• HOME
 • »
 • NEWS
 • »
 • world
 • »
 • ഗോതമ്പ് പൊടിയ്ക്കു വേണ്ടി ജനങ്ങൾ പോരടിക്കുന്നു; പാകിസ്ഥാനില്‍  ഗോതമ്പ് ക്ഷാമം രൂക്ഷം

ഗോതമ്പ് പൊടിയ്ക്കു വേണ്ടി ജനങ്ങൾ പോരടിക്കുന്നു; പാകിസ്ഥാനില്‍  ഗോതമ്പ് ക്ഷാമം രൂക്ഷം

പഞ്ചാബ് പ്രവിശ്യയില്‍ ഗോതമ്പ് മില്ലുടമകൾ വിലയുയര്‍ത്തിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

 • Share this:

  പാകിസ്ഥാനില്‍ കടുത്ത ഗോതമ്പ് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. വിവിധ പ്രവിശ്യകളില്‍ ഗോതമ്പ് ക്ഷാമം രൂക്ഷമാണെന്നും അടിയന്തരമായി നാല് ലക്ഷം ചാക്ക് ഗോതമ്പ് ആവശ്യമാണെന്നും ബലൂചിസ്ഥാന്‍ ഭക്ഷ്യമന്ത്രി സമാറക് അചാക്‌സായി പറഞ്ഞു.

  പാകിസ്ഥാനിലെ ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് ഗോതമ്പ്. നിലവില്‍ കടകളില്‍ നിന്ന് ലഭ്യമാകുന്ന ഗോതമ്പിന്റെ വില ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. കറാച്ചിയില്‍ ഒരു കിലോഗ്രാം ഗോതമ്പിന്റെ വില 140 മുതല്‍ 160 രൂപ വരെയാണ്.

  അതേസമയം പഞ്ചാബ് പ്രവിശ്യയില്‍ ഗോതമ്പ് മില്ലുടമകൾ വിലയുയര്‍ത്തിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കിലോഗ്രാമിന് 160 രൂപയായാണ് ഇവിടെ വില.

  Also Read-ഉയിഗൂർ മുസ്ലീങ്ങൾക്കായും ചൈനയുടെ കയ്യേറ്റത്തിനെതിരെയും സംസാരിച്ചതിന് പീഡനം; ഭയന്നു ജീവിക്കുകയാണെന്ന് മാധ്യമപ്രവർത്തക

  എന്തുകൊണ്ടാണ് ഗോതമ്പ് വില കുതിച്ചുയരുന്നത്?
  പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായിട്ടാണ് ഗോതമ്പ് വില കുതിച്ചുയരുന്നത്. രാജ്യം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി, രൂപയുടെ ഇടിവ്, പണപ്പെരുപ്പം എന്നിവ രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് രാജ്യത്തെ നടുക്കിയ വെള്ളപ്പൊക്കവും ഊര്‍ജപ്രതിസന്ധിയുമുണ്ടായത്. ഇത് സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു. 2022ല്‍ വെള്ളപ്പൊക്കമുണ്ടാക്കിയ നഷ്ടങ്ങളില്‍ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. ഏകദേശം 1700ഓളം പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒപ്പം നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. അധികൃതർ കൃത്യമായി ഇടപെടാത്തത് പ്രതിസന്ധി വഷളാക്കിയെന്ന് കരുതപ്പെടുന്നു.

  പാകിസ്ഥാനില്‍ കനത്ത വിനാശമുണ്ടാക്കിയ വെള്ളപ്പൊക്കത്തിന് ശേഷം രാജ്യത്ത് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാമെന്ന ഉറപ്പില്‍ അന്താരാഷ്ട്ര നാണയനിധിയെ പാക് സര്‍ക്കാര്‍ സമീപിച്ചിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ അന്താരാഷ്ട്ര നാണയ നിധി ആവശ്യപ്പെട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഐഎംഎഫിനെ സമീപിച്ചിട്ടുണ്ട്.

  ഇപ്പോഴും തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധവും പാകിസ്ഥാനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്ക് എത്തുന്ന ഗോതമ്പിന്റെ 80 ശതമാനവും കരിങ്കടല്‍ പ്രദേശത്ത് നിന്നാണ്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഈ ഭാഗത്ത് നിന്നുള്ള ഗോതമ്പ് ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നത് ലോകത്ത് തന്നെ വലിയ ഭക്ഷ്യ പ്രതിസന്ധിക്കു കൂടിയാണ് ഇടയാക്കിയിരിക്കുന്നത്. ലോകത്തിലെ ഗോതമ്പിന്റെയും ബാർലിയുടെയും ഏകദേശം മൂന്നിലൊന്നും കയറ്റുമതി ചെയ്യുന്നത് റഷ്യ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്.

  അതുമാത്രമല്ല പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രിയായി ഷെഹബാസ് ഷെരീഫ് അധികാരത്തിലെത്തുന്നത്. അദ്ദേഹം അധികാരത്തിലെത്തി മാസങ്ങള്‍ കഴിഞ്ഞാണ് രാജ്യത്തെ നടുക്കിയ വെള്ളപ്പൊക്കമുണ്ടാകുന്നത്.

  അതേസമയം ഇന്ധനത്തിന് മേലുള്ള സബ്‌സിഡികള്‍ അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാക് സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ശേഷമാണ് അന്താരാഷ്ട്ര നാണയ നിധിയുടെ 6 ബില്യണ്‍ ഡോളറിന്റെ കരാര്‍ പുനരാരംഭിച്ചത്. എന്നാല്‍ ഇസ്ലാമാബാദിന് ഇതുവരെ പകുതി ഫണ്ട് മാത്രമെ ലഭിച്ചിട്ടുള്ളൂ.

  രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം മൂന്നാഴ്ചത്തെ സേവന ഇറക്കുമതികള്‍ ചെയ്യാനുള്ള വിദേശ നാണ്യം മാത്രമാണ് രാജ്യത്തിന്റെ ഖജനാവില്‍ ഉള്ളതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. നിലവിലെ സ്ഥിതി മറികടക്കാന്‍ ഐഎംഎഫിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

  Also Read-‘ജനസംഖ്യ കുറയ്ക്കാൻ രാത്രി എട്ടു മണിയ്ക്ക് കട അടയ്ക്കണം’; പാകിസ്ഥാൻ മന്ത്രിയുടെ കണ്ടെത്തൽ

  വെള്ളപ്പൊക്കം ഗോതമ്പ് ഉല്‍പ്പാദനത്തെ ബാധിച്ചത് എങ്ങനെ?
  മണ്‍സൂണ്‍ മഴക്കാലത്ത് ഉണ്ടായ വെള്ളപ്പൊക്കമാണ് പാക് സമ്പദ് വ്യവസ്ഥയെ തകര്‍ത്തത്. രാജ്യത്തിന്റെ ഭൂരിഭാഗം കാര്‍ഷിക വിളകളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. ഭക്ഷണക്ഷാമം രൂക്ഷമാകുകയും ചെയ്തു.

  ഏകദേശം 15 ശതമാനം നെല്‍കൃഷിയും 40 ശതമാനം പരുത്തി കൃഷിയുമാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്. നിരവധി കര്‍ഷക കുടുംബങ്ങള്‍ ദാരിദ്രത്തിലായി. ഏകദേശം 1600 പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. രണ്ട് മില്യണ്‍ ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. 30 മില്യണ്‍ രൂപയുടെ നഷ്ടമാണ് വെള്ളപ്പൊക്കത്തില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

  നാല് ലക്ഷം ഏക്കറോളം കൃഷി ഭൂമിയിലെ വിളകളാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യ വിതരണത്തില്‍ ആശങ്ക വേണ്ടെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നത്.

  അതേസമയം 2022 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഗോതമ്പ് കൃഷിയെ സംബന്ധിച്ച് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. സാധാരണയായി ഒക്ടോബറിലാണ് ഗോതമ്പ് കൃഷി ചെയ്യുന്നത്. രാജ്യത്തെ പ്രധാന ഗോതമ്പ് ഉല്‍പ്പാദകര്‍ പഞ്ചാബ് പ്രവിശ്യയാണ്. വെള്ളപ്പൊക്കത്തില്‍ ആ ഭാഗത്ത് നാശനഷ്ടങ്ങള്‍ കുറവായിരുന്നു. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ഗോതമ്പ് വിതയ്ക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് കൃഷി ചെയ്യുന്ന രണ്ടാമത്തെ പ്രവിശ്യ സിന്ധ് ആണ്. എന്നാല്‍ ഇവിടുത്തെ കൃഷിഭൂമിയുടെ 50 ശതമാനവും വെള്ളത്തിനടിയിലായത് പ്രതിസന്ധി വഷളാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  സിന്ധില്‍ ഏകദേശം 80 ശതമാനം നെല്‍പ്പാടങ്ങളും 70 ശതമാനം പരുത്തി കൃഷി ഭൂമികളും വെള്ളത്തിനടിയിലായതാണ് റിപ്പോര്‍ട്ട്. ഇത് ചെറുകിട കൃഷിക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തു.

  പ്രവചനം സത്യമാക്കിയ പ്രതിസന്ധി
  സമീപ വര്‍ഷങ്ങളിലായാണ് പാകിസ്ഥാന്റെ കാര്‍ഷിക മേഖല വികസിച്ചത്. രാജ്യത്തെ ആവശ്യത്തിന് ശേഷം ഗോതമ്പും അരിയും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ രാജ്യം പ്രാപ്തമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തിൽ രാജ്യം ഇറക്കുമതിയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പിന്റെ വലിയൊരു ശേഖരം കറാച്ചി തീരത്ത് എത്തിയിട്ടുണ്ട്. ഗോതമ്പുമായി കപ്പല്‍ തിങ്കളാഴ്ചയാണ് കറാച്ചിയില്‍ എത്തിയത്. ഏകദേശം 450000 ടണ്‍ ഗോതമ്പ് ഗ്വാദര്‍ തുറമുഖം വഴി പാകിസ്ഥാനിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

  രാജ്യത്തേക്ക് ഏകദേശം 75 ലക്ഷം ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് പാക് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാര്‍ച്ച് മുപ്പതോടെ റഷ്യയില്‍ നിന്ന് ഗോതമ്പ് പാകിസ്ഥാനിലെത്തും. വര്‍ഷത്തില്‍ 2.5 ദശലക്ഷം ടണ്‍ ഗോതമ്പ് വാങ്ങാന്‍ പാകിസ്ഥാന്‍ പദ്ധതിയിട്ടെന്നായിരുന്നു അസോസിയേറ്റഡ് പ്രസ് 2022 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിലവിലെ ഗോതമ്പ് ശേഖരത്തിന്റെ കണക്ക് കൂടി നോക്കിയശേഷം മാത്രമായിരിക്കും ഗോതമ്പ് ഇറക്കുമതിയ്ക്ക് അനുമതി നല്‍കുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന.

  അതേസമയം പാകിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധനായ അഷ്ഫഖ് അഹമ്മദ് പറയുന്നു. രാജ്യത്തിനാവശ്യമായ ഗോതമ്പ് അടുത്ത മാസം തന്നെ ഇറക്കുമതി ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അല്ലെങ്കില്‍ രാജ്യത്ത് അനിയന്ത്രിതമായ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

  Published by:Jayesh Krishnan
  First published: