ഭാര്യാമാതാവിനെ വെട്ടിപരുക്കേൽപ്പിച്ചു; യുവാവ് ഒളിവിൽ
Last Updated:
ഷെമിലും ശ്രീദേവിയുടെ മകളും തമ്മിൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തെ രാജനും കുടുംബവും എതിർത്തിരുന്നു.
തൃശൂർ: വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യാമാതാവിനെ വെട്ടിപരുക്കേൽപ്പിച്ച യുവാവിനെ പൊലീസ് തെരയുന്നു. പെരുമ്പിലാവ് കരിക്കാട് ചോല അരിക്കിലാത്ത് ഷെമിലിനെയാണ് കുന്നംകുളം പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് ഷെമിലിന്‍റെ വെട്ടേറ്റ് മണിയംകുളം വീട്ടിൽ രാജന്‍റെ ഭാര്യ ശ്രീദേവിക്ക്(39) പരുക്കേറ്റത്. ഇവരുടെ തലയ്ക്കും രണ്ടു കൈകൾക്കുമാണ് വെട്ടേറ്റത്. ഇവരെ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം ചോദിച്ചറിഞ്ഞ പിതൃസഹോദരൻ അക്കിക്കാവ് ബർക്കത്ത് മുസ്തഫയെ ഇയാൾ പിന്നീട് കുത്തിപരുക്കേൽപ്പിച്ചു.
advertisement
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഭാര്യാമാതാവായ ശ്രീദേവിയെ മാസങ്ങൾക്ക് മുമ്പ് കുത്തിപരുക്കേൽപ്പിച്ച കേസ് കഴിഞ്ഞ ദിവസം കോടതിയിൽ എത്തിയിരുന്നു. എന്നാൽ പ്രതിയായ ഷെമിൽ കോടതിയിൽ ഹാജരാകാതെ ഭാര്യാവീട്ടിലെത്തി ശ്രീദേവിയെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ഭർത്താവ് രാജനും പരുക്കേറ്റു. തുടർന്ന് ഷെമിലിനെതിരെ രാജൻ കുന്നംകുളം പൊലീസിൽ പരാതി നൽകി. എന്നാൽ ഇതിനിടയിൽ സംഭവത്തെക്കുറിച്ച് ചോദിച്ച ഷെമിലിന്‍റെ പിതൃസഹോദരൻ ബർക്കത്ത് മുസ്തഫയെയും ഇയാൾ കുത്തിപരുക്കേൽപ്പിച്ചു.
advertisement
നേരത്തെ ഭാര്യാസഹോദരിയെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഷെമിൽ ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. ഷെമിലിന്‍റെ ലോറിയും ഇരുചക്രവാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷെമിലും ശ്രീദേവിയുടെ മകളും തമ്മിൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തെ രാജനും കുടുംബവും എതിർത്തിരുന്നു. ഇവർ തമ്മിൽ വഴക്കും അടിപിടിയും പതിവായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.