അഭിജിത്ത് ദേവദാസ്
സമീപ വർഷങ്ങളിൽ മാത്രം ശ്രദ്ധ നേടിയ ഒരു പ്രധാന പാരിസ്ഥിതിക പ്രശ്നമാണ് നദികളിലൂടെ സമുദ്രത്തിലേക്ക് ഉള്ള പ്ലാസ്റ്റിക് മലിനീകരണം. മലനിരകളിൽ നിന്നും ഉൾനാടൻ പ്രദേശങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന നദികളും ജല സ്രോതസ്സുകളും സമുദ്രത്തിൽ എത്തുമ്പോൾ നാട്ടിൻപുറങ്ങളിൽ നിന്നും നഗരപ്രദേശങ്ങളിൽ നിന്നും ആയി വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾസമുദ്രത്തിലേക്ക് എത്തുന്നു. ഇത് സമുദ്രത്തിലെയും നദികളുടെയും ആവാസ വ്യവസ്ഥയെ വളരെ ദോഷകരമായി ആണ് ബാധിക്കുന്നത്.
ഈ മാലിന്യ പ്രശ്നങ്ങളുടെ പ്രധാന സ്രോതസ്സുകൾ നിർമ്മാണം, പാക്കേജിങ്, ഉപഭോഗം തുടങ്ങിയ മനുഷ്യപ്രവർത്തനങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകൾ ആണ്. വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും അവയുടെ അശാസ്ത്രീയമായ കയ്യൊഴിയിലും ഇത്തരത്തിലുള്ള ജലമലിനീകരണത്തിന് വലിയ കാരണമാകുന്നു. നമ്മുടെ പ്രദേശങ്ങളിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണ പദ്ധതികൾ ഉണ്ടെങ്കിലും ആളുകൾ ഇപ്പോഴും അത് ഉപയോഗിക്കാതെ അവരുടെ മാലിന്യങ്ങൾ നദിയിലേക്കോ മറ്റു പരിസരപ്രദേശങ്ങളിലേക്ക് വലിച്ചെറിയുന്നു.
നേരിട്ട് നദികളിലേക്കുള്ള പുറന്തള്ളൽ വഴിയോ കാറ്റിലൂടെയോ ഈ മാലിന്യങ്ങൾ നദിയിലേക്കും തുടർന്ന് കടലിലേക്കും എത്തിചേരുന്നു. പല പ്രദേശങ്ങളിലും അപര്യാപ്തമായ മാലിന്യ സംസ്കരണവും, ശരിയായ ബോധവൽക്കരണം ഇല്ലാത്തതും പുനരുപയോഗ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും ഈ തരത്തിലുള്ള മാലിന്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. ഇത് പല നഗരങ്ങളിലെയും ജലമലിനീകരണത്തിനും വെള്ളപ്പൊക്കത്തിനും ഉൾപ്പെടെ കാരണമാകുന്നു. പണ്ട് കുടിവെള്ള ആവശ്യങ്ങൾക്കും കൃഷി ആവശ്യങ്ങൾക്കും മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന പല ജനസുകളുടെയും ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ് ഇതിന്റെ മൂല കാരണം ഇതുപോലെയുള്ള ജലമലിനീകരണം ആണ്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ നദികളിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഇത് നദിയുടെ അടിത്തട്ടിലോട്ടും ഒഴുകി കടലിലോട്ടും എത്തിച്ചേരുന്നതിന് കാരണമാകുന്നു. അത് സമുദ്ര പ്രവാഹങ്ങളിലും, ഗൈറുകളിലും അടിഞ്ഞു കൂടുകയും സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥക്ക് ദോഷകരമായ വലിയ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിനത്തിന്റെ ആഘാതങ്ങൾ വളരെ വലുതാണ്, ഇത് നിരവധിയായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
