ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ തന്‍റെ മൂന്നാം കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. എല്ലാത്തവണയും പോലെ വസ്ത്രധാരണത്തിൽ പ്രത്യേക ശ്രദ്ധ നൽകിയാണ് ധനമന്ത്രി ഇത്തവണയും ബജറ്റ് അവതരണത്തിന് എത്തിയത്. ഹാൻഡ് ലൂം വസ്ത്രങ്ങളോട് പ്രത്യേക മമതയുള്ള നിർമ്മല, ഇത്തവണ ധരിച്ചിരുന്ന സിൽക്ക് സാരിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പല കാരണങ്ങൾ കൊണ്ടാണ് ആ സാരി ശ്രദ്ധിക്കപ്പെട്ടത്. അതിൽ മുഖ്യകാരണം അതിന്‍റെ നിറം തന്നെയാണ്. വലിയ ചുവപ്പ്-സ്വർണ്ണനിറത്തിലുള്ള ബോർഡർ ഉള്ള വെള്ള സിൽക്ക് സാരിയായിരുന്നു മന്ത്രി ഇത്തവണ തെരഞ്ഞെടുത്തത്. ശുഭനിറമായി കണക്കാക്കപ്പെടുന്ന ചുവപ്പ്, സ്നേഹം, ഊർജ്ജം, ശ്രദ്ധ, ശക്തി എന്നിവയുൾപ്പെടെയുള്ള ശക്തമായ വികാരങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.
അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിനെ ലക്ഷ്യം വച്ചാണ് അവരുടെ സംസ്കാര പ്രതീകമായി കരുതപ്പെടുന്ന സാരി തന്നെ ധനമന്ത്രി ധരിച്ചെത്തിയതെന്നും വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന വേളയിൽ കൃത്യമായ അവസരം തന്നെ ആളുകളുടെ വികാരം സ്വാധീനിക്കാൻ ധനമന്ത്രി ഉപയോഗപ്പെടുത്തിയെന്നും പറയപ്പെടുന്നു.