നൃത്തം മീരയ്ക്ക് ജീവനാണ്. ആ ജീവന്‍റെ തുടിപ്പുകളെ സിനിമയിൽ ആവാഹിക്കാനായപ്പോഴുള്ള സന്തോഷത്തിലാണ് മീരയിപ്പോൾ... കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലാണ് നൃത്തച്ചുവടുകളുമായി മീര നായർ എത്തുന്നത്. ചിത്രത്തിൽ കലാമണ്ഡലം ക്ഷേമാവതിയെയാണ് മീര അവതരിപ്പിക്കുന്നത്. ഒരു ഗാനരംഗത്തിൽ മുഴുനീള നൃത്തവുമായാണ് താരം എത്തുന്നത്. ജീവിതത്തിന്‍റെ ഭാഗമായ നൃത്തം സിനിമയിലും അവതരിപ്പിക്കുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് മീര പറയുന്നു. കലാമണ്ഡലം വിമലാ മേനോൻ ആണ് നൃത്തം ചിട്ടപ്പെടുത്തിയത്. വിമലാ മേനോന് കീഴിൽ പ്രത്യേകമായി അഭ്യസിച്ച ശേഷമാണ് സിനിമയിൽ നൃത്തം അവതരിപ്പിച്ചത്.
മീരയ്ക്ക് നൃത്തം അറിയുമോ എന്ന് രഞ്ജി പണിക്കർക്ക് സംശയം ? - ചിത്രത്തിൽ രഞ്ജി പണിക്കരാണ് കലാമണ്ഡലം ഹൈദരാലിയെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കർക്ക് ഒപ്പമുള്ള ഗാനരംഗത്തിലാണ് മീര മനോഹരമായി നൃത്തം ചെയ്യുന്നത്. മുമ്പ് തെളിവ് എന്ന ചിത്രത്തിൽ രഞ്ജി പണിക്കർക്കൊപ്പം മീര അഭിനയിച്ചിട്ടുണ്ട്. തെളിവിൽ മീരയും രഞ്ജിയും പൊലീസുകാരായാണ് എത്തുന്നത്. പൊലീസുകാരി ആയ ആൾക്ക് നൃത്തം അറിയുമോ എന്ന സംശയമായിരുന്നു രഞ്ജി പണിക്കർക്ക്. ഗാനരംഗ ചിത്രീകരണത്തിന് എത്തിയപ്പോൾ രഞ്ജി പണിക്കർ അത് നേരിട്ട് ചോദിക്കുകയും ചെയ്തു. നൃത്തം ഒക്കെ അറിയാമോ എന്നായിരുന്നു രഞ്ജിയുടെ ചോദ്യം. ആ നോക്കാം എന്ന് മീര മറുപടിയും നൽകി. നൃത്തരംഗം മനോഹരമായി അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ രഞ്ജി പണിക്കർ അഭിനന്ദിക്കുകയും ചെയ്തെന്ന് മീര പറയുന്നു. ഹരിപ്പാടായിരുന്നു നൃത്തരംഗത്തിന്റെ ചിത്രീകരണം നടന്നത്. അടിസ്ഥാനപരമായി മോഹിനിയാട്ടം കലാകാരിയായതിനാൽ നൃത്തരംഗം അനായാസം ചെയ്യാൻ സാധിച്ചു. മിക്കവാറും ഒറ്റ ടേക്കിൽ തന്നെ നൃത്തം ചെയ്യാൻ കഴിഞ്ഞു എന്ന സന്തോഷവും മീര പങ്കുവയ്ക്കുന്നു.
ഏറെ കാലിക പ്രസിക്തിയുള്ള പ്രമേയം - മുസ്ലീം കലാകാരനായ ഹൈദരാലിക്ക് പാടാൻ വേണ്ടി അമ്പലത്തിന്‍റെ മതിൽ പൊളിക്കുന്നത് പോലുള്ള സംഭവങ്ങൾ സിനിമയിൽ പറയുന്നുണ്ട്. ഏകദേശം 20 വർഷം മുമ്പ് നടന്ന സംഭവമാണ് സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ അത്തരത്തിലൊക്കെ സാധ്യമാകുമോ എന്ന് ചിന്തിച്ചുപോകുന്നെന്ന് മീര പറയുന്നു.
കിരൺ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഞ്ജി പണിക്കരുടെ മകനും പ്രധാന വേഷത്തിലെത്തുന്നു. കലാമണ്ഡലം ഹൈദരാലിയായി രഞ്ജി പണിക്കർ എത്തുമ്പോൾ ഹൈദരാലിയുടെ യൗവനകാലമാണ് മകൻ നിഖിൽ അവതരിപ്പിക്കുന്നത്. കവിതയും നൃത്തവും ജീവിതത്തിന്‍റെ ഭാഗമാക്കിയ മീര മികച്ച ഒരു ചിത്രത്തിന്‍റെ ഭാഗം കൂടിയാകാൻ കഴിഞ്ഞതിന്‍റെ ചാരിതാർഥ്യത്തിലാണ് ഇപ്പോൾ.