ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്കുകൾ സർവകാല റെക്കോർഡുകൾ ഭേദിച്ചു മുന്നേറുകയാണ്. പല പ്രധാന നഗരങ്ങളിലും പെട്രോൾ വില 90നും 100 രൂപയ്ക്കും ഇടയിലാണ്. ഇതിനിടെ ചില ഭാഗങ്ങളിൽ പെട്രോൾ വില നൂറുരൂപ കടന്നിട്ടുമുണ്ട്. ഇന്ധന വില ദിനംപ്രതി വർധിക്കുന്നതോടെ കുടുംബ ബജറ്റ് കൂട്ടുമുട്ടിക്കാൻ സാധാരണക്കാർ പാടുപെടുകയാണ്. ഈ സാഹചര്യത്തിലാണ് വില കുറയാൻ വഴിതെളിയുന്നുവെന്ന റിപ്പോർട്ട് വരുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ 8.50 രൂപ വരെ കുറവ് വന്നേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. റവന്യൂവരുമാനത്തെ ബാധിക്കാത്ത രീതിയിൽ എക്സൈസ് തീരുവയിൽ 8.50 രൂപ കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ധനവില കുറഞ്ഞില്ലെങ്കിൽ ബജറ്റിൽ പ്രതീക്ഷിക്കുന്ന 3.2 ലക്ഷം കോടി രൂപയുടെ സ്ഥാനത്ത് 4.35 ലക്ഷം കോടി രൂപയാണ് 2021-22 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത്. അതിനാൽ ഏപ്രിൽ ഒന്നിന് മുൻപ് എക്സൈസ് തീരുവയിൽ 8.50 രൂപ കുറവ് വരുത്തിയാലും ബജറ്റിൽ പ്രതീക്ഷിക്കുന്ന തുക നേടാനാകും - ഐ സി ഐ സി ഐ സെക്യൂരിറ്റീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഡിമാൻഡ് വീണ്ടെടുക്കൽ, ആസന്നമാകുന്ന സ്വകാര്യവൽക്കരണം, പണപ്പെരുപ്പ ആശങ്കകൾ എന്നിവ കണക്കിലെടുത്ത് എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ഇത് ലിറ്ററിന് 8.5 രൂപയേക്കാൾ താഴെയായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
2020 മാർച്ചിനും മെയ് 2020നും ഇടയിൽ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്സൈസ് തീരുവ ഇനത്തിൽ കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. ഇപ്പോൾ ഡീസലിന്റെ എക്സൈസ് തീരുവ ലിറ്ററിന് 31.8 രൂപയും പെട്രോളിന്റേത് 32.9 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മാറിയ സാഹചര്യത്തിലാണ് എക്സൈസ് തീരുവ വർധിപ്പിച്ചത്. ഇതുവഴി നേട്ടമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വീണ്ടും കൂടുകയാണ്. എന്നാൽ, നേരത്തെ കൂട്ടിയ തീരുവ ഇതുവരെ കുറച്ചിട്ടുമില്ല. പെട്രോളിന്റെ വിൽപന വിലയുടെ 60 ശതമാനവും കേന്ദ്ര- സംസ്ഥാന നികുതികളാണ്. ഡീസലിന്റേതാകട്ടെ 54 ശതമാനവും.
രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ മാസം പെട്രോൾ വില 100 രൂപ കടന്നിരുന്നു. രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ മൂല്യവർധിത നികുതി (വാറ്റ് ) ചുമത്തുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. 2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് നികുതി 9 തവണയാണ് കേന്ദ്രം ഉയർത്തിയത്. പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് ആ കാലയളവിൽ വർധിപ്പിച്ചത്. അതുവഴി 2014-15ൽ 99,000 കോടി രൂപയായിരുന്ന എക്സൈസ് വരുമാനം 2016-17ൽ 2,42,000 കോടിയായി ഉയർന്നിരുന്നു.