നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഇറാഖ് പ്രധാനമന്ത്രിക്ക് നേരെയുള്ള ഡ്രോൺ ആക്രമണം; സംശയമുന നീളുന്നത് പ്രതിപക്ഷ കക്ഷികളിലേക്കും ഇറാനിലേക്കും

  ഇറാഖ് പ്രധാനമന്ത്രിക്ക് നേരെയുള്ള ഡ്രോൺ ആക്രമണം; സംശയമുന നീളുന്നത് പ്രതിപക്ഷ കക്ഷികളിലേക്കും ഇറാനിലേക്കും

  ഇറാനും ഇറാഖും ഇസ്രായേലും അഫ്ഗാനിസ്ഥാനും ഒക്കെ ഉൾപ്പെടുന്ന മേഖലയിൽ വാഴുന്നത് അരാജകത്വമാണെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് സംഭവങ്ങൾ

  • Share this:
  ലോകത്ത് ഒരു രാഷ്ട്ര നേതാവ് വീണ്ടും ആക്രമിക്കപ്പെട്ടു. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി തലനാരിഴയ്ക്കാണ് കൊലപാതകശ്രമത്തിൽ നിന്നു രക്ഷപെട്ടത്. ഡ്രോൺ ആക്രമണത്തിൽ വീടും വാഹനങ്ങളും തകർന്നു. 25 വർഷം മുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ഇത്ഷാക് റാബിൻ കൊല്ലപ്പെട്ട ശേഷം ഏഷ്യയിൽ ഒരു രാഷ്ട്ര നേതാവിനേ നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണം ആണ് ഇപ്പോഴത്തേത്.

  പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി വന്നിറങ്ങുമ്പോൾ വാഹനം തകർക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. പക്ഷേ, തലനാരിഴയ്ക്കാണ് പ്രധാനമന്ത്രി രക്ഷപ്പെട്ടത്. ആക്രമണം നടക്കുമ്പോൾ വീടിനുള്ളിൽ കയറി കഴിഞ്ഞിരുന്നു കാദിമി. അവിടെ ചിതറിക്കിന്നത് അത്യാധുനികമായ കവചിത വാഹനമാണ്. പൊളിഞ്ഞു വീണത് അതീവ സുരക്ഷാ സംവിധാനങ്ങളോടെ നിർമിച്ച പോർട്ടിക്കോയാണ്.

  പ്രധാനമന്ത്രിയുടെ വീടിന്റെ പലഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടു. കൈക്കു് നിസാര പരുക്കോടെ പ്രധാനമന്ത്രി രക്ഷപെട്ടു.  ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ഗുരുതരമായി പരുക്കേറ്റു ചികിൽസയിലാണ്.

  ടൈഗ്രീസ് നദീതീരത്തു നിന്നു നിയന്ത്രിത മേഖലയിലേക്ക് ഒരേ സമയം മൂന്നു ഡ്രോണുകളാണ് പറന്നെത്തിയത്. ഒരെണ്ണം മേഖലയിൽ എത്തും മുൻപ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിട്ടു. മാരകമായ സ്‌ഫോടകവസ്തുക്കൾ ആയിരുന്നു ആ ഡ്രോണിൽ. രണ്ടാമത്തേത് പ്രധാനമന്ത്രിയുടെ വസതിക്കു സമീപം എത്തിയ ശേഷമാണ് വെടിവച്ചിടാൻ കഴിഞ്ഞത്. അതിലും ഉണ്ടായിരുന്നു നിരവധി സഫോടക വസ്തുക്കൾ. രണ്ടെണ്ണം വെടിവച്ചിട്ട സമയത്തിനിടെ മൂന്നാമത്തെ ഡ്രോൺ ദൗത്യം പൂർത്തിയാക്കി. ആ ഡ്രോണിൽ നിന്നു ബോംബ് വീണതിനു പിന്നാലെ മിനിറ്റുകളോളം നീണ്ട വെടിവയ്പ്പിൽ ബാഗ്ദാദ് നടുങ്ങി.

  ആരാണ് ഉത്തരവാദികൾ എന്ന ചോദ്യത്തിന് പ്രതിപക്ഷ കക്ഷികളിലേക്കും ഇറാനിലേക്കുമാണ് സംശയമുന നീളുന്നത്. കഴിഞ്ഞമാസം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇറാനിലെ അതി തീവ്ര നിലപാടുകാരുടെ പിന്തുണയുള്ള ഫതാ സഖ്യം എന്നറിയപ്പെടുന്ന ഹാഷെദ് അൽ ഷാബി പാർലമെന്ററി നെറ്റ് വർക്കിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. നിരവധി സീറ്റുകളാണ് പ്രതിപക്ഷ സഖ്യത്തിന് ഇടിഞ്ഞത്. അന്നുമുതൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാരോപിച്ച് തെരുവുകളിൽ എങ്ങും പ്രതിഷേധം തുടരുകയാണ്.

