മലപ്പുറം: തിരുവാലി ഗ്രാമപഞ്ചായത്തിൽ സി പി എമ്മിനെതിരെ യു ഡി എഫിനൊപ്പം നിന്ന് സി പി ഐ. ഒരു വാർഡിൽ സി പി ഐയെ യു ഡി എഫ് പിന്തുണക്കുമ്പോൾ മറ്റെല്ലാ വാർഡിലും തിരിച്ച് സി പി ഐ പിന്തുണ യു ഡി എഫിനാണ്. കഴിഞ്ഞ തവണ തിരുവാലി പഞ്ചായത്തിൽ സി പി എമ്മും സി പി ഐയും കോൺഗ്രസും ലീഗും എല്ലാം ഒറ്റയ്ക്ക് ആയിരുന്നു മത്സരിച്ചത്. ഇത്തവണ കോൺഗ്രസും മുസ്ലിം ലീഗും ഒന്നിച്ചു പക്ഷേ സി പി എമ്മും സി പി ഐയും ഇപ്പോഴും രണ്ടു വഞ്ചിയിൽ തന്നെ. സി പി ഐയുടെ ലോക്കല്‍ കമ്മറ്റി അംഗം പി ചന്ദ്രദാസാണ് തര്‍ക്കത്തെ തുടര്‍ന്ന് സി പി എം സ്ഥാനാർത്ഥി പി ഷബീർ ബാബുവിനെതിരെ രണ്ടാം വാർഡിൽ മത്സരിക്കുന്നത്.
രണ്ടാം വാർഡിൽ സി പി ഐയെ യു ഡി എഫ് പിന്തുണയ്ക്കും. മറ്റെല്ലാ വാർഡുകളിലും സി പി ഐ തിരിച്ചും സഹായിക്കണമെന്നാണ് ധാരണ. വിജയസാധ്യതയുള്ള വാര്‍ഡുകള്‍ സി പി എം എടുത്ത് യു ഡി എഫിന് വലിയ ഭൂരിപക്ഷമുള്ള ഇടങ്ങള്‍ സി പി ഐയ്ക്ക് നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് സി പി ഐ സി പി എമ്മിനെതിരെ മത്സരിക്കുന്നത്.
കഴിഞ്ഞ തവണ തിരുവാലി പഞ്ചായത്തിൽ സി പി എം, സി പി ഐ, മുസ്ലീംലീഗ്, കോൺഗ്രസ് എല്ലാം ഒറ്റക്കൊറ്റക്ക് ആയിരുന്നു മത്സരിച്ചത്. അന്ന് 16ൽ 14 സീറ്റുകൾ നേടി സി പി എം ഭരണം പിടിച്ചു. ഇത്തവണ ലീഗും കോൺഗ്രസും ഒരുമിച്ചാണ്. ഇതിന് ഒപ്പം സി പി ഐയുടെ പിന്തുണ കൂടി കിട്ടുമ്പോൾ ഭരണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.