'ഗോ കൊറോണ ഗോ, ഗോ കൊറോണ, കൊറോണ ഗോ' രാജ്യത്തുടനീളം ഇന്നു കേൾക്കുന്ന വാക്കുകളാണിത്. കളിയാക്കലിന്റെ രൂപത്തിലും ട്രോളിന്റെ രൂപത്തിലും ഈ വാക്കുകൾ കേള്‍ക്കാത്തവർ ഉണ്ടാകില്ല. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെയുടെ വാക്കുകളാണിത്. ഫെബ്രുവരി 20ന് നടന്ന ഒരു പ്രാർഥനാ ചടങ്ങിൽ അദ്ദേഹം ഈ വാക്കുകൾ ഉരുവിട്ടിരുന്നു. മാർച്ച് ആദ്യം മുതൽ ഈ വാക്കുകൾ ഇന്ത്യയിൽ വൈറലായി.
ഇപ്പോഴിതാ ഈ വാക്കുകൾ ഒരു വീഡിയോ ഗെയിമിന്റെയും ഭാഗമായി. ഭാഗ് കൊറോണ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗെയിമിലാണ് ഇതുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കൊറോണ വൈറസിനെ കൊല്ലുന്നതാണ് ഗെയിം. സേവ്യർ സ്കൂൾ ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികളായ അക്രം താരിഖ് ഖാൻ, അനുശ്രീ വരദേ എന്നിവരാണ് ഈ ഗെയിമിന്റെ ഉപജ്ഞാതാക്കള്‍.
അത്തേവാലയുടെ ഗൊ കൊറോണ ഗോ എന്ന വാക്കുകളാണ് ഗെയിമിന്റെ തീം സോംഗ്. ചില അറിവുകൾ കൂടി ഗെയിം പങ്കുവയ്ക്കുന്നുണ്ട്. ഓരോ തവണ പരാജയപ്പെടുമ്പോഴും കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ എങ്ങനെ വിജയിക്കാമെന്ന അറിവാണ് ഇത് പങ്കുവയ്ക്കുന്നത്. വീട്ടിലിരിക്കുക, മാസ്ക് ധരിക്കുക, കൈകൾ കഴുകുക എന്ന അറിവാണ് ഇതിലൂടെ നൽകുന്നത്.