തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ എം ഡി ബിജുപ്രഭാകറിന് എതിരെ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ രംഗത്തെത്തി. കോൺഗ്രസ് ആഭിമുഖ്യത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. തൊഴിലാളികളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ ഐ എന്‍ ടി യു സിക്കാര്‍ എം ഡിക്ക് എതിരെ പ്രതിഷേധിച്ചു. തിങ്കളാഴ്‌ച സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഐ എന്‍ ടി യു സി അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമാണെന്ന് സിഐടിയു നേതാവും എംപിയുമായ എളമരം കരീം പറഞ്ഞു. തൊഴിലാളികള്‍ ആത്മര്‍ഥമായി ജോലി ചെയ്യുന്നവരാണ്. അവരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് മാനേജ്‌മെന്റുകളാണ്. കൃത്യവിലോപം കാണിക്കുന്നുണ്ടെങ്കില്‍ പരിഹാരം കാണേണ്ടത് മാനേജ്‌മെന്റുകളാണ്. ആ ഉത്തരവാദിത്തം അവര്‍ നിര്‍വഹിക്കാതെ തൊഴിലാളികളെ അടച്ച് ആക്ഷേപിക്കുക എന്നത് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറലാണെന്ന് എളമരം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളോ ട്രേഡ് യൂണിയനുകളോ, ജോലി ചെയ്യാതെ ശമ്പളം പറ്റാനോ മറ്റാനുകൂല്യങ്ങള്‍ പറ്റാനോ ഒരു പ്രേരണയും നല്‍കുന്നില്ല. അതിന് ഒരു കാരണവശാലും അനുകൂലിക്കില്ല. ഓരോ തൊഴിലാളിയും അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കണം. മറിച്ച് എന്തെങ്കിലും വസ്തുതയോ തെളിവോ ഉണ്ടെങ്കില്‍ അതാണ് മാനേജ്‌മെന്റാണ് കൃത്യമായി പറയേണ്ടത്. രാഷ്ട്രീയ പ്രസംഗം നടത്തുന്നത് പോലെ എംഡി മാധ്യമങ്ങളെ വിളിച്ച് ആരോപണം ഉന്നയിക്കുന്നത് ഒട്ടും ഉചിതമല്ല. അത് പദവിക്ക് ചേരാത്തതാണ്. അദ്ദേഹം പുനപരിശോധിക്കണമെന്നും എളമരം പറഞ്ഞു
കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായാണ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ രംഗത്തെത്തിയത്. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ നൂറു കോടിയോളം രൂപ കാണാനില്ല. അക്കാലത്ത് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവില്‍ എക്‌സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. ടിക്കറ്റ് മെഷീനില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. വര്‍ക്ക്ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
2012 മുതല്‍ 2015 വരെയുളള കാലയളവിലാണ് 100 കോടിയോളം രൂപ കാണാതായത്. ജീവനക്കാരില്‍ 7090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ് സര്‍വീസുകാരെ സഹായിക്കാനുളള ശ്രമമാണ് നടത്തുന്നത്. കെ എസ് ആര്‍ ടി സി കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്. പുതിയ കമ്പനി രൂപീകരിക്കുമെന്ന് കരുതി കെ എസ് ആര്‍ ടി സിയെ മുറിച്ച് മാറ്റില്ല. വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്‍കുന്ന നടപടി സുതാര്യമാണ്.