50 വർഷങ്ങൾക്കുള്ളിൽ ഈ മലയാള താരകുടുംബത്തിലെ അച്ഛനും, അമ്മയും മകനും ചേർന്ന് നേടിയത് 17 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
അച്ഛന് 12 പുരസ്‌കാരങ്ങൾ, അമ്മയ്ക്ക് നാല് അവാർഡുകൾ, മകന് ഒന്നും വീതം സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭ്യമായത്
ബ്ലാക്ക് ആൻഡ് വൈറ്റ് മുതൽ ബ്ലാക്ക് ആൻഡ് വൈറ്റ് വരെ എത്താൻ എടുത്ത അര നൂറ്റാണ്ടുകാലം. ഈ കാലഘട്ടത്തിനുള്ളിൽ പ്രതിഭാധനർ മാത്രം സിനിമയിലെത്തിയ മലയാള താരകുടുംബം സമ്പാദിച്ചത് 17 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ. അച്ഛനും അമ്മയും ആദ്യമായി സംസ്ഥാന പുരസ്കാരം നേടുന്നത് ഒരേ വർഷമെങ്കിലും, അന്നവർ ജീവിതത്തിൽ ഒന്നിച്ചിരുന്നില്ല. മൂന്നു വർഷങ്ങൾക്ക് ശേഷം ഭാര്യാഭർത്താക്കന്മാരായ അവർക്ക് പിറന്ന മകനും ഇന്ന് കുടുംബ വഴിയിൽ നടത്തിയ യാത്രയിൽ കന്നി പുരസ്കാരം സ്വന്തമാക്കുന്നു. അവർ മൂവരും മലയാള സിനിമാപ്രേക്ഷകരുടെ വേണ്ടപ്പെട്ടവർ
advertisement
ഭർത്താവിന്റെ പേര് ഭരതൻ, ഭാര്യ മഹേശ്വരിയമ്മ അഥവാ കെ.പി.എ.സി. ലളിത. മകൻ സിദ്ധാർഥ് ഭരതൻ. മകൻ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്നുവെങ്കിലും, സിദ്ധാർത്ഥിനെ തേടിയെത്തിയത് അഭിനയ മേഖലയ്ക്കുള്ള അംഗീകാരം. മമ്മൂട്ടി നായകനായ 'ഭ്രമയുഗം' എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരിലാണ് സിദ്ധാർഥ് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയത്. കൊടുമൺ പോറ്റിയുടെ വീട്ടിലെ കുശിനിക്കാരനായ വ്യക്തിയെ അവതരിപ്പിച്ചത് സിദ്ധാർഥ് ആയിരുന്നു (തുടർന്ന് വായിക്കുക)
advertisement
1975ലാണ് ഒരു കുടുംബമായി മാറുന്നതിനും മുൻപ് ഭരതനും കെ.പി.എ.സി. ലളിതയ്ക്കും അവരുടെ കഴിവിനുള്ള ആദ്യ സംസ്ഥാന അംഗീകാരം ലഭിക്കുന്നത്. 'പ്രയാണം' സിനിമയിൽ മികച്ച കലാസംവിധായകനുള്ള അംഗീകാരം ഭരതൻ നേടുമ്പോൾ, നീല പൊന്മാനിലെ 'കോത'യെ തേടി മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലളിതയ്ക്ക് കൈവന്നു. 'പ്രയാണം' മുതൽ 'ഭ്രമയുഗം' വരെ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റിൽ ചിത്രങ്ങൾ വന്നുവെന്ന പ്രത്യേകതയുമുണ്ട്
advertisement
കുടുംബത്തിൽ ഏറ്റവുമധികം സംസ്ഥാന പുരസ്‌കാരങ്ങളുടെ ഉടമ സംവിധായകൻ ഭരതനാണ്. ആദ്യകാലങ്ങളിൽ മികച്ച കലാ സംവിധായകനുള്ള പുരസ്കാരമാണ് ഭരതന് ലഭിച്ചത്. 1975, 1979, 1980 വർഷങ്ങളിൽ പ്രയാണം, തകര, ചാമരം സിനിമകളിലെ കലാ സംവിധാനത്തിനാണ് ഭരതന് പുരസ്കാരം ലഭ്യമായത്. 1980ൽ 'ചാമരം' മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. 1981ൽ കലാ സംവിധാനത്തിനുള്ള പുരസ്കാരം വീണ്ടും അദ്ദേഹത്തെ തേടിയെത്തി. 'ചട്ട' എന്ന സിനിമയ്‌ക്കായിരുന്നു പുരസ്കാരം. പിന്നീട് മർമരം (1982, മികച്ച ചിത്രം), ഓർമ്മയ്ക്കായി (1982, രണ്ടാമത് മികച്ച ചിത്രം, കലാ സംവിധാനം), ഓർമ്മയ്ക്കായി, മർമരം (1982, മികച്ച സംവിധായകൻ), ഇത്തിരി പൂവേ ചുവന്നപൂവേ (1984, മികച്ച കലാ സംവിധാനം), ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987, മികച്ച ജനപ്രിയ ചിത്രം), വെങ്കലം (1992, മികച്ച ജനപ്രിയ ചിത്രം)
advertisement
'തേവർ മകൻ' എന്ന ചിത്രത്തിന് ഭരതന് ദേശീയ അംഗീകാരവും ലഭിച്ചിരുന്നു. കെ.പി.എ.സി. ലളിതയ്ക്ക് നാല് വർഷങ്ങളിലായി വന്നുചേർന്നത് മുഴുവനും മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരമാണ്. നീലപൊന്മാൻ (1975), ആരവം (1978), അമരം (1990), കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം (1991) സിനിമകൾക്കായിരുന്നു കെ.പി.എ.സി. ലളിത സംസ്ഥാന പുരസ്കാരങ്ങൾക്കുടമയായത്. അമരം, ശാന്തം ചിത്രങ്ങൾക്ക് രണ്ടു തവണ മികച്ച സപ്പോർട്ടിങ് വേഷം ചെയ്ത താരത്തിനുള്ള ദേശീയ അംഗീകാരവും ലളിതയെ തേടിയെത്തിയിരുന്നു
advertisement
ഭരതൻ, ലളിത ദമ്പതികളുടെ മകൻ കമൽ സംവിധാനം ചെയ്ത 'നമ്മൾ' സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. 2002ലായിരുന്നു സിദ്ധാർഥ് ഭരതന്റെ സിനിമാ പ്രവേശം. പത്തു വർഷങ്ങൾക്കിപ്പുറം പിതാവ് ഭരതന്റെ തന്നെ ചിത്രമായ 'നിദ്ര'യുടെ റീമേക്കുമായി സിദ്ധാർഥ് സംവിധായകന്റെ കുപ്പായമണിഞ്ഞു. പിന്നെയും നാല് ചിത്രങ്ങൾ കൂടി സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. സുമതി വളവിലാണ് സിദ്ധാർഥ് ഭരതൻ ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഇനി ദിലീപ് ചിത്രം ഭ.ഭ.ബ.യിൽ സിദ്ധാർത്ഥിന്റെ പ്രകടനം കാണാം


