ചെന്നൈ: യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് പതിനെട്ടുകാരൻ അറസ്റ്റിലായി. വില്ലിപുരം നിവാസിയായ ഡി വെങ്കിടേഷാണ് അറസ്റ്റിലായത്. ഇയാൾ ഒരു ബേക്കറിയിൽ ജീവക്കാരനാണ്. അജ്ഞാത നമ്പറുകളിൽ നിന്ന് അശ്ലീല ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചുതുടങ്ങിയതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സെപ്റ്റംബർ എട്ടിന് യുവതി ഒരു കേക്കിനു ഓർഡർ നൽകാനായി ബേക്കറിയിൽ പോയിയിരുന്നു. എന്നാൽ കേക്ക് തയ്യാറാകാൻ കൂടുതൽ സമയം എടുക്കുമെന്ന് പറഞ്ഞതോടെ യുവതി ഫോൺ നമ്പർ നൽകി മടങ്ങുകയായിരുന്നു. പിന്നീട് യുവതി ബേക്കറിയിലെത്തി കേക്ക് വാങ്ങി മടങ്ങുകയും ചെയ്തു. പിറ്റേദിവസം മുതലാണ് യുവതിക്ക് അശ്ലീല സന്ദേശങ്ങളും ഫോൺകോളുകളും വന്നു തുടങ്ങിയത്.
സമാനമായ സംഭവം അടുത്തിടെ ഡൽഹിയിൽനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. 15 വയസുകാരൻ തന്‍റെ സഹപാഠികളുടേത് ഉൾപ്പടെ പത്തോളം പെൺകുട്ടികളുടെ വ്യാജ പ്രൊഫൈൽ സോഷ്യൽ മീഡിയയിൽ സൃഷ്ടിക്കുകയായിരുന്നു. പെൺകുട്ടികളുടെ ഫോൺ നമ്പർ ഇയാൾ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങളും ഫോൺ കോളുകളും ലഭിക്കാൻ തുടങ്ങി. ഒരു പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.