സ്വപ്രയത്‌നത്താല്‍ ജീവിതവിജയം നേടി, ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി നൈകയുടെ സ്ഥാപകയായ ഫല്‍ഗുനി നയ്യാരെ ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 തിരഞ്ഞെടുത്തു. 38,700 കോടി രൂപ ആസ്തിയുള്ള ഫല്‍ഗുനി നയ്യാർ, ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷായെ (24,800 കോടി രൂപ) മറികടന്നാണ് ഒന്നാമതെത്തിയത്.
- കൊട്ടക് മഹീന്ദ്ര ബാങ്കില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് മാനേജിംഗ് ഡയറക്ടറായിരുന്ന ഫല്‍ഗുനി നയ്യാര്‍ ആ ജോലി രാജി വെച്ച് 2012-ൽ തുടങ്ങിയതാണ് നെെക. രാജ്യത്തെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓണ്‍ലൈനില്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത്ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണ് ഇത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങൾക്ക് പുറമേ ഫാഷൻ, ലെെഫ്സ്റ്റെൽ മേഖലകളിലേക്ക് നെെക ബിസിനസ് വിപുലീകരിച്ചു. 2,600ൽ അധികം അന്തർദേശീയ ബ്രാൻഡുകളും നൂറിലധികം ഓഫ്‌ലൈൻ സ്റ്റോറുകളുമായി നെെക മുന്നേറുകയാണ്. 2019-ൽ സ്റ്റാർട്ട്-അപ്പ് വിഭാഗത്തിൽ EY സംരംഭകൻ ഓഫ് ദി ഇയർ അവാർഡ് ഫാൽഗുനിക്ക് ലഭിച്ചതായും ഐഎഫ്എഫ്എൽ പ്രസ്താവനയിൽ പറഞ്ഞു.
നിങ്ങളുടെ നഗരത്തിൽ നിന്ന്(തിരുവനന്തപുരം)
- ആരാണ് ഫല്‍ഗുനി നയ്യാർ ? എങ്ങനെയാണ് അവർ ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായത്?
- ഗുജറാത്തി കുടുംബത്തിൽ ജനിച്ച ഫല്‍ഗുനി നയ്യാർ വ്യാപാരം, നിക്ഷേപങ്ങൾ, ഓഹരി വിപണി, എന്നിവയെക്കുറിച്ച് വളരെ ചെറുപ്പത്തിലെ മനസ്സിലാക്കിയിരുന്നു. ഫല്‍ഗുനിയുടെ മാതാപിതാക്കൾ ചെറിയൊരു കമ്പനി നടത്തിയിരുന്നു . അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് ബിരുദം നേടിയ ഫല്‍ഗുനി തന്റെ കരിയറിന്റെ ഭൂരിഭാഗവും കൊട്ടക് മഹീന്ദ്ര ബാങ്കിലാണ് ചിലവഴിച്ചത്.
- കൊട്ടക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന ഫല്‍ഗുനി നയ്യാർ 2009 ലാണ് ആദ്യമായി ഒരു സംരംഭകയാവുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. 2011-ഓടെയാണ് സൗന്ദര്യവര്‍ദ്ധക മേഖലയിൽ ഒരു മൾട്ടി-ബ്രാൻഡ് റീട്ടെയിലർ തുടങ്ങുന്നതിനെക്കുറിച്ച് ഫല്‍ഗുനി നയ്യാർ ചിന്തിക്കുന്നത്.
- 2012ല്‍ 50-വയസ് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഫല്‍ഗുനി നയ്യാര്‍, നൈക എന്ന പുതിയ ബിസിനസ് ആശയം അവതരിപ്പിക്കുന്നത്. ഇത് രാജ്യത്തെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓണ്‍ലൈനില്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത്ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണ്. അക്കാലത്ത്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ കൂടുതലും ആശ്രയിച്ചിരുന്നത് സമീപത്തെ ചെറുകിട ഷോപ്പുകളെയായിരുന്നു. നൈകയുടെ കടന്നു വരവോടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളും വീടുകളിൽ ഇരുന്ന് തന്നെ വാങ്ങാമെന്നായി. അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഉൾക്കൊള്ളിച്ച് ശ്രേണി വിപുലമാക്കിയത്തോടെ നൈക ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി.
