Petrol Diesel Price| തെരഞ്ഞെടുപ്പ് അനുഗ്രഹമായി; പതിനാറാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില
- Published by:Rajesh V
- news18-malayalam
Last Updated:
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലുമാണ്.
കൊച്ചി: തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല. വൻ വർധനവിന് ശേഷമാണ് ഇന്ധന വില ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. വിവിധ നഗരങ്ങളിലെ വില പരിശോധിക്കുമ്പോൾ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.99 രൂപയുമാണ് ഇന്നത്തെ വില. അതേസമയം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലുമാണ്.
advertisement
ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യകത ഉയർന്നതുമാണ് ഇന്ധന വില വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ആഗോള ക്രൂഡ് ഓയിൽ വിലയും ഡോളർ വിനിമയ നിരക്കും കുത്തനെ ഉയർന്നു. ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 69.45 ഡോളറാണ് വില. 72.71 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്.
advertisement
advertisement
കേരളം, തമിഴ്നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാവാം വില വർധനയ്ക്കു താൽക്കാലിക ആശ്വാസം എന്നാണു വിലയിരുത്തലുകൾ. മുൻപും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം വില മാറ്റമില്ലാതെ തുടരുന്ന പതിവുണ്ടായിരുന്നു. കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു സമയത്തും ഒരു മാസത്തിലേറെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.
advertisement
സൗദിയിൽ പ്രതിമാസ പെട്രോൾ വിലയിൽ നേരിയ വർധന. രാജ്യത്തെ എണ്ണ വിതരണ കമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. പുതിയ വില നിലവിൽ വന്നതോടെ പെട്രോള്‍ വില ആദ്യമായി ലിറ്ററിന് രണ്ട് റിയാലിന് മുകളിലെത്തി. 95 ഇനം പെട്രോളിന് ലിറ്ററിന് 1.94 റിയാലില്‍ നിന്ന് 2.04 ആയും 91 ഇനം പെട്രോളിന് ലിറ്ററിന് 1.81 റിയാലില്‍ നിന്ന് 1.90 ആയും വര്‍ധിച്ചു. ഡീസൽ വില വർധിപ്പിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ചാണ് ആഭ്യന്തര മാര്‍ക്കറ്റില്‍ പ്രതിമാസ വില ക്രമീകരിക്കുന്നത്.
advertisement
സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം രാജ്യത്തെ ഇന്ധന വിലയെ പുതിയ റെക്കോർഡുകളിൽ എത്തിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. 20 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അസംസ്കൃത എണ്ണ വില ഉയരാൻ ഈ ആക്രമണം വഴിവച്ചു. സൗദിയുടെ എണ്ണപ്പാടങ്ങൾക്കോ സംഭരണ കേന്ദ്രങ്ങൾക്കോ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സൗദി കൃത്യ സമയത്തു തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ, ആക്രമണം കൊണ്ടുണ്ടായ സുരക്ഷാ പ്രശ്നങ്ങളാണു രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ഉയർത്തിയത്. ബാരലിന് 71 ഡോളറിനു സമീപത്തേക്കു വരെ വില ഉയരുകയും ചെയ്തു.