കോവിഡിന് ശേഷമുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതിയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പൊതുവെ പ്രതിരോധശേഷി കുറഞ്ഞുവരുന്നതും ഇടയ്ക്കിടെ പനിയും മറ്റ് അസുഖങ്ങളും പിടിപെടുകയും ചെയ്യുന്നുണ്ട്. അടുത്തകാലത്തായി കേരളത്തിൽ ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെറിയ ഇടവേളകളിൽ വരുന്ന പനി കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ആവർത്തിച്ചുള്ള അണുബാധയെ ചെറുക്കുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെ സാധ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള അഞ്ച് വഴികൾ ഇവയാണ്:
1. സ്വാഭാവികമായ മാർഗങ്ങൾ- ഒരു കുട്ടിയ്ക്ക് സ്വാഭാവികമായി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ, പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുകയാണ് വേണ്ടത്. മറ്റു കുട്ടികളുമായി കളിക്കുകയും പ്രകൃതിയുമായി ഇടപെടുകയും മാറിമാറിവരുന്ന കാലാവസ്ഥയുമായി ചേരുകയും വേണം. ഇങ്ങനെ ചെയ്യുമ്പോൾ കുട്ടികൾക്ക് ഇടക്ക് അസുഖങ്ങൾ വരാം. എന്നാൽ അതിൽ വിഷമിക്കേണ്ടതില്ല, അതുവഴി പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഈർപ്പമുള്ള കാലാവസ്ഥ ബാക്ടീരിയ പോലെയുള്ള സൂക്ഷ്മാണുക്കൾക്ക് വളരാൻ നല്ല അന്തരീക്ഷമാണെന്നും അതിനാൽ കാലാവസ്ഥാ വ്യതിയാന സമയത്ത് പ്രതിരോധശേഷി ഉണ്ടാക്കേണ്ടത് വളരെ പ്രധാനമാണെന്നും ശിശുരോഗ വിദഗ്ധർ പറയുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. വിറ്റാമിൻ സി, വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഓറഞ്ച് പോലുള്ള പഴങ്ങൾ, പച്ച ഇലക്കറികൾ, മുട്ട, മത്സ്യം, പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പതിവായി വ്യായാമവും യോഗയും ചെയ്യുക.
2. ഉറക്കം പ്രധാനം- കുട്ടികളുടെ പ്രതിരോധശേഷം വർദ്ധിപ്പിക്കുന്നതിന് ഉറക്കം പ്രധാനമാണ്. കോവിഡിന് ശേഷം മിക്ക കുട്ടികൾക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. കൂടാതെ പഠനത്തിനും മറ്റുമായി അർദ്ധരാത്രി വരെയോ പുലർച്ചെവരെയോ കുട്ടികൾ ഉറങ്ങാതിരിയിരിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിലെ പ്രതിരോധശേഷി കുറയ്ക്കും. ശരാശരി, കൗമാരപ്രായത്തിലുള്ള കുട്ടികൾ എട്ട് മുതൽ പത്ത് മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്, ചെറിയ കുട്ടികൾക്ക് 12 മുതൽ 14 മണിക്കൂർ വരെ ഉറക്കം ആവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു.
3. വ്യക്തിശുചിത്വം- നന്നായി കൈ കഴുകുകയും കുളിക്കുകയും പല്ല് തേക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കുട്ടികൾ കളിച്ചിട്ട് വരുമ്പോഴും സ്കൂളിൽനിന്ന് മടങ്ങിയെത്തുമ്പോഴും കുളിക്കാൻ പ്രോത്സാഹിപ്പിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകണം. കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് ചൂടുവെള്ളത്തിൽ കൈ കഴുകുന്നത് ബാക്ടീരിയകളെയും വൈറസുകളെയും ഇല്ലാതാക്കും. ഇത് ശ്വാസകോശ അണുബാധ കുറയ്ക്കും.
4. വ്യായാമം- കോവിഡിന് ശേഷം ചില കുട്ടികളിൽ ശരീരഭാരം വർദ്ധിക്കുന്ന സ്ഥിതിവിശേഷം കാണുന്നുണ്ട്. ഇത് സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും വർദ്ധിപ്പിക്കുന്നു. കൂടാതെ ടിവി കാണുന്നതിനും മൊബൈൽ ഉപയോഗിക്കുന്നതിനുമായി തുടർച്ചയായി ഇരിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. ഇത് ഒഴിവാക്കാൻ, വ്യായാമം, യോഗ, ധ്യാനം എന്നിവ ചെയ്യാൻ കുട്ടികളെ പ്രോൽസാഹിപ്പിക്കണം. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ വ്യായാമം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക്, ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമം ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. എല്ലാ ദിവസവും അര മണിക്കൂർ മുതൽ 45 മിനിട്ട് വരെ ശാരീരിക വ്യായാമം നിർബന്ധമാക്കണം. കുട്ടികൾക്കായി പ്രധാനമായും എയ്‌റോബിക്‌സ് വ്യായാമങ്ങൾ - സൈക്ലിംഗ്, നീന്തൽ എന്നിവ വളരെ നല്ലതാണ്.