1. സമുദ്രജീവികൾക്ക് ഹാനികരം – സമൃദ്ധത്തിൽ എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രജീവികൾ ഭക്ഷണമായി തെറ്റിദ്ധരിക്കുകയും ഇത് ഭക്ഷിക്കാൻ കാരണമാകുകയും ചെയ്യുന്നു. ചില ജീവികൾ ഈ പ്ലാസ്റ്റിക്കിനകത്ത് കുടുങ്ങി പോകുന്നതിനും മരണപ്പെടുന്നതിനും കാരണമാകുന്നു. കടലാമകൾ കടൽ പക്ഷികൾ കടൽസസ്തനികൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി സമുദ്ര ജീവികളുടെ വയറ്റിൽ പ്ലാസ്റ്റിക്ക് എത്തുന്ന തായും ശരീരത്തിൽ കുടുങ്ങിപ്പോയി മരണത്തിന് കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
2. ജല മലിനീകരണം – സമുദ്രത്തിലെ പ്ലാസ്റ്റിക് മൈക്രോ പ്ലാസ്റ്റിക് എന്ന് വിളിക്കപ്പെടുന്ന ചെറിയ കണങ്ങളായി വിഘടിച്ച് വിഷ വസ്തുക്കൾ പുറത്തുവിടുന്നു. ഈ വിഷ വസ്തുക്കൾ മത്സ്യങ്ങൾ ഉൾപ്പെടെ ഭക്ഷിക്കുകയും ഇത് നമ്മുടെ ഭക്ഷണശൃംഖലയിൽ പ്രവേശിക്കുകയും ഒടുവിൽ നമ്മുടെ തീൻമേശകളിൽ എത്തിക്കുകയും ചെയ്യുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്.
3. ആരോഗ്യപരമായ ആഘാതങ്ങൾ – കുടിവെള്ളത്തിലും ഭക്ഷണത്തിലും നാം ശ്വസിക്കുന്ന വായുവിൽ പോലും മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. മൈക്രോ പ്ലാസ്റ്റിക് കഴിക്കുന്നതിന്റെ ദീർഘകാല ആരോഗ്യ പ്രത്യേകതകൾ ഇപ്പോഴും നിർവചനീയമാണ്. ഇവ മനുഷ്യന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
4. പാരിസ്ഥിതിക ആഘാതം – സമുദ്രത്തിലെ പ്ലാസ്റ്റിക് വിഘടിക്കാൻ 100 കണക്കിന് വർഷങ്ങൾ എടുത്തേക്കാം. പരിസ്ഥിതിയിൽ ദീർഘകാലം പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. സസ്യങ്ങളുടെ വളർച്ചയും, ജലപ്രവാഹവും പോലെയുള്ള സ്വാഭാവികപ്രക്രിയകളെ തടസ്സപ്പെടുത്തുന്നതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആവാസവ്യവസ്ഥയ്ക്ക് വളരെ ദോഷകരമായ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത്.
Also Read- വിഷവാതകം കൊന്ന ഭോപ്പാൽ; 1984ൽ സംഭവിച്ചതെന്ത്?
5. സാമ്പത്തിക ആഘാതം- പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ജല /സമുദ്ര മലിനീകരണം മത്സ്യബന്ധനം,ടൂറിസം, ഷിപ്പിംഗ്,തുടങ്ങിയ വ്യവസായങ്ങളിൽ കാര്യമായ സാമ്പത്തിക സ്വാധീനം ചെലുത്തും. കടലിലും പുഴകളിലും ഉള്ള ഈ പ്ലാസ്റ്റിക് വീണ്ടെടുക്കുന്നതിനും വൃത്തിയാക്കുന്നതിനുള്ള ചിലവ് വളരെ വലുതാണ്. ഇത് വൃത്തിയാക്കുന്നതിനുള്ള ചിലവ് സർക്കാർ വഹിക്കുന്നതിലൂടെ നമ്മുടെ വികസന പ്രവർത്തനങ്ങൾക്കായി നാം നൽകുന്ന നികുതിപ്പണം ചിലവഴിക്കപ്പെടുന്നു.
