കൊല്ലം: സംസ്ഥാനത്തെ നടുക്കിയ കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ വിജയിച്ചത് പൊലീസിന്‍റെ ശാസ്ത്രീയ അന്വേഷണം. പഴുതടച്ചുള്ള അന്വേഷണവും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുമാണ് പ്രതിയെ പൊലീസ് പൂട്ടിയത്. സ്വന്തം ഭാര്യ വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് പ്രതി ആസൂത്രണം നടത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
അടൂരിലെ സ്വന്തം വീട്ടിൽ വെച്ച് ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ച് പ്രതി സൂരജ് ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വീണ്ടും പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ സൂരജ് പദ്ധതി തയ്യാറാക്കിയത്. മെയ് ഏഴിനായിരുന്നു കൊലപാതകം നടപ്പിലാക്കിയത്. ഉത്രയെ രണ്ടുപ്രാവശ്യം പാമ്പ് കടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നതെങ്കിലും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വിചാരണ സമയത്ത് ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്‍റെ മറുപടി. പ്രതി ചെയ്ത കുറ്റങ്ങൾ ഓരോന്നും വായിച്ചുകേൾപ്പിച്ച ശേഷമായിരുന്നു പ്രതിയോടെ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ ഒക്ടോബർ 13 ബുധനാഴ്ച വിധിക്കും. പുറപ്പെടുവിച്ചത്. വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു.
25കാരിയായ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ 2020 മെയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കി അവരുടെ സ്വത്ത് തട്ടിയെടുക്കാനും വേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പാമ്പുകടിയേറ്റത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചു. ഭാര്യയെ കൊലപ്പെടുത്താൻ പ്രതി സമാനതകളില്ലാത്ത കുബുദ്ധി പുറത്തെടുത്ത പ്രതി ആയുധമായി പാമ്പിനെ ഉപയോഗിച്ചതും ഈ കേസിനെ അപൂർവ്വങ്ങളിൽ അപൂർവ്വമാക്കുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്.
87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളുമാണ് കോടതി മുമ്പാകെ ഹാജരാക്കിയത്. സൂരജിന് പാമ്പുകളെ നല്‍കിയെന്ന് മൊഴി നല്‍കിയ കൊല്ലം കല്ലുവാതുക്കൽ സ്വദേശിയും പാമ്പുപിടിത്തക്കാരനുമായ ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കി.
ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളും ഹാജരാക്കുകയും ചെയ്തു. വാദത്തിനിടയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ട് പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേട്ടത്. എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.