Land Rover Defender | മലയാള സിനിമാതാരങ്ങളിൽ വാഹനപ്രേമികളുടെ എണ്ണം കൂടുതലാണ്. ലോകത്തെ അത്യാഡംബര വാഹനങ്ങൾ സ്വന്തമാക്കിയിട്ടുള്ള നിരവധി താരങ്ങളുണ്ട്. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍റെയും ദുൽഖർ സൽമാന്‍റെയുമൊക്കെ വാഹനശേഖരത്തിൽ പോർഷെ, ബുഗാട്ടി, ലാൻഡ് റോവർ തുടങ്ങിയ ബ്രാൻഡുകളുടെ മുന്തിയ മോഡലുകളുണ്ട്. ഇവർക്കൊപ്പം ചേരുകയാണ് നടൻ ജോജു ജോർജു. കരുത്തിന്‍റെ പ്രതീകമായി അറിയപ്പെടുന്ന ടാറ്റ ലാൻഡ് റോവർ ഡിഫൻഡർ എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ് ജോജു ജോർജ്.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ അടുത്തിടെ പുറത്തിറക്കിയ ഡിഫന്‍ഡറിന്റെ ഫൈവ് ഡോര്‍ പതിപ്പായ 110-ന്റെ ഫസ്റ്റ് എഡിഷന്‍ മോഡലാണ് ജോജു ജോര്‍ജ് സ്വന്തം ഗാര്യേജിൽ എത്തിച്ചിരിക്കുന്ന പുത്തൻ താരം. ലാന്‍ഡ് റോവറിന്റെ എക്കാലത്തെയും മികച്ച ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഡിഫന്‍ഡര്‍ എസ്.യു.വി. എത്ര പരുക്കമേറിയ പ്രതലങ്ങളിലൂടെയും കുത്തനെയുള്ള കയറ്റിറക്കങ്ങളിലൂടെയും അനായാസം ഡ്രൈവ് ചെയ്യാൻ സാധിക്കുന്ന വാഹനമാണിത്. പതിറ്റാണ്ടുകളോളം ലാൻഡ് റോവറിന് തിളക്കമേകിയ ഈ വാഹനം ഇടയ്ക്ക് നിർത്തിവെച്ചിരുന്നു. അതിനുശേഷം 2019ലാണ് വീണ്ടും ആഗോളവിപണിയിൽ എത്തിയത്. രണ്ടാം വരവിൽ കരുത്തിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യകളും ലാൻഡ് റോവർ ഡിഫൻഡറിന് മാറ്റ് കൂട്ടി. കരുത്ത് ചോരാതെ തന്നെ ഭാരം കുറഞ്ഞ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫന്‍ഡര്‍ ഒരുക്കിയിരിക്കുന്നത്.
ലാൻഡ് റോവറിനെ ഇന്ത്യൻ കമ്പനിയായ ടാറ്റ ഏറ്റെടുത്തെങ്കിലും ഇപ്പോഴും പൂര്‍ണമായും വിദേശത്താൻ ഡിഫൻഡർ നിർമ്മിക്കുന്നത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഡിഫന്‍ഡറിലുള്ളത്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡര്‍ ഇന്ത്യൻ റോഡുകൾ കീഴക്കാനെത്തുന്നത്. 292 ബിഎച്ച്‌പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഇതിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്. 83 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ കരുത്തന്‍ എസ്.യു.വിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. നടൻ പൃഥ്വിരാജും ലാൻഡ് റോവർ വാഹനം നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.
ജോജുവിന്‍റെ വാഹനശേഖരത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. അത് ഇങ്ങനെയാണ്,- ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫിന്റെ ഇരട്ടക്കണ്ണൻ സ്ട്രീറ്റ് ട്രിപ്പിൾ ആർ, അമേരിക്കൻ യൂട്ടിലിറ്റി വാഹ നിർമ്മാതാക്കളായ ജീപ്പിന്റെ റാൻഗ്ലർ എസ്‌യുവി, പോർഷെ കയാൻ എസ്‌യുവി, ബിഎംഡബ്ള്യു എം6 ഗ്രാൻ കൂപെ, ഓഡി എ7 സ്പോർട്ട്ബാക്ക്, മിനി കൂപ്പർ എസ് എന്നിവയും ജോജുവിന്‍റെ ഗ്യാരേജിലുണ്ട്. ഇതിൽ റാൻഗ്ലർ എസ്‌യുവി ഒഴികെയുള്ളവ സെക്കൻഡ് ഹാൻഡ് വാഹനങ്ങളാണ്.
കഴിഞ്ഞ ദിവസം നടൻ ദുൽഖർ സൽമാനും പുതിയ വാഹനം സ്വന്തമാക്കിയിരുന്നു. ബെൻസ്. ജി-ക്ലാസ്സിന്റെ പെർഫോമൻസ് പതിപ്പായ ജി 63 എഎംജിയാണ് ദുൽഖർ പുതുതായി ഗ്യാരേജിലെത്തിച്ചത്. ഒലിവു ഗ്രീൻ നിറത്തിൽ 22 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും യോട്ട് ബ്ലൂ ബ്ലാക്ക് സീറ്റുകളുമായി കസ്റ്റമൈസ് ചെയ്താണ് ദുൽഖർ സ്വപ്‍ന വാഹനങ്ങളിലൊന്ന് സ്വന്തമാക്കിയിരിക്കുന്നത്. 585 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കും പ്രദാനം ചെയ്യുന്ന 4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് ജി63 എഎംജിയ്ക്കുള്ളത്. അടിസ്ഥാന മോഡലിന് 2.5 കോടിയാണ് വില. കസ്റ്റമൈസ് ചെയ്തെടുത്തതുകൊണ്ട് ദുഖറിന്റെ മെഴ്‌സിഡസ് ജി63 എഎംജിയ്ക്ക് മൂന്നു കോടിക്ക് അടുത്ത് വിലയായി കാണുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
ദുൽഖറിന്‍റെ വാഹനശേഖരത്തിലുള്ള കരുത്തൻമാർ ഇവരൊക്കെയാണ്- പോർഷെ പാനമേറ, മിനി കൂപ്പർ, മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്പോർട്ട്, മെഴ്‌സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, E46 ബിഎംഡബ്ള്യു M3 എന്നിവയാണ് ദൂൽഖറിന്‍റെ കാറുകൾ. ഇവ കൂടാതെ ബിഎംഡബ്യു മോട്ടോറാഡിന്റെ R 1200 GS അഡ്വെഞ്ചർ, K 1300 R, ട്രയംഫിന്റെ ടൈഗർ XRx അഡ്വഞ്ചർ, ട്രയംഫ് ബോൺവിൽ സ്റ്റീവ് മക്ക്വീൻ എഡിഷൻ (ദുൽഖർ കസ്റ്റമൈസ് ചെയ്തത്) എന്നീ ബൈക്കുകളും താരത്തിന് സ്വന്തമായി ഉണ്ട്.