- സുന്ദരികളാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു എന്ന് ഫൽഗുനി ഒരിക്കൽ നൈകയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
- പണം സമ്പാദിക്കുക എന്നതായിരുന്നില്ല ഫൽഗുനിയുടെ ലക്ഷ്യം. അതിനാൽ രണ്ട് വർഷത്തോളം കമ്പനി കുടുംബസ്വത്തിലാണ് പ്രവർത്തിച്ചത്. എന്നാൽ പിന്നീട് കമ്പനി വിപുലീകരിക്കാനായി. നിക്ഷേപകരുടെ അടുത്തേക്ക് പോകുമ്പോൾ ഞാനും ഭർത്താവും ബാങ്കർമാരായിരുന്നതിനാൽ അത് എളുപ്പമായിരുന്നു എന്നാണ് ഫൽഗുനി പറഞ്ഞത്.
- ബോളിവുഡ് അഭിനേതാക്കളുടെയും സെലിബ്രിറ്റികളുടെയും പരസ്യ വീഡിയോകളും, 70-ലധികം സ്റ്റോറുകളും മറ്റും ഉപയോഗിച്ച് ഓണ്‍ലൈന്‍ വില്‍പ്പനയിൽ വർദ്ധനവുണ്ടാക്കാൻ നൈകയിലൂടെ ഫൽഗുനിക്ക് കഴിഞ്ഞു. ഇന്ന് നൈകയിലൂടെ 300ലധികം ആഭ്യന്തര, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. മെയ്‌ബെലിന്‍, ലാക്‌മെ, ലോറിയല്‍, മാക് (MAC), ഹൂഡ ബ്യൂട്ടി (Huda Beatuy), എസ്റ്റി ലൗഡര്‍ ( Estee Lauder) എന്നിവയുള്‍പ്പെടെയുള്ള ആഡംബര ബ്രാന്‍ഡുകള്‍ നൈകയിൽ ലഭ്യമാണ്.
- ഇക്കണോമിക് ടൈംസ് റിപ്പോർട്ടനുസരിച്ച് വെറും അഞ്ച് റൗണ്ട് ഫണ്ടിംഗിന് ശേഷം നൈകയുടെ മാതൃ കമ്പനിയായ എഫ് എസ് എന്‍ ഇ-കൊമേഴ്സ് 2020 മാർച്ചിൽ യൂണികോണ്‍ അംഗമാകുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത സംരംഭമായി മാറി.
- ''ഞാന്‍ 50-ാം വയസ്സില്‍ യാതൊരു ബിസിനസ് പരിചയവുമില്ലാതെയാണ് നൈക ആരംഭിച്ചത്. നൈകയുടെ യാത്ര നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ ജീവിതത്തിലെ 'നൈക' ('ശ്രദ്ധിക്കപ്പെടുന്നത്' എന്നര്‍ത്ഥത്തില്‍) ആകാന്‍ പ്രചോദിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (NSE) തന്റെ കമ്പനിയുടെ ലിസ്റ്റിങ്ങിന് മുന്നോടിയായി ഫൽഗുനി പറഞ്ഞു. 6.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നൈകയുടെ പകുതിയോളം ഓഹരികള്‍ ഫാല്‍ഗുനി നയ്യാര്‍ക്ക് സ്വന്തമാണ്.