നദികളിലൂടെ സമുദ്രത്തിലേക്ക് എത്തിച്ചേരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ഫലപ്രദമായ മാലിന്യ സംസ്കരണവും, പുനരുപയോഗ പ്രവർത്തനങ്ങളും നടപ്പിലാക്കുകയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പനങ്ങളുടെ ബദലുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് വളരെ പ്രാധാന്യം ഏറിയ ഒരു കാര്യമാണ്. കൂടാതെ നദികളിലെ നിലവിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും അവയെ പുണചക്രമണം ചെയ്യുന്നതിലും സംസ്കരിക്കുന്നതിനും നദികളെ പുനർജീവിപ്പിക്കുന്നത്തിനും നൂതനമായ സാങ്കേതിക വിദ്യകളുടെ ഉപയോഗവും, ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.
ഓരോ വർഷവും ഏകദേശം 8 മില്യൺ മെട്രിക് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രങ്ങളിൽ എത്തിച്ചേരുന്നു എന്ന് പറയപ്പെടുന്നു. നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ 2040 ഓടെ ഇത് മൂന്നിരട്ടി ആകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് ഒരു പരിധി വരെ നമുക്ക് ഇല്ലാതെയാക്കാൻ സാധിക്കും.
1. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക. ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കുക – പ്ലാസ്റ്റിക് മലിനീകരണം ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് ആദ്യം തന്നെ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് സ്ട്രോകൾ,പ്ലാസ്റ്റിക് കപ്പുകൾ, പാത്രങ്ങൾ, കട്ലറീസ്, പ്ലാസ്റ്റിക് കണ്ടെയ്നർ തുടങ്ങി ഒട്ടനവധി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പാരിസ്ഥിതിക സൗഹൃദ ബദലുകൾ ഉപയോഗിക്കാനാവും. ഇതുപോലെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്ന നയങ്ങളിലൂടെയും നിയന്ത്രങ്ങളുടെയും പുനയോഗിക്കാവുന്ന ബദലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഒരു പരിധി വരെ ഈ പ്രശ്നങ്ങൾ ലഘൂകരിക്കാനാകും.
2. പൊതുജന അവബോധം വർദ്ധിപ്പിക്കുക- പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ആഘാതങ്ങളെക്കുറിച്ചും പാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ ശരിയായി സംസ്കരിക്കും എന്നതിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നത് ആളുകൾ മാലിന്യങ്ങൾ അശാസ്ത്രീയമായി സംസ്കരിക്കുന്നത് തടയാനും ഉത്തരവാദിത്വമുള്ള പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും, പൊതു ബോധവൽക്കരണ ക്യാമ്പയിനുകൾ സ്കൂൾ പരിപാടികൾ കമ്മ്യൂണിറ്റി ഔട്ട് റീച് സംരംഭങ്ങൾ എന്നിവയിലൂടെ ഇത് ഒരു പരിധിവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും.
3.പുഴകളുടെയും സമുദ്രത്തിന്റെയും അടുത്തുള്ള വിനോദ കേന്ദ്രങ്ങളിൽ മാലിന്യ നിക്ഷേപത്തിനായുള്ള ഭബിന്നുകൾ സ്ഥാപിക്കുക- ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആവശ്യത്തിനുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളും ഭിന്നുകളും ഇല്ലാത്തത് ഒരു പരിധിവരെ മാലിന്യങ്ങൾ പുഴയിലേക്കും ഇതുവഴി കടലിലേക്കും എത്തിച്ചേരുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങൾ അവിടെത്തന്നെ ശേഖരിക്കുകയും, തരംതിരിക്കുകയും തുടർന്ന് മാലിന്യ സംസ്കരണ സംവിധാനങ്ങൾ എത്തിക്കുകയും ചെയ്താൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾ പരിഹരിക്കാം.
