അന്ന് സച്ചിൻ്റെ എതിരാളിയായിരുന്ന ഫാസ്റ്റ് ബൗളർ: ഇന്ന് കപ്പലിൽ ക്ലീനർ...കറുത്ത ആംബാന്‍ഡ് ധരിച്ചുള്ള പ്രതിഷേധം കാരണം കരിയർ നഷ്ടപ്പെട്ട ക്രിക്കറ്റ് താരം!
- Published by:Sarika N
- news18-malayalam
Last Updated:
കറുത്ത ആംബാന്‍ഡ് ധരിച്ചുള്ള പ്രതിഷേധം കാരണം സ്വന്തം രാജ്യം തന്നെ ഉപേക്ഷിക്കേണ്ടി വന്ന ക്രിക്കറ്റ് താരം
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രത്യേകിച്ച് 1990 കളിൽ വളർന്നവർക്ക് മറക്കാന്‍ കഴിയാത്ത പേരുകളിലൊന്നാണ് സിംബാബ്‌വെയുടെ ഫാസ്റ്റ് ബൗളര്‍ ഹെന്റി ഒലോംഗയുടേത് (Henry Olonga). 1998 ൽ ഷാർജയിൽ നടന്ന കൊക്കക്കോള കപ്പ് ഫൈനലിൽ സിംബാബ്‌വെ ടീമിന്റെ ഭാഗമായിരുന്നു ഒലോംഗ. 1995 ജനുവരിയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചപ്പോൾ അദ്ദേഹം ആദ്യത്തെ കറുത്ത വർഗക്കാരനായ ക്രിക്കറ്റ് കളിക്കാരനും സിംബാബ്‌വെയ്‌ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു. 1996 മുതൽ 2003 വരെ സിംബാബ്‌വെ ടീമിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം, 1996, 1999, 2003 വർഷങ്ങളിൽ ലോകകപ്പിൽ കളിച്ചു. കളിക്കുന്ന കാലത്ത്, സിംബാബ്‌വെയും ഇന്ത്യയും അന്താരാഷ്ട്ര ക്രിക്കറ്റിൽ പരസ്പരം കളിക്കുമ്പോഴെല്ലാം മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കറുമായി (Sachin Tendulkar) അദ്ദേഹം ഒരു ശത്രുത നിലനിർത്തിയിരുന്നതായി പറയപ്പെടുന്നു.
advertisement
അന്ന് ആ അദ്ദേഹം ശ്രദ്ധിക്കപ്പെടാനുള്ള കാരണം സച്ചിൻ തെണ്ടുല്‍ക്കർ ആയിരുന്നു. സച്ചിന്റെ കടുത്ത ബാറ്റിങ് പ്രഹരത്തിന് ഇരയായിരുന്നു അദ്ദേഹം. 92 പന്തില്‍ 124 റണ്‍സാണ് അന്ന് സച്ചിൻ നേടിയത്. ഒലോംഗ വെറും ആറോവറില്‍നിന്ന് 50 റണ്‍സ് വഴങ്ങി ആ മത്സരത്തില്‍. ഇന്ത്യ പത്തുവിക്കറ്റിന്റെ ആധികാരിക ജയവും നേടി. ഈ മത്സരം ഒലോംഗയെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ മറക്കാനാവാത്ത ഒരു വ്യക്തിയാക്കി മാറ്റി. എന്നാൽ അഞ്ച് വർഷങ്ങൾക്ക് ശേഷം 2003 ലോകകപ്പില്‍ ഒലോംഗയുടെ കരിയറിൽ കരിനിഴൽ വീണു.
advertisement
ലോകകപ്പില്‍, കൈയില്‍ പ്രതിഷേധസൂചകമായി കറുത്ത ആംബാന്‍ഡ് ധരിച്ചതാണ് താരം അന്ന് മൈതാനത്ത് എത്തിയത്. അന്ന് റോബര്‍ട്ട് മുഗാംബെയുടെ ആധിപത്യത്തിലായിരുന്നു സിംബാബ്‌വെ. രാജ്യത്തിന്റെ ഏകാധിപത്യ ഭരണത്തില്‍ പ്രതികരിച്ച് ആ ലോകകപ്പില്‍ ഒലോംഗയും ആന്‍ഡി ഫ്‌ളവറും കറുത്ത ആംബാന്‍ഡ് ധരിച്ച് മൈതാനത്ത് പ്രതിഷേധിച്ചു. ഇത് ഒലോംഗയ്ക്ക് നിരവധി ശത്രുക്കളുണ്ടാവാൻ കാരണമായി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ കാരണം ഒലോംഗയ്ക്ക് നേരെയുണ്ടായ വധഭീഷണി ഒരു ഘട്ടത്തിൽ അദ്ദേഹത്തെ സിംബാബ്‌വെ വിടാൻ നിർബന്ധിതനാക്കി. ഒടുവിൽ സിംബാബ്‌വെ വിട്ട അദ്ദേഹം ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി. അതിനുശേഷം അദ്ദേഹം ഒരിക്കലും സ്വന്തം രാജ്യത്തേക്ക് മടങ്ങിയിട്ടില്ല.
advertisement
ഒലോംഗ തന്റെ 80 വയസ്സുള്ള പിതാവിനെ നേരിൽ കണ്ടിട്ട് 20 വർഷങ്ങൾ കഴിഞ്ഞെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിംബാബ്‌വെ വിട്ടതിനുശേഷം അദ്ദേഹത്തിന് ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടിവന്നു . ഓസ്‌ട്രേലിയിൽ താമസമാക്കിയതിന് ശേഷമാണ് അദ്ദേഹം പാടാൻ തുടങ്ങിയത്. 2019-ല്‍ ഓസീസ് ടിവി പരമ്പരയായ 'ദ് വോയിസി'ല്‍ ഉള്‍പ്പെടെ പങ്കെടുത്തു. അദ്ദേഹം ഓസ്‌ട്രേലിയയുടെ ചെറിയ ഗ്രാമങ്ങളിലും സ്‌കൂളുകളിലും ബാറുകളിലുമൊക്കെ പരിപാടി അവതരിപ്പിക്കാറുണ്ടായിരുന്നു. കൂടാതെ ഉപജീവനമാർഗത്തിനായി ബോട്ടുകള്‍ വൃത്തിയാക്കുന്ന ജോലിയിലടക്കം ഏര്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
advertisement