ബെനറ്റ് റെബെല്ലോ കൊലക്കേസ്: ദത്തുപുത്രിയിലേക്ക് വിരൽചൂണ്ടിയ ദൈവത്തിന്‍റെ കയ്യൊപ്പ് ?
Last Updated:
ബി എസ് ജോയ്
ഇക്കഴിഞ്ഞ രണ്ടാം തിയതി ന്യൂസ് 18 മലയാളം മുംബൈ തീരത്ത് നിന്ന് കണ്ടെത്തിയ അജ്ഞാത ജഡത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലപ്പെട്ട ആ അജ്ഞാതനെ അന്വേഷിച്ചിറിങ്ങിയ പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മഹീം തീരത്ത് നിന്ന് ലഭിച്ച സ്യൂട്ട് കേസിനുള്ളിൽ കണ്ടത് പുരുഷ ശരീരഭാഗങ്ങളാണെന്ന് മാത്രമേ പൊലീസിന് ആദ്യം വ്യക്തമായിരുന്നുള്ളൂ. പിന്നെങ്ങനെയാണ് കൊല്ലപ്പെട്ടത് ഗിറ്റാറിസ്റ്റ് ബെനറ്റ് റെബെല്ലോ ആണെന്ന് പൊലീസ് കണ്ടെത്തിയത്? ദത്തുപുത്രിയായ കൊലയാളിയിലേക്ക് പൊലീസ് എത്തിയത് എങ്ങനെയാണ്?
advertisement
കേസിന്‍റെ ഉള്ളറ - ശരീരഭാഗങ്ങൾക്കൊപ്പം സ്യൂട്ട് കേസിൽ നിന്ന് പൊലീസിന് വെള്ള ഷർട്ട്, ട്രൗസർ, ചുവന്ന ഹാഫ് സ്ലീവ് സ്വെറ്റർ തുടങ്ങിയവയും ലഭിച്ചിരുന്നു. ഈ വസ്തുക്കളാണ് കൊല്ലപ്പെട്ട അജ്ഞാതനെ തിരിച്ചറിയാൻ പൊലീസിനെ തുണച്ചത്. വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക അയച്ചു. സമാന്തരമായി ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ ഷർട്ടിന്‍റെ കോളറിൽ തുന്നിയിരുന്ന ‘Almo Men’s Wear’ എന്ന ടാഗ് ശ്രദ്ധയിൽപ്പെട്ടു.
advertisement
തുടർന്ന് ഷർട്ട് തുന്നിയ സ്റ്റിച്ചിംഗ് സെന്‍ററിലെത്താൻ പൊലീസിന് അധികം സമയം വേണ്ടി വന്നില്ല. തുന്നൽ കടയിൽ നിന്ന് നൂറ് ദിവസത്തിനുള്ളിൽ ഇത്തരം ഷർട്ട് തുന്നിക്കുകയോ വാങ്ങുകയോ ചെയ്ത വ്യക്തികളുടെ ലിസ്റ്റെടുത്ത പൊലീസ് ആ വ്യക്തികളുടെ വീടുകളിലെത്തി ആവരൊക്കെ സ്ഥലത്തുണ്ടെന്ന് സ്ഥിരീകിരിച്ചു. എന്നാൽ, ബെനറ്റ് റെബെല്ലോ മാത്രം സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്നാണ് റെബെല്ലോയുടെ ഫേസ് ബുക്ക് അക്കൗണ്ട് പൊലീസ് പരിശോധിച്ചത്. ഇതിൽ നിന്ന് അദ്ദേഹം ചുവന്ന ഹാഫ് സ്ലീവ് സ്വെറ്റർ ധരിച്ച് നിൽക്കുന്ന ഫോട്ടോയും പൊലീസിന് ലഭിച്ചു.
advertisement
ആരാണ് ബെനറ്റിനെ വകവരുത്തിയത് - ബെനറ്റിന്റെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് അദ്ദേഹം കാനഡയിൽ സംഗീത പരിപാടിക്ക് പോയെന്നാണ് ദത്തുപുത്രിയായ ആരാധ്യ പാട്ടീൽ പറഞ്ഞത്. മൊഴി വിശ്വസിക്കാൻ കഴിയാതെ വന്ന പൊലീസ് ആരാധ്യ പാട്ടീലിനെ വീണ്ടും വീണ്ടും ചോദ്യം ചെയ്തു. ഇതോടെ ദത്ത് പുത്രി തത്ത പറയും പോലെ എല്ലാ കാര്യവും പൊലീസിനോട് തുറന്ന് പറയുകയായിരുന്നു.
advertisement
ദത്തുപുത്രി പറഞ്ഞ കൊലപാതക കഥ - 19 കാരിയായ ആരാധ്യാ പാട്ടീലിന് 16 കാരനായ കാമുകനുണ്ട്. ഇക്കഴിഞ്ഞ നവംബർ 26ന് ആരാധ്യയും കാമുകനും ബെനറ്റിനെ കാണാൻ വീട്ടിൽ ചെന്നിരുന്നു. പ്രണയത്തെ നിശിതമായി എതിർത്ത ബെനറ്റിനെ ദത്തുപുത്രിയും കാമുകനും ചേർന്ന് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. പിന്നീട് ബെനറ്റിന്റെ മൊബൈൽ ഫോൺ കൈക്കലാക്കി വിൽപ്പന നടത്തി. കിട്ടിയ തുകയ്ക്ക് ക്ലീനിങ് വസ്തുക്കളും റൂം ഫ്രഷ്നറും വാങ്ങി. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലായി മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി, പിന്നീട് മൂന്ന് സ്യൂട്ട് കേസുകളിലാക്കിയ മൃതദേഹം ഡിസംബർ 1 ന് മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിച്ചു. ഇതിൽ ഒരു പെട്ടിയാണ് മാഹിം ദർഗയ്ക്ക് സമീപത്ത് നാട്ടുകാർ കണ്ടെത്തിയത്.
advertisement
ആരാധ്യയുടെ കഥ - പതിനാലു വയസ്സുള്ളപ്പോൾ ഒരിക്കൽ വളർത്തച്ഛനോട് പിണങ്ങി വീടുവിട്ടിറങ്ങിയ ആരാധ്യ ഒന്നര വർഷം മുമ്പാണ് ബെനറ്റുമായി വീണ്ടും അടുത്തത്. മരണശേഷം ബെനറ്റിന്‍റെ വീടും സ്വത്തും തനിക്ക് ലഭിക്കുമെന്ന് ആരാധ്യ വിശ്വസിച്ചിരുന്നു. പ്രണയത്തെ എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് ആരാധ്യ പൊലീസിന് മൊഴി നൽകി. ബെനറ്റ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ആരാധ്യ പറഞ്ഞുവെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പതിനാറുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയെന്ന് പൊലീസ് പറഞ്ഞു. ആരാധ്യ ജുഡീഷ്യൽ കസ്റ്റഡിയിലാണിപ്പോൾ.


