വന്ധ്യതാ നിവാരണ ചികിത്സയിൽ പലപ്പോഴും വേണ്ടത്ര ശ്രദ്ധ കിട്ടാത്ത ഒന്നാണ് പുരുഷ വന്ധ്യത. ദമ്പതികൾക്ക് കുട്ടികളുണ്ടാകാൻ താമസിച്ചാൽ, അത് സ്ത്രീയുടെ പ്രശ്നമായി കണ്ടാണ് കൂടുതൽ ക്ലിനിക്കുകൾ ചികിത്സിയ്ക്കുന്നത്. പുരുഷൻമാരുടെ പ്രശ്നം വിശദമായി പഠിക്കാൻ തയ്യാറാകാത്തത് വന്ധ്യതാനിവാരണ ചികിത്സയെ വേണ്ടത്ര ഫലപ്രാപ്തിയിലെത്തിക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഇന്ത്യയിൽ രണ്ടിലൊന്ന് വന്ധ്യതാ കേസുകളും പുരുഷൻമാരുടെ പ്രശ്നം കൊണ്ടാണെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു.
എന്താണ് പുരുഷവന്ധ്യത?- ഭാര്യയുടെ അണ്ഡത്തെ ബീജസങ്കലനം ചെയ്യാൻ ആവശ്യമായ ബീജങ്ങളെ ഉത്പാദിപ്പിക്കാൻ പുരുഷ പങ്കാളിക്ക് കഴിയാത്ത അവസ്ഥയാണ് പ്രധാനമായും പുരുഷവന്ധ്യത എന്ന് അറിയപ്പെടുന്നത്. ബീജം എണ്ണത്തിൽ വളരെ കുറവായിരിക്കാം, ബീജം നിർജ്ജീവമായതോ രൂപഭേദം സംഭവിച്ചതോ ആകാം, ബീജം പുറത്തേക്കുവരുന്നതിലുള്ള തടസം. പുരുഷവന്ധ്യതയിലേക്ക് നയിക്കുന്ന കാരണങ്ങൾ വ്യത്യസ്തമാണ്: വെരിക്കോസെൽ (സിരകളുടെ നീർവീക്കം), ശുക്ലത്തിലെ അപാകതകൾ, ഹോർമോൺ അസന്തുലിതാവസ്ഥ, ചില രോഗങ്ങൾ, സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ, ജീവിതശൈലി പ്രശ്നങ്ങൾ (മദ്യപാനം പുകവലി) വരെ, ഇവയിൽ ഏതെങ്കിലും ഒന്നാകാം.
ബീജത്തിന്‍റെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ- ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബീജത്തിന്‍റെ എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ കഴിയും. ഇതിൽ ഏറ്റവും പ്രധാനം പുകവലിയും മദ്യപാനവും ഒഴിവാക്കുക എന്നതാണ് പുകയില ഉപയോഗം അസ്‌തെനോസോസ്‌പെർമിയ (കുറഞ്ഞ ബീജ ചലനം), വികലവും ദുർബലവുമായ ബീജങ്ങൾ, അതുപോലെ ക്രോമസോമുകൾക്ക് ജനിതക തകരാറുകൾ എന്നിവയ്ക്ക് കാരണമാകുന്നു. കഴിയുമെങ്കിൽ മദ്യപാനം പൂർണമായി ഒഴിവാക്കുക. അമിതമായ മദ്യപാനം ലൈംഗികശേഷിയെ ബാധിക്കും.
a. കോഎൻസൈം Q10- കോശങ്ങൾക്ക് ഊർജ്ജം നൽകുകയും ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ഫാറ്റി മോളിക്യൂൾ ആണിത്. ഇവ കൂടുതലായി ലഭിക്കുന്ന മികച്ച ഭക്ഷണ സ്രോതസ്സുകൾ മാംസം, കരൾ എന്നിവയാണ്; ഒലിവ്, ഗ്രേപ്സീഡ്, സോയ ഓയിൽ; നിലക്കടല ബ്രോക്കോളി, ചീര, അവോക്കാഡോ തുടങ്ങിയ പച്ചക്കറികളിൽനിന്നും കോഎൻസൈം ലഭിക്കും. b. ഫോളേറ്റ്- പയർ, ബീൻസ്, ഗ്രീൻപീസ് എന്നിവയിൽ ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. .
c. എൽ-അർജിനൈൻ- ഹോർമോണുകളുടെ സന്തുലിതാവസ്ഥയ്ക്ക് സഹായകമായ എൽ-അർജിനൈനുകൾ ഉൽപാദിപ്പിക്കുന്നത് ശരീരമാണ്. ഇവയുടെ മികച്ച സ്രോതസ്സുകൾ മാംസവും പാലുൽപ്പന്നങ്ങളുമാണ്. d. എൽ-കാർനിറ്റൈൻ- കൊഴുപ്പുകളെ വിഘടിപ്പിച്ച് സെല്ലുലാർ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന ഒരു അമിനോ ആസിഡാണിത്. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. പ്രാഥമികമായി മാംസം, പാലുൽപ്പന്നങ്ങൾ, അവോക്കാഡോ, എന്നിവയിൽ ഇത് കാണപ്പെടുന്നു.