- ബ്രൈഡല്‍ മേക്കപ്പ് അവശ്യസാധനങ്ങളും, ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ലിപ്സ്റ്റിക്ക്, ഫൗണ്ടേഷന്‍, നെയില്‍ പോളീഷ് എന്നിവയും വാഗ്ദാനം ചെയ് നൈക കുറഞ്ഞ വര്‍ഷങ്ങള്‍ക്കൊണ്ട് രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ ബ്യൂട്ടി റീട്ടെയിലര്‍ ആയി മാറി. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വില്‍പ്പന 35 ശതമാനം ഉയര്‍ന്ന് 330 മില്യണ്‍ ഡോളറിലെത്തിയെന്ന് നൈകയുടെ ഫയലിംഗിൽ പറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
- കൊട്ടക് മഹീന്ദ്ര ബാങ്കില്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് മാനേജിംഗ് ഡയറക്ടറായിരുന്ന ഫല്‍ഗുനി നയ്യാര്‍ ആ ജോലി രാജി വച്ചാണ് നൈകയ്ക്ക് തുടക്കം കുറിച്ചത്. കമ്പനിക്ക് ഇനിയും ''ഒരുപാട് മുന്നോട്ട് പോകാനുണ്ട്'' എന്നാണ് ഫല്‍ഗുനി വിശ്വസിക്കുന്നത്. ഫാഷന്‍ വ്യവസായ രംഗത്ത് നൈക ബ്രാന്‍ഡ് ഇതിനകം ഇടം നേടി കഴിഞ്ഞു. ഫല്‍ഗുനിയുടെ മകളും മകനുമാണ് ഇപ്പോള്‍ ആ വിഭാഗം കൈകാര്യം ചെയ്യുന്നത്. സ്ഥിരമായ ലാഭത്തിന്റെ പിന്‍ബലത്തില്‍ നൈക സ്വന്തമായി സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ, ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങൾ, മുടി സംരക്ഷണ ഉത്പന്നങ്ങൾ, വസ്ത്രങ്ങള്‍ തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സൗന്ദര്യ വര്‍ധക ഈ-കൊമേഴ്സ് ബിസിനസിന്റെ ചുമതല കൊളംബിയ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ ഫാല്‍ഗുനിയുടെ മകന്‍ അങ്കിതിന് ആണ്. നൈകയുടെ ഫാഷന്‍ മേഖലയുടെ ചുമതല വഹിക്കുന്നത് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എം ബി എ പഠനം കഴിഞ്ഞ മകള്‍ അദ്വൈതയാണ്.
- നെെകയുടെ നിക്ഷേപകരിൽ യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഭീമൻ ടിപിജി ഗ്രോത്തും ശതകോടീശ്വരൻമാരായ ഹർഷ് മാരിവാലയും ഹാരി ബംഗയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
- ടാറ്റാ മോട്ടോഴ്സ് ബോര്‍ഡില്‍ സ്വതന്ത്ര അംഗമായിരുന്ന ഫല്‍ഗുനി നയ്യാര്‍, അവൈവ ഇന്‍ഷുറന്‍സ് ബോര്‍ഡ്, ഡാബര്‍ ഇന്ത്യ എന്നീ കമ്പനികളുടെ ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
- അന്തരിച്ച ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യ രേഖ ജുൻജുൻവാലയും ( ആസ്തി 37,200 കോടി രൂപ) ഗോദ്‌റെജിന്റെ സ്മിത വി കൃഷ്ണ (32,000 കോടി രൂപ), സോഹോ കോർപ്പറേഷന്റെ രാധാ വെമ്പു (30,500 കോടി രൂപ) എന്നിവരും ഫൽഗുനി നയ്യാർക്കൊപ്പം പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
- വിവിധ മേഖലകളിലായി 9,800 കോടി രൂപയുടെ ഇക്വിറ്റി പോർട്ട്‌ഫോളിയോ ഉള്ള സജീവ നിക്ഷേപകയാണ് രേഖ ജുൻജുൻവാലയെന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത് .
- ജുൻജുൻവാലയുടെ സ്ഥാപനമായ റെയർ എന്റർപ്രൈസസ് ഉത്പൽ സേത്തും അമിത് ഗോയലയും നിയന്ത്രിക്കുന്നത് തുടരുമെങ്കിലും കമ്പനിയുടെ മാനേജ്‌മെന്റിൽ രേഖ ഒരു വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ.
