ പ്രധാന എതിരാളികൾ. അന്ന് ബിജെപിയെ  എതിരാളിയായി കെസിആർ കണ്ടതേയില്ല. ആറു മാസത്തിനുള്ളിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ കഥ മാറി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണയോഗങ്ങളിൽ ബിജെപി വിമർശകനായി കെസിആർ മാറി. ബിജെപി തെലങ്കാനയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചതായിരുന്നു അതിനു കാരണം. കെസിആറിന്റെ ആശങ്കകൾ ശരിവയ്ക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ആകെയുള്ള 17 ലോക്സഭാ സീറ്റുകളിൽ ടിആർഎസ് ഒൻപതിലേക്ക് ചുരുങ്ങിയപ്പോൾ നാലു സീറ്റ്‌ നേടി ബിജെപി കരുത്തുകാട്ടി. കെസിആറിന്റെ മകൾ കെ കവിത നിസാമാബാദിൽ സിറ്റിംഗ് സീറ്റിൽ തോറ്റതും കനത്ത പ്രഹരമായി. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റിൽ ഒരിടത്തു മാത്രം ജയിച്ച ബിജെപിയ്ക്ക് 107 മണ്ഡലങ്ങളിലും കെട്ടിവച്ച കാശു നഷ്ടപ്പെട്ടിരുന്നു.
advertisement
ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ്
2020 നവംബർ മാസത്തിലായിരുന്നു ദുബ്ബാക്ക നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ടിആർഎസിന്റെ സിറ്റിംഗ് സീറ്റ്‌. 2018 ൽ ടിആർഎസ് 62,500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ ബിജെപിയ്ക്ക് കിട്ടിയത് 22,595 വോട്ട് മാത്രമായിരുന്നു. പക്ഷേ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ആയിരത്തിൽ അധികം വോട്ടിനു മണ്ഡലം പിടിച്ചു. തൊട്ടടുത്ത മാസം നടന്ന ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലവും തെലങ്കാനയിൽ ബിജെപി ചുവടു ഉറപ്പിക്കുന്നതിന്റെ കൃത്യമായ സൂചനയായി. 150 വാർഡുകളിൽ 55 എണ്ണം നേടി ടിആർഎസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപി വളർന്നത് നാലിൽ നിന്ന് 48 ലേക്കാണ്.
advertisement
മുനുഗോഡ് ഫലം നൽകുന്ന സന്ദേശം; കോൺഗ്രസിന്റെ ഭാവി
2004ലും 2009 ലും കേന്ദ്രത്തിൽ യുപിഎ ഭരണം ഉറപ്പിക്കുന്നതിൽ നിർണായകമായത് ആന്ധ്രയിൽ കോൺഗ്രസ്‌ നടത്തിയ മുന്നേറ്റമായിരുന്നു. പക്ഷേ തെലങ്കാന രൂപീകരണതോടെ ആന്ധ്രയിൽ പാർട്ടി ക്ഷയിച്ചപ്പോൾ തെലങ്കാനയിൽ സംസ്ഥാന രൂപീകരണത്തിനു നേതൃത്വം കൊടുത്തതിന്റെ ഒരുഗുണവും ലഭിച്ചതുമില്ല. രണ്ടു തവണയായി സംസ്ഥാനത്ത് ടിആർഎസ് ഭരണമാണ്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായെങ്കിലും 19 സീറ്റായിരുന്നു കോൺഗ്രസിന്റെ സമ്പാദ്യം. ഇന്നലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്ന മുനുഗോഡ് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു. 22,457  വോട്ടിനു ജയിച്ച മണ്ഡലം. സിറ്റിംഗ് സീറ്റിലെ പോരാട്ടത്തിൽ ചിത്രത്തിൽ ഇല്ലാത വിധമാണ് കോൺഗ്രസിന്റെ തകർച്ച. മത്സരം ടിആർഎസും ബിജെപിയും തമ്മിലായപ്പോൾ  കോൺഗ്രസ് ആകെ നേടാനായത് 23,864 വോട്ട്. ടിആർഎസ് സ്ഥാനാർഥി മണ്ഡലത്തിൽ വിജയിച്ചത് പതിനായിരത്തിൽപരം വോട്ടിനാണ്. 2018 ൽ 12,704 വോട്ടുകൾ മാത്രം നേടിയ ബിജെപി ഇത്തവണ നേടിയത് 86,697 വോട്ട്. നിയമസഭ തെരെഞ്ഞെടുപ്പിന് ഒരു വർഷവും ലോക്സഭ തെരെഞ്ഞെടുപ്പിന് ഒന്നരവർഷവും മാത്രം ബാക്കി നിൽക്കെ  ടിആർ എസിനു കോൺഗ്രസ് അല്ല ബിജെപിയാണ്  വെല്ലുവിളിയാകുക എന്നതിന്റെ വ്യക്തമായ സന്ദേശം കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റ്‌ ലക്ഷ്യം വയ്ക്കുന്ന ബിജെപി കർണാടക കഴിഞ്ഞാൽ ഏറ്റവും പ്രതീക്ഷവയ്ക്കുന്നതും തെലങ്കാനയിൽ. പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാൻ  കോൺഗ്രസിന് നന്നേ പണിപ്പെടേണ്ടിവരുമെന്ന് തെളിയിക്കുന്നത് കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
അന്ന് ഭായി; ഇന്ന് ദുശ്മൻ; തെലങ്കാനയിൽ ബിജെപി മുന്നേറ്റം ടിആർഎസിന് ഭീഷണിയാകുമോ?
Next Article
advertisement
റീ-റിലീസ് മേളയിലേക്ക് വിജയ്, സൂര്യ ചിത്രവും; 24 വർഷങ്ങൾക്ക് ശേഷം 'ഫ്രണ്ട്സ്' വീണ്ടും തിയേറ്ററിലേക്ക്
റീ-റിലീസ് മേളയിലേക്ക് വിജയ്, സൂര്യ ചിത്രവും; 24 വർഷങ്ങൾക്ക് ശേഷം 'ഫ്രണ്ട്സ്' വീണ്ടും തിയേറ്ററിലേക്ക്
  • 24 വർഷങ്ങൾക്ക് ശേഷം വിജയ്-സൂര്യ ചിത്രമായ 'ഫ്രണ്ട്സ്' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു.

  • 'ഫ്രണ്ട്സ്' നവംബർ 21ന് 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തും.

  • സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചിത്രത്തിന്റെ തമിഴ് റീമേക്ക് 2001ൽ വിജയ്, സൂര്യ എന്നിവർ അഭിനയിച്ചു.

View All
advertisement