ഇതില്ലാത്ത ഒരിടവും ഈ ഭൂമിയിലില്ലേ ? മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക് ദീപുകള്‍ക്കും ട്രംപിന്റെ തീരുവ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ട്രംപ് തീരുവ പ്രഖ്യാപിച്ച രണ്ട് ദ്വീപുകളിലേക്കും എത്തിപ്പെടുക തന്നെ വളരെ പ്രയാസമാണ്
വ്യപാര യുദ്ധത്തിന്റെ തീവ്രത കൂട്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. ഹിമാനികളും പെന്‍ഗ്വിനുകളും സീലുകളും മാത്രം വസിക്കുന്ന, ജനവാസമില്ലാത്ത അന്റാര്‍ട്ടിക്കയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വ്വത ദ്വീപുകളാണ് ട്രംപിന്റെ തീരുവ പകയ്ക്ക് ഇരയായിരിക്കുന്നത്. ഓസ്‌ട്രേലിയയോടൊപ്പം പത്ത് ശതമാനം ഇറക്കുമതി തീരുവയാണ് ഇവിടെ നിന്നുള്ള ഉത്പന്നങ്ങള്‍ക്കും ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
രസകരമെന്നു പറയട്ടെ, ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഹേര്‍ഡ് ദ്വീപും, മക്‌ഡൊണാള്‍ഡ് ദ്വീപുകളും. ഓസ്‌ട്രേലിയയുടെ പുറത്തുള്ള പ്രദേശങ്ങളാണിത്. ട്രംപ് അഴിച്ചുവിട്ട വ്യാപാരയുദ്ധത്തിന്റെ ആഘാതം മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളും നേരിടുന്നു എന്നത് വിചിത്രമാണ്. ഓസ്‌ട്രേലിയന്‍ നഗരമായ പേര്‍ത്തില്‍ നിന്നും രണ്ടാഴ്ചയോളം ബോട്ടില്‍ സഞ്ചരിച്ചാല്‍ മാത്രമേ ഇവിടെയെത്താന്‍ സാധിക്കുകയുള്ളു എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. മാത്രമല്ല, മനുഷ്യവാസമില്ലാത്ത ഇവിടെ ഒരു ദശാബ്ദത്തിനിടെ ഒരു മനുഷ്യന്‍ പോലും കാലുകുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
' ഭൂമിയിലെ ഒരിടവും സുരക്ഷിതമല്ലെന്നാണ്' ട്രംപിന്റെ ഈ അപ്രതീക്ഷിതവും വിചിത്രവുമായ നടപടിക്കു തൊട്ടുപിന്നാലെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനിസ് കടുത്തഭാഷയില്‍ പ്രതികരിച്ചത്. ഇത് ഒരു സുഹൃത്തിന്റെ പ്രവൃത്തിയല്ലെന്നും തന്റെ രാജ്യം നികുതി വ്യവസ്ഥയിലൂടെ ഇതിന് പ്രതികാരം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യന് എത്തിപ്പെടാന്‍ പോലും സാധിക്കാത്ത പ്രദേശങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
advertisement
ഓസ്‌ട്രേലിയന്‍ അന്റാര്‍ട്ടിക് പ്രോഗ്രാമില്‍ നൽകുന്ന വിവരമനുസരിച്ച് ട്രംപ് തീരുവ പ്രഖ്യാപിച്ച രണ്ട് ദ്വീപുകളിലേക്കും എത്തിപ്പെടുക തന്നെ വളരെ പ്രയാസമാണ്. ഓസ്‌ട്രേലിയയുടെ പ്രധാന ഇടങ്ങളിൽ നിന്ന് 4,000 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി ദക്ഷിണ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സബ് അന്റാര്‍ട്ടിക് ദ്വീപസമൂഹങ്ങളുടെ ഭാഗമാണ് ഈ രണ്ട് ദ്വീപുകളും. പെന്‍ഗ്വിനുകളുടെയും സീലുകളുടെയും വിവിധ പക്ഷിമൃഗാദികളുടെയും കോളനികള്‍ തന്നെ ഈ ദ്വീപുകളിലുണ്ട്. ഇവയില്‍ ചിലത് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ സംരക്ഷിച്ചുനിര്‍ത്തേണ്ടവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ്.
ഏപ്രില്‍ രണ്ട് ബുധനാഴ്ചയാണ് യുഎസിനുമേല്‍ ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് 'ഡിസ്‌കൗണ്ടുള്ള പകരച്ചുങ്കം' പ്രഖ്യാപിച്ചത്. പത്ത് ശതമാനം അടിസ്ഥാന തീരുവയാണ് വ്യാപാര പങ്കാളികളായിട്ടുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയത്. എന്നാല്‍, ചില രാജ്യങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന തീരുവയും പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 26 ശതമാനവും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനവുമാണ് പകരച്ചുങ്കം. അതേസമയം, വിയറ്റ്‌നാമില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 45 ശതമാനമാണ് തീരുവ. തായ്‌ലന്‍ഡിന് 36 ശതമാനവും തീരുവ ചുമത്തും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനം തീരുവയും ചുമത്തും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 03, 2025 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇതില്ലാത്ത ഒരിടവും ഈ ഭൂമിയിലില്ലേ ? മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക് ദീപുകള്‍ക്കും ട്രംപിന്റെ തീരുവ