IPL 2020 | ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനാക്കാൻ ആഗ്രഹിച്ചത് ധോണിയെ ആയിരുന്നില്ല; വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം
- Published by:Anuraj GR
- news18-malayalam
Last Updated:
മൂന്ന് തവണ കിരീടം നേടിയ ചെന്നൈ രണ്ട് സീസണുകളൊഴികെ മറ്റെല്ലാ തവണയും സെമി ഫൈനലിൽ എത്തിയിട്ടുണ്ട്.
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. ഐപിഎൽ കിരീടം ഏറ്റവുമധികം തവണ നേടിയിട്ടുള്ള ടീമുകളിലൊന്ന്. മൂന്ന് തവണ കിരീടം നേടിയ ചെന്നൈ രണ്ട് സീസണുകളൊഴികെ മറ്റെല്ലാ തവണയും സെമി ഫൈനലിൽ എത്തിയിട്ടുണ്ട്. നിരോധനം കാരണം 2016, 2017 വർഷങ്ങളിൽ ചെന്നൈ ടീമിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. ചെന്നൈ സൂപ്പർ കിങ്സിന്‍റെ കുതിപ്പിന് പിന്നിൽ നല്ലൊരു പങ്കും മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസി തന്നെയാണ്. എന്നാൽ ആദ്യ സീസണിൽ ചെന്നൈ ക്യാപ്റ്റനാക്കാൻ ഉദ്ദേശിച്ചിരുന്ന താരം ധോണി അല്ലായിരുന്നു. മുൻ ഇന്ത്യൻ താരം എസ് ബദരിനാഥാണ് ഇക്കാര്യം തുറന്നു പറയുന്നത്.
advertisement
advertisement
2008 ൽ ഐപിഎൽ ആരംഭിച്ചപ്പോൾ സിഎസ്‌കെ സെവാഗിനെ ക്യാപ്റ്റനാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ബദരിനാഥ് പറഞ്ഞു. ഇക്കാര്യ ആവശ്യപ്പെട്ട് മാനേജമെന്‍റ് സെവാഗിനെ സമീപിച്ചപ്പോൾ, താൻ ഡൽഹിയിലാണ് വളർന്നതെന്നും ഈ സ്ഥലത്തോട് പ്രത്യേക താൽപ്പര്യമുണ്ടെന്നുമായിരുന്നു വീരുവിന്‍റെ മറുപടി. അദ്ദേഹത്തിന്റെ തീരുമാനത്തെ ടീം മാനിച്ചു. തുടർന്നാണ് ധോണിയെ ക്യാപ്റ്റനാക്കാൻ സിഎസ്കെ തീരുമാനിച്ചത്. 2007ൽ ടി 20 ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യൻ ടീമിനെ നയിച്ചയാളായിരുന്നു ധോണി. അദ്ദേഹം ഏറെ സന്തോഷത്തോടെ സിഎസ്കെയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുകയായിരുന്നുവെന്നും ബദരിനാഥ് പറഞ്ഞു.
advertisement
2008 ലെ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനായിരുന്നു ധോണി. ആറ് കോടി രൂപയ്ക്കാണ് ചെന്നൈ ഫ്രാഞ്ചൈസി അന്ന് ധോണിയെ സ്വന്തമാക്കിയത്. ക്യാപ്റ്റൻസിക്ക് പുറമെ ടീമിൽ വിക്കറ്റ് കീപ്പർ, ഫിനിഷർ എന്നീ ചുമതലകളും നാളിതുവരെ ധോണി ഭംഗിയായി നിർവ്വഹിച്ചു. ഒരേ സമയം മൂന്നു സുപ്രധാന ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്ന കളിക്കാരനെ ധോണിയിലൂടെ ചെന്നൈയ്ക്ക് ലഭിച്ചു. ധോണിയാണ് ഇന്നത്തെ ചെന്നൈ ടീമിന്‍റെ പ്രതിരൂപമെന്നും ബദരിനാഥ് പറഞ്ഞു.