ഒരു കമ്പനിക്ക് വേണ്ടി ആറുവർഷക്കാലം തന്റെ സർവവും നൽകി ജോലി ചെയ്ത ഒരു ജീവനക്കാരന്റെ കഥയാണിത്. ഓഫീസിൽ എല്ലാവർക്കും മുൻപേ എത്തുന്നതും വൈകി മാത്രം മടങ്ങുന്നതും ഇദ്ദേഹത്തിന്റെ പതിവായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മറ്റാരേക്കാളും അറിവുള്ള ഇദ്ദേഹത്തെയായിരുന്നു ഏത് അടിയന്തര സാഹചര്യത്തിലും അധികൃതർ ആശ്രയിച്ചിരുന്നത്. എന്നാൽ ഇത്രയേറെ വിശ്വസ്തത കാണിച്ചിട്ടും അർഹമായ സ്ഥാനക്കയറ്റങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല.
ഇതിനിടെയാണ് പുതിയൊരു യുവാവ് കമ്പനിയിൽ ജോലിക്ക് ചേരുന്നത്. എംബിഎ ബിരുദധാരിയായ ആ 26-കാരൻ വളരെ പെട്ടെന്ന് തന്നെ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദത്തിലായി. വർഷങ്ങളായി ജോലി ചെയ്യുന്ന വിശ്വസ്തനായ ജീവനക്കാരന് ഒരിക്കൽ പോലും അവസരം ലഭിക്കാത്ത ഉന്നതതല യോഗങ്ങളിൽ മാസങ്ങൾക്കുള്ളിൽ തന്നെ ഈ യുവാവ് പങ്കെടുക്കാൻ തുടങ്ങി. ഈ യുവാവിനെ ജോലി പഠിപ്പിച്ചതും കമ്പനിയുടെ രീതികൾ പറഞ്ഞുകൊടുത്തതും ഇതേ വിശ്വസ്തനായ ജീവനക്കാരൻ തന്നെയായിരുന്നു.
advertisement
താൻ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, "ഞാൻ ഒരു കമ്പനിയോടാണ് വിശ്വസ്തത കാണിച്ചത്, എന്റെ ലക്ഷ്യത്തോടല്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രണ്ടാഴ്ചയ്ക്ക് ശേഷം അദ്ദേഹം ജോലി രാജിവയ്ക്കുകയും സ്വന്തമായി ഒരു സംരംഭം തുടങ്ങുകയും ചെയ്തു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോഴാണ് കമ്പനിക്ക് അദ്ദേഹത്തിന്റെ വില മനസ്സിലായത്. അതുവരെ അദ്ദേഹത്തിന്റെ പേര് പോലും പരാമർശിക്കാത്ത മാനേജിംഗ് ഡയറക്ടർ, അദ്ദേഹത്തിന്റെ വിടവാങ്ങൽ കമ്പനിക്ക് വലിയ നഷ്ടമാണെന്ന് കാണിച്ച് ജീവനക്കാർക്ക് ഇമെയിൽ അയച്ചു.
സോഷ്യൽ മീഡിയയിൽ ഈ വാർത്ത പങ്കുവെക്കപ്പെട്ടതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. കമ്പനിക്ക് പ്രയോജനമുള്ളവനായിരിക്കുക എന്നതും കമ്പനിയിൽ ശ്രദ്ധിക്കപ്പെടുന്നവനായിരിക്കുക എന്നതും രണ്ട് കാര്യങ്ങളാണെന്ന് ഒരാൾ കുറിച്ചു. വിശ്വസ്തത ചൂഷണത്തിന് വഴിമാറുന്ന കോർപ്പറേറ്റ് ലോകത്തെ നിശബ്ദ ദുരന്തമാണിതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. കഠിനാധ്വാനം ചെയ്യുന്നവർ പലപ്പോഴും അദൃശ്യമായ തൂണുകളെപ്പോലെയാണെന്നും അവർ പോയിക്കഴിഞ്ഞാൽ മാത്രമേ അവരുടെ മൂല്യം തിരിച്ചറിയപ്പെടൂ എന്നും പലരും ചൂണ്ടിക്കാട്ടി.
