പരിപാടിക്ക് പോകുന്ന സമയത്ത് സുധി വണ്ടിയുടെ മുന്നിൽ ഇരുന്നുവെന്നും ഊണ് കഴിക്കാൻ ഇറങ്ങിയിട്ട് വന്നപ്പോഴും പരിപാടി കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഓടി വന്ന് വണ്ടിയുടെ മുന്നിൽ തന്നെ ഇരിക്കുകയായിരുന്നുവെന്നും ബിനു പറഞ്ഞു. അത്രയും ഊർജസ്വലനായ ഒരു സുധിയെ താൻ മുൻപ് കണ്ടിട്ടില്ലെന്നും ബിനു അടിമാലി പറഞ്ഞു.
”10-15 ദിവസങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ ഒന്ന് ചിരിക്കുന്നത്. കാരണം ഞാൻ എത്തിയിരിക്കുന്നത് എന്റെ ‘മാ’ സംഘടനയുടെ പരിപാടിക്കാണ്. ഇതൊരു ഭംഗി വാക്കായി പറയുന്നതല്ല. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ കിടക്കുമ്പോ രാത്രി സുധി കയറി വരും, അവന്റെ ഓരോ കാര്യങ്ങൾ ഓർത്ത് ഉറങ്ങാൻ പറ്റില്ല. ഇന്ന് എന്റെ കാലിലെ സ്റ്റിച്ച് വെട്ടുകയായിരുന്നു. ചെക്കപ്പിനായി മെഡിക്കൽ ട്രസ്റ്റിൽ വന്നു. ദൈവാധീനം പോലെ ഇവിടെ വരാൻ പറ്റി. ഇവിടെ വന്നു എല്ലാവരെയും കണ്ടപ്പോൾ എന്തോ ഒരു പകുതി സമാധാനം ആയി. ആ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്”- ബിനു അടിമാലി പറഞ്ഞു.
advertisement
”നമ്മൾ അസുഖമായി വീട്ടിൽ കിടക്കുമ്പോഴാണ് ഇതൊക്കെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത്. എന്റെ വീടിന്റെ പാലുകാച്ചിന് പോലും ഒരു ചലച്ചിത്രതാരവും വന്നിട്ടില്ല. ഇപ്പോൾ സുഖമില്ലാതെ കിടന്നപ്പോൾ ഒട്ടുമിക്കവരും വന്നു, ഇപ്പോഴും വരുന്നു. ഇങ്ങനെ കിടക്കുമ്പോഴാണ് ആളുകളുടെ വില നമുക്ക് മനസിലാകുന്നത്”.
”സുധിയെപ്പറ്റി പറയുകയാണെങ്കിൽ അന്ന് അദ്ദേഹത്തിന്റെ സമയം ആയിരുന്നിരിക്കും. കാരണം ഇവിടെനിന്ന് പോകുമ്പോൾ ഇവൻ വണ്ടിയുടെ മുന്നിൽ ഇരിക്കുകയാണ്. ഊണ് കഴിക്കാൻ ഇറങ്ങിയിട്ട് വന്നപ്പോഴും അവൻ വണ്ടിയുടെ മുൻ സീറ്റിൽ തന്നെ ഇരിക്കുന്നു. പരിപാടി കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഇവൻ ഓടി വന്ന് വണ്ടിയുടെ മുന്നിൽ തന്നെ ഇരിക്കുവാണ്. അത്രയും ഊർജസ്വലനായ ഒരു സുധിയെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. അവൻ അന്നത്തെ ദിവസം അത്രക്ക് ആക്റ്റീവ് ആയിരുന്നു. അതാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവം അതാണ്. മിനിറ്റുകൾ കൊണ്ട് തൊട്ടടുത്തിരുന്ന ഒരാള് മരിച്ചുപോയി എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ വലുതാണ്. ഒരു കലാകാരനായി ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞതിൽ ദൈവത്തോടും എന്റെ കാരണവന്മാരോടും നന്ദി പറയുന്നു”- ബിനു അടിമാലി പറഞ്ഞു.
ജൂൺ അഞ്ചാം തീയതി പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചായിരുന്നു കൊല്ലം സുധിയുടെ ജീവൻ നഷ്ടമായ അപകടം നടന്നത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. സുധിയേയും ബിനു അടിമാലിയേയും കൂടാതെ മഹേഷ് കുഞ്ഞുമോൻ, ഉല്ലാസ് അരൂര്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.