മലയാള സിനിമയിൽ പ്രായം റിവേഴ്സ് ഗിയറിൽ സഞ്ചരിക്കുന്ന താരങ്ങൾ ആരൊക്കെ എന്ന് ചോദിച്ചാൽ ആദ്യം മനസിൽ എത്തുക മെഗാസ്റ്റാർ മമ്മൂട്ടിയെ തന്നെയാകും. മലയാള സിനിമയിൽ അരനൂറ്റണ്ടു പൂർത്തിയാക്കിയ അഭിനയ ചക്രവർത്തി ദിവസം ചെല്ലുംതോറും യുവനടന്മാർക്ക് വെല്ലിവിളിയാവുകയാണ്. ഗൃഹലക്ഷ്മി മാസികയിൽ വന്ന അദ്ദേഹത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. മമ്മൂട്ടിയുടെ ചിത്രത്താൽ 'പ്രകോപിതയായി' നടി ശ്വേത മേനോനും ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മമ്മൂട്ടിയും ശ്വേതയും ഒന്നിച്ച് അഭിനയിച്ച അനശ്വരം എന്ന സിനിമ 30 വർഷം പൂർത്തിയാക്കുന്ന കാര്യം ഓർമിപ്പിച്ചാണ് ശ്വേത ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അനശ്വരത്തിന് 30 വയസാകുമ്പോൾ - നടി ശ്വേത മേനോൻ അഭിനയിച്ച ആദ്യ ചലച്ചിത്രമാണ് അനശ്വരം. ജോമോന്റെ സംവിധാനത്തിൽ മമ്മൂട്ടി, ഇന്നസെന്റ്, കുതിരവട്ടം പപ്പു, കുഞ്ചൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രം 1991 ഓഗസ്റ്റ് 15നാണ് പുറത്തിറങ്ങിയത്. ടി എ റസാഖിന്റേതാണ് രചന. സരസ്വതി ചൈതന്യയുടെ ബാനറിൽ മണിയൻ പിള്ള രാജുവാണ് ചിത്രം നിർമിച്ചത്.
പതിനേഴാം വയസിലാണ് ശ്വേത അനശ്വരത്തിൽ അഭിനയിക്കുന്നത്. ഏറെ വൈകാരിക രംഗങ്ങളുള്ള ചിത്രം സാമ്പത്തികമായി വിജയമായില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടു. പി കെ ഗോപിയുടെ വരികൾക്ക് ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച് എസ് പി ബാലസുബ്രഹ്മണ്യം പാടിയ രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിൽ 'താരാപഥം... ചേതോഹരം..' എന്ന ഗാനം ഇന്നും മലയാളികൾ മൂളി നടക്കുന്നു.
അനശ്വരം പിറന്ന വഴി- മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമയായ സാമ്രാജ്യം 1990 ലാണ് പുറത്തിറങ്ങുന്നത്. വമ്പൻ വിജയമായ ചിത്രം പിന്നീട് പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ഈ വിജയത്തോടെ ജോമോന്‍ എന്ന സംവിധായകനും താരമൂല്യമേറി. മമ്മൂട്ടിയെയും ജോമോനെയും വീണ്ടും ഒരുമിപ്പിച്ച് ഒരു സിനിമ നിർമിച്ചാലോ എന്ന് മണിയന്‍പിള്ള രാജുവിന് തോന്നിയത് അങ്ങനെയാണ്. സാമ്രാജ്യത്തിന്‍റെ വിജയം ആവര്‍ത്തിക്കാമെന്നാണ് പ്രതീക്ഷിച്ചത്. ‘അനശ്വരം’ എന്ന ചിത്രം ജനിച്ചത് അങ്ങനെയായിരുന്നു.
വമ്പന്‍ പ്രതീക്ഷയോടെ 1991 ഓഗസ്റ്റ് 15ന് റിലീസായ അനശ്വരത്തിന് എതിരാളികളായി തീയറ്ററുകളില്‍ ഉണ്ടായിരുന്നത് മോഹന്‍ലാലിന്‍റെ കിലുക്കവും അങ്കിള്‍ ബണ്ണുമായിരുന്നു. കിലുക്കം ഉണ്ടാക്കിയ തരംഗത്തിൽ അനശ്വരം ബോക്സോഫീസില്‍ മൂക്കും കുത്തിവീണു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും കനത്ത പരാജയങ്ങളിലൊന്നായി. നിർമാതാവെന്ന നിലയില്‍ കനത്ത നഷ്ടമാണ് മണിയന്‍പിള്ള രാജുവിന് ഉണ്ടായത്.
എവർഗ്രീനായി ശ്വേത- 1974 ഏപ്രിൽ 23ന് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണൻകുട്ടി, ശാരദാമേനോൻ ദമ്പതികളുടെ മകളായി ചണ്ഡിഗഢിലാണ് ശ്വേത ജനിച്ചത്. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. രണ്ടാമത്തെ സിനിമയായ നക്ഷത്രക്കൂടാരം പുറത്തിറങ്ങിയത് 1992ലാണ്. രതിനിർവേദം, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം, ഒഴിമുറി, കളിമണ്ണ് എന്നീ സിനിമകളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
അനശ്വരത്തിൽ അഭിനയിക്കുമ്പോൾ 17 വയസായിരുന്നു പ്രായം. ഇതിനുശേഷം ശ്വേത മോഡലിംഗിലേക്ക് തിരിഞ്ഞു. 1994 ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. ആദ്യവിവാഹം വേർപിരിഞ്ഞ അവർ 2011 ൽ തൃശൂർ സ്വദേശിയും മുംബൈയിൽ ബിസ്സിനസ്സുകാരനുമായ ശ്രീവൽസൻ മേനോനെ വിവാഹം ചെയ്തു. സബൈന മകളാണ്. സാൾട്ട് ആൻഡ് പെപ്പറിലെ വേഷത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2011ൽ ലഭിച്ചു.