ഇതിനിടെ, വയനാട് ജില്ലയെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ഉൾപ്പെടുത്തി കേന്ദ്രജലക്കമ്മീഷൻ മുന്നറിയിപ്പ് പുറത്തിറക്കി. വയനാടിന് പുറമേ കർണാടകത്തിലെ ഉത്തര കർണാടക, ദക്ഷിണ കർണാടക, കുടക്, ശിവമൊഗ്ഗ ജില്ലകളും തെക്കേ ഇന്ത്യയിൽ വെള്ളപ്പൊക്കബാധിത മേഖലയാണ്. മഴ മാറുന്നത് വരെ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് ജല കമ്മീഷൻ അറിയിച്ചു.
കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക- മുഖ്യമന്ത്രി പറഞ്ഞു.