4. ട്രാഷ് ട്രാപ്പുകളും ലിറ്റർ ബൂമുകളും- നദികളിലൂടെ എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിലേക്ക് എത്തിച്ചേരാതിരിക്കാൻ നദികളുടെയും കനാലുകളുടെയും തന്ത പ്രധാനമായ സ്ഥലങ്ങളിൽ ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഒരു പരിധിവരെ പുഴകളിലൂടെ സമുദ്രത്തിലേക്ക് എത്തുന്ന മാലിന്യങ്ങൾ ശേഖരിക്കാനും സംസ്കരിക്കാനും സഹായിക്കും.
5. ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്- ശുചീകരണ പ്രവർത്തനങ്ങൾ – നദീതട ശുചീകരണ പ്രവർത്തനങ്ങൾ നിലവിൽ ജലപാതകളിൽ പ്രവേശിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി സഹായിക്കും. ഈ പരിപാടികൾ പ്രാദേശിക സർക്കാരുകൾക്കോ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കോ ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കോ നടത്താം ഇതിൽ വെള്ളത്തിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്താൻ സാധിക്കും. ഇത് ഒരു പരിധിവരെ നിലവിലുള്ള പ്ലാസ്റ്റിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആളുകളിൽ ബോധവൽക്കരണം ഉണ്ടാക്കുന്നതിനും സഹായിക്കും.
6. പാരിസ്ഥിതിക സൗഹൃദ ബദൽ ഉൽപ്പന്നങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുക :- ഈ രീതിയിലുള്ള ഉൽപ്പന്നങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്നത് നദികളിലും സമുദ്രങ്ങളിലും അവസാനിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ ഒരു ഒരു പരിധിവരെ സഹായിക്കും. ഗവേഷണത്തിനും വികസനത്തിനുമായുള്ള ഫണ്ടിങ്ങും പ്രോത്സാഹനങ്ങളും നൽകിക്കൊണ്ട് ഗവൺമെന്റ്കൾക്കും ബിസിനസുകൾക്കും ഈ തരത്തിലുള്ള ഉത്പന്നങ്ങളുടെ വികസനത്തിനും അവലംബനത്തിനും പിന്തുണ നൽകാനാകും.
മൊത്തത്തിൽ നദികളുടെ ഉള്ള പ്ലാസ്റ്റിക് മലിനീകരണം ലഘൂകരിക്കുന്നതിന് പ്രതിരോധം ശുചീകരണം പൊതുജന ബോധവൽക്കരണ ശ്രമങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ബഹുമുഖ സമീപനം ആവശ്യമാണ്. സർക്കാർ സർക്കാർ ഇതര മേഖലയിലെ മാലിന്യ പ്രവർത്തകരും സംരംഭകരും ഉൾപ്പെടെ ഒരു കൂട്ടായ പരിശ്രമം നടത്തിയാൽ മാത്രമേ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുകയുള്ളൂ.
ഈ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ജലപാതകളിലേക്ക് പ്രവേശിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കാനും നമ്മുടെ സമൂഹത്തിന്റെയും ജല ആവാസവ്യവസ്ഥായുടെയും ആരോഗ്യ സംരക്ഷണം നടപ്പിലാക്കാനും സാധിക്കും. നാം ഇന്ന് ഉപയോഗിക്കുന്ന ജലസ്രോതസ്സുകളും നമ്മുടെ പരിസ്ഥിതിയും നമ്മുടെ നാളത്തെ സമൂഹത്തിനും തലമുറയ്ക്കും വേണ്ടിയുള്ളത് കൂടെയാണ് ഇവയെ നശിപ്പിക്കാതിരിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഓരോ പൗരന്റെത് കൂടെയാണ് എന്ന ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിച്ചാൽ ഈ മാലിന്യ പ്രശ്നങ്ങൾക്ക് ഒരു സുസ്ഥിരമായ മാറ്റം കൊണ്ടുവരാനാകും.
(കോഴിക്കോട് ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻ റീജിയണൽ ഓപ്പറേഷൻസ് മാനേജരാണ് ലേഖകൻ)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Water pollution, World Water Day