റെഡ്ഡിറ്റിലൂടെയാണ് യുവാവ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. 29 വയസ്സുള്ള ഇദ്ദേഹം തന്റെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥയില്‍ നിന്ന് നേരിടുന്ന ദുരുനുഭവത്തെ കുറിച്ചാണ് പോസ്റ്റില്‍ തുറന്നുപറഞ്ഞിരിക്കുന്നത്. തന്റെ വനിതാ ബോസിന്റെ ക്യാബിനില്‍ പോകുമ്പോഴെല്ലാം അവര്‍ തന്നെ അനാവശ്യമായി സ്പര്‍ശിക്കുന്നതായി തോന്നിയ അനുഭവം യുവാവ് പങ്കുവെക്കുന്നു.
തനിക്ക് 29 വയസ്സുണ്ടെന്നും ഗൊരേഗാവിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ആറ് മാസമായി താന്‍ ജോലി ചെയ്തുവരികയാണെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു. "പ്രശ്‌നം എന്റെ വനിതാ ബോസാണ്. അവര്‍ എന്നെ ക്യാബിനിലേക്ക് വിളിപ്പിക്കുകയും എന്റെ ഫയലുകള്‍ പരിശോധിക്കുമ്പോള്‍ ആവര്‍ത്തിച്ച് സ്പര്‍ശിക്കുകയും ചെയ്യുന്നു. തുടക്കത്തില്‍ അത് അബദ്ധത്തില്‍ സംഭവിക്കുന്നതായിരിക്കാമെന്ന് ഞാന്‍ കരുതി. പക്ഷേ, ഇപ്പോള്‍ അത് പലപ്പോഴും സംഭവിക്കുന്നു. അവര്‍ തന്റെ തുടകളിലും കൈകളിലും സ്പര്‍ശിക്കുകയും അടുത്തിരുന്ന് പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പിന്നീട് ചിരിക്കുകയോ തമാശകള്‍ പറയുകയോ ചെയ്യുന്നു. അവള്‍ വിവാഹിതയാണ്, കുട്ടികളുമുണ്ട്. ഇത്തരം പ്രവൃത്തികള്‍ വളരെ സാധാരണമായാണ് അവള്‍ ചെയ്യുന്നത്", അയാള്‍ പോസ്റ്റില്‍ കുറിച്ചു.
advertisement
സഹപ്രവര്‍ത്തകരോട് ഇതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ നല്ല ഉപദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് മാറുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ മേലധികാരികള്‍ ജീവിതം നരകമാക്കുമെന്ന് സഹപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സുഹൃത്തിനോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കും ഇത് ആസ്വദിക്കാമെന്നായിരുന്നു മറുപടിയെന്നും യുവാവ് വിശദമാക്കി.
ഇക്കാര്യത്തില്‍ ഇനി എന്ത് ചെയ്യുമെന്ന് നിര്‍ദ്ദേശം തേടിയാണ് യുവാവ് റെഡ്ഡിറ്റില്‍ സംഭവത്തെ കുറിച്ച് പോസ്റ്റിട്ടത്. ചിലര്‍ അതിനെ യഥാര്‍ത്ഥ്യബോധത്തോടെ കണ്ടെങ്കിലും ചിലര്‍ അതിനെ അവഗണിച്ചു. ഇക്കാര്യത്തില്‍ എന്തിനാണ് പരാതിപ്പെടുന്നതെന്ന് ചിലര്‍ ചോദിച്ചു. ക്യാബിനില്‍ നടക്കുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ വഴിയുണ്ടോ എന്ന് ഒരു അഭിഭാഷകന്‍ ചോദിച്ചു. കേസ് തെളിയിക്കാന്‍ തെളിവില്ലാതെ പരാതിപ്പെടുന്നത് തിരിച്ചടിയാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
പരാതിപ്പെടുന്നത് ഒരു പുരുഷനായതിനാല്‍ ഒരു നടപടിയും ഉണ്ടാകില്ലെന്നായിരുന്നു മറ്റൊരു മറുപടി. മാത്രമല്ല ബോസ് ഇക്കാര്യം അറിഞ്ഞാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ യുവാവ് നേരിടേണ്ടി വരുമെന്നും അവരുമായി ഇപെടുമ്പോള്‍ അകലം പാലിക്കാന്‍ ശ്രമിക്കണമെന്നും ഒരാള്‍ എഴുതി.
ചിലര്‍ സംഭവത്തില്‍ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമത്തിനെതിരെ കേസ് കൊടുക്കുന്നതിന്റെ സാധ്യതയെപ്പറ്റിയും ആരാഞ്ഞു. പോഷ് ആക്ട് വനിതാ ജീവനക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും ബോസ് അവനെ പ്രതിയാക്കുമെന്നും ഒരാള്‍ പ്രതികരിച്ചു. സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി കൊണ്ടുവന്ന നിയമമാണിത്.