Il Foglio: എഐ തയാറാക്കിയ ലോകത്തിലെ ആദ്യത്തെ ദിനപ്പത്രം പുറത്തിറങ്ങി
- Published by:Sarika N
- news18-malayalam
Last Updated:
പത്രത്തിന്റെ നാലു പേജുള്ള എഡിഷന്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്
പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മിച്ച പതിപ്പ് പുറത്തിറക്കുന്ന ലോകത്തെ ആദ്യത്തെ ദിനപത്രമെന്ന പേര് സ്വന്തമാക്കി ഇറ്റാലിയന്‍ പത്രമായ ഇല്‍ ഫോഗ്ലിയോ. പത്രത്തിന്റെ നാലു പേജുള്ള എഡിഷന്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ചുവടുവെപ്പിലൂടെ പത്രപ്രവര്‍ത്തന മേഖലയിലും ദൈനംദിന ജീവിതത്തിലും എഐ സാങ്കേതികവിദ്യയുടെ സ്വാധീനം എടുത്തുകാട്ടുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പത്രത്തിന്റെ എഡിറ്ററായ കാലുഡിയോ സെറാസ പറഞ്ഞു. ലോകമെമ്പാടുമുള്ള മാധ്യമസ്ഥാപനങ്ങള്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് എഐ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതിനിടെയാണ് ഇല്‍ ഫോഗ്ലിയോയുടെ എഐ പതിപ്പ് പുറത്തിറങ്ങുന്നത്. വ്യക്തിഗത ഉള്ളടക്കങ്ങള്‍ക്കായി ബിബിസി ന്യൂസും എഐ ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതായി ദി ഗാര്‍ഡിയന്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'' പൂര്‍ണമായും എഐ ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമാണിത്. മാധ്യമപ്രവര്‍ത്തകരുടെ പങ്ക് (ഒരു എഐ ഉപകരണത്തിലേക്ക്) ചോദ്യങ്ങള്‍ ചോദിക്കുന്നതിലും ഉത്തരങ്ങള്‍ വായിക്കുന്നതിലും മാത്രമായി പരിമിതപ്പെടുത്തും,'' സെറാസ പറഞ്ഞു.
advertisement
തന്റെ ഇറ്റാലിയന്‍ അനുഭാവികളുടെ ഇരട്ടത്താപ്പിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച ചെയ്യുന്ന ഭാഗമാണ് പത്രത്തിന്റെ എഐ പതിപ്പിന്റെ ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്. 'പുടിന്‍, 10 വഞ്ചനകള്‍' എന്ന പേരിലുള്ള ഒരു ലേഖനവും ഒന്നാം പേജിലുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെക്കുറിച്ചാണ് ഇതില്‍ പറയുന്നത്.
പത്രത്തിലെ രണ്ടാം പേജില്‍ യൂറോപ്പിലെ യുവാക്കള്‍ പരമ്പരാഗത ബന്ധങ്ങള്‍ക്ക് പകരം സിറ്റുവേഷന്‍ഷിപ്പുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനെപ്പറ്റി പരിശോധിക്കുന്ന ലേഖനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവസാന പേജില്‍ എഡിറ്ററിനുള്ള എഐ ജനറേറ്റഡ് കത്തുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ഒരു വായനക്കാരന്‍ എഐ കാരണം മനുഷ്യര്‍ പുരാവസ്തുക്കളാകുമോ എന്നും ചോദിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 20, 2025 8:29 AM IST