- 71വയസ്സുകാരിയായ സ്മിത വി കൃഷ്ണയ്ക്കും സഹോദരങ്ങൾക്കുമായി ഗോദ്‌റെജ് ഗ്രൂപ്പിന്റെ അഞ്ചിലൊന്ന് സ്വന്തമായുണ്ടെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 2014-ൽ, അന്തരിച്ച ആറ്റോമിക് ഭൗതികശാസ്ത്രജ്ഞൻ ഡോ. ഹോമി ജെ ഭാഭയുടെ ബംഗ്ലാവ് 371 കോടി രൂപയ്ക്ക് സ്മിത വി കൃഷ്ണ വാങ്ങിയിരുന്നു.
- 50 വയസ്സുകാരിയായ രാധ വെമ്പു തന്റെ സഹോദരൻ ശ്രീധറുമായി സഹകരിച്ച് സ്ഥാപിച്ച സോഹോ എന്ന ഇന്ത്യൻ സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയതായാണ് ജിക്യു ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 1972 ഡിസംബർ 24-ന് മദ്രാസ് ഹൈക്കോടതിയിലെ സ്റ്റെനോഗ്രാഫറായ സാംബമൂർത്തി വെമ്പുവിന്റെ മകളായി ചെന്നൈയിലാണ് രാധ വെമ്പു ജനിച്ചത്.
- ചെന്നൈയിലെ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1997 ൽ മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിസിനസ് മാനേജ്‍മെന്റ് കോഴ്സിലാണ് രാധ ബിരുദം നേടിയത്.
- പഠനകാലത്ത് തന്നെ 1996-ൽ രാധ പ്രിൻസ്റ്റണിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടിയ സഹോദരൻ ശ്രീധറുമായി ചേർന്ന് അഡ്വൻനെറ്റ് എന്ന കമ്പനി സ്ഥാപിച്ചു. പിന്നീട് സോഹോ കോർപ്പറേഷൻ എന്ന് പേരുമാറ്റിയ ഈ കമ്പനിക്ക് ലോകമെമ്പാടുമുള്ള ഒമ്പത് രാജ്യങ്ങളിലായി 60 ദശലക്ഷത്തിലധികം ഉപയോക്താക്കളും 12 ഓഫീസുകളുമുണ്ട്.
- പട്ടികയിൽ ഇടം നേടിയവർക്ക് ആകർഷകമായ പോർട്ട്‌ഫോളിയോകൾ ഉണ്ടെങ്കിലും അവർ ഇപ്പോഴും ലോകത്തിലെ ഏറ്റവും ധനികരായ സ്ത്രീകളെക്കാൾ പിന്നിലാണ് - ഫ്രാൻസ്വാ ബെറ്റൻകോർട്ട് മേയേഴ്‌സ്, ആലീസ് വാൾട്ടൺ, ജൂലിയ കോച്ച് എന്നിവരാണ് ലോകത്തിലെ ഏറ്റവും ധനികരായ സ്ത്രീകൾ.
- ഫോർബ്‌സിന്റെ കണക്കനുസരിച്ച്, സൗന്ദര്യ ഭീമനായ ലോറിയലിന്റെ സ്ഥാപകന്റെ ചെറുമകളായ ഫ്രാൻസ്വാ ബെറ്റൻകോർട്ട് മേയേഴ്‌സിന്റെ മൂല്യം 74.8 ബില്യൺ ഡോളറാണ്.
- വാൾമാർട്ട് റീട്ടെയിലർ കുടുംബാഗമായ ആലീസ് വാൾട്ടണിന്റെ മൂല്യം 65.3 ബില്യൺ ഡോളറാണ്. ഫ്രാൻസ്വാ ബെറ്റൻകോർട്ട് മേയേഴ്‌സിന് മുമ്പ് ആലീസ് വാൾട്ടൺ ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയായിരുന്നു.
- അന്തരിച്ച അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായ ഡേവിഡ് കോച്ചിന്റെ ഭാര്യ ജൂലിയ കോച്ചിന്റെ ആസ്തി 60 ബില്യൺ ഡോളറാണ്. ഫോർബ്‌സ് റിപ്പോർട്ട് പ്രകാരം യുഎസിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായ കോച്ച് ഇൻഡസ്ട്രീസിന്റെ 42 ശതമാനം അവകാശവും ജൂലിയ കോച്ചിന്റെയും അവരുടെ കുട്ടികളുടെയും പേരിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.