  2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു ശേഷം ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. 36 ശതമാനം മാത്രമാണ് വോട്ട് ചെയ്യാൻ എത്തിയത്. അതി തീവ്ര ഷിയാ പുരോഹിതൻ മുഖ്താദാ അൽ സാദറുടെ പാർട്ടിയുടെ സീറ്റ് 54ൽ നിന്ന് 73 ആയി വർദ്ധിച്ചു. ഫതേ പാർട്ടിക്ക് 48ൽ നിന്നു 16 ആയി കുറഞ്ഞു. ഇതാണ് ഫതേ പാർട്ടികളേയും അണികളേയും പ്രകോപിതരാക്കിയത്.

  ഈ പ്രതിഷേധത്തിന് കാരണമുണ്ട്. സീറ്റിന്റെ എണ്ണത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ഫതേ പാർട്ടിക്ക് അൽ സാദറുടെ പാർട്ടിയേക്കാൾ വോട്ട് ലഭിച്ചു. ഫതേ പാർട്ടിക്ക് ആറു ലക്ഷത്തി എഴുപതിനായിരം വോട്ട് കിട്ടിയപ്പോൾ അൽ സാദറുടെ പാർട്ടിക്കു കിട്ടിയത് ആറര ലക്ഷം വോട്ട് മാത്രമാണ്.

  2019ൽ തെരഞ്ഞെടുപ്പു നയം പരിഷ്‌കരിച്ചതാണ് ഈ സ്ഥിതിക്കു കാരണം. മുൻപ് ഒരാൾക്ക് ജയിക്കാൻ അയ്യായിരം വോട്ട് വേണമെങ്കിൽ കൂടുതൽ കിട്ടുന്നത് അതേ പാർട്ടിയിലെ രണ്ടാമത്തെ ആൾക്ക് കൈമാറും. ഇതോടെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് രണ്ടും മൂന്നും പേർ ജയിച്ചുവരും. പുതിയ സംവിധാനത്തിൽ ഒരാൾക്കു കിട്ടിയ വോട്ടുകൾ കൈമാറാൻ കഴിഞ്ഞില്ല. ഇതോടെ ഫതേ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ പേരെ ജയിപ്പിക്കാനുള്ള സാധ്യത ഇല്ലാതായി. അതുകൊണ്ടാണ് കൂടുതൽ വോട്ട് കിട്ടിയിട്ടും ജയിച്ചവരുടെ എണ്ണം കുറഞ്ഞത്. ഈ അസംതൃപ്തിയാണ് നിലവിലെ പ്രധാനമന്ത്രിക്ക് എതിരായ ആക്രമണം ആയി മാറിയത്.

  തെരഞ്ഞെടുപ്പു ഫലം വന്നെങ്കിലും പുതിയ സർക്കാർ അധികാരത്തിലെത്താനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. അതി തീവ്ര ഷിയാ നേതാവായ മുഖ്താദാ അൽ സാദറിനെ പ്രധാനമന്ത്രിയാകുമെന്നാണ് പ്രചാരണം. ഇറാനിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ഫതേ പാർട്ടിക്കാണെങ്കിൽ പരമാധികാരി അയത്തുല്ല അൽ ഖമേനിയുടെ ഏറ്റവും വലിയ അടുപ്പക്കാരനാണ് അൽ സാദർ. ഇറാൻ രാഷ്ട്രീയത്തിലെ ഭിന്നത തന്നെയാണ് ഇപ്പോൾ ഇറാഖിലും നിഴലിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പുതിയ സർക്കാർ എന്നുവരും എന്നറിയാത്ത അനിശ്ചിതത്വം ഒരുവശത്ത്. നിലവിലെ പ്രധാനമന്ത്രി പോലും സുരക്ഷിതനല്ല എന്ന തിരിച്ചറിവ് മറുവശത്ത്.

  മധ്യേഷ്യയിൽ നിന്ന് ഇപ്പോൾ വരുന്നതൊന്നും സമാധാനത്തിന്റെ സന്ദേശങ്ങളല്ല. അടിക്കടി ആവർത്തിക്കുകയാണ് ആശങ്കയുണ്ടാക്കുന്ന സ്‌ഫോടനങ്ങൾ.
  Published by:Karthika M
  First published:
  )}