വെല്ലിങ്ടൺ; ന്യൂസിലാൻഡ് പര്യടനത്തിനെത്തിയ പാക് ക്രിക്കറ്റ് താരങ്ങളിൽ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കർശന നടപടികളുമായി ന്യൂസിലാൻഡ് ആരോഗ്യവകുപ്പ് രംഗത്തെത്തി. മതിയായ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാക് ടീം മാനേജ്മെന്‍റ് സ്വീകരിച്ചില്ലെന്ന ആരോപണവും ന്യൂസിലാൻഡ് ഉയർത്തുന്നുണ്ട്. ഏതായാലും കളിക്കാരെയെല്ലാം ഹോട്ടലിൽ നിർബന്ധിത ക്വറന്‍റീനിലാക്കിയിട്ടുണ്ട്.
ഇടവിട്ട ദിവസങ്ങളിൽ തുടർച്ചയായി കോവിഡ് പരിശോധന നടത്തുമെന്നും, എല്ലാ കളിക്കാരെയും നെഗറ്റീവ് ആയതിനുശേഷം മാത്രമെ കളിക്കാൻ അനുവദിക്കുകയുള്ളുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വ്യക്തമായ കോവിഡ് നിർദേശങ്ങൾ പാക് കളിക്കാർക്ക് നൽകിയെങ്കിലും, വിമാനതതാവളത്തിൽ എത്തിയതുമുതൽ അവർ അത് പാലിച്ചില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ ടീമിന് മൊത്തത്തിൽ അന്തിമ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
“ന്യൂസിലാന്റിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ വിദേശ രാജ്യങ്ങൾ എത്തുന്നത് ഒരു അംഗീകാരമാണ്. എന്നാൽ അത് തങ്ങളുടെ നാട്ടുകാരിൽ കോവിഡ് വ്യാപിക്കാൻ ഇടയാകരുത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്” ഉന്നത ആരോഗ്യ ഉദ്യോഗസ്ഥൻ ആഷ്‌ലി ബ്ലൂംഫീൽഡ് പറഞ്ഞു.
കർശനമായ ക്വറന്‍റീൻ നടപടികളിലൂടെയും വേഗത്തിലുള്ള പരിശോധനയിലൂടെയും സ്നാപ്പ് ലോക്ക്ഡൌണുകളിലൂടെയും ന്യൂസിലാൻഡ് കോവിഡ് വ്യാപനത്തെ വലിയ തോതിൽ ഇല്ലാതാക്കി, മഹാമാരി ആരംഭിച്ചതിനുശേഷം വെറും 1,684 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്.
പാകിസ്ഥാൻ ന്യൂസിലാൻഡിലേക്കു പുറപ്പെടുന്നതിനുമുമ്പു തന്നെ താരങ്ങൾക്ക് കോവിഡ് ഉണ്ടായിരുന്നതായും ഇത് മറച്ചുവെച്ചതായും ആരോപണമുണ്ട്. അവരുടെ ഓപ്പണിങ് ബാറ്റ്സ്മാൻ ഫഖർ സമന് തുടർച്ചയായി പനിയുണ്ടായിരുന്നെന്നും, പരിശോധനയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് അത് നെഗറ്റീവായിരുന്നുവെന്നാണ് പാകിസ്ഥാന്‍റെ വിശദീകരണം.
മൂന്ന് ട്വന്റി -20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളും ഉള്ള ഈ പര്യടനം ഡിസംബർ 18 ന് ആരംഭിക്കും. ആദ്യ ടി20 ത്സരം ഓക്ക്‌ലാൻഡിൽ നടക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.