പുറത്തുവന്ന വീഡിയോയിൽ, സഹോദരി ഇരിക്കുന്ന കാറിന് പിന്നാലെ തളരാതെ സൈക്കിൾ ചവിട്ടുന്ന ബാലനെ കാണാം. ബീഹാറിലെ ആചാരപ്രകാരം 'ലോക്ന' ചടങ്ങിന്റെ ഭാഗമായാണ് സഹോദരൻ വധുവിനോടൊപ്പം പോകേണ്ടിയിരുന്നത്. എന്നാൽ വാഹനത്തിൽ സീറ്റ് ലഭിക്കാതെ വന്നതോടെ സൈക്കിളെടുത്ത് അവൻ പിന്നാലെ കൂടുകയായിരുന്നു. ഏകദേശം 70 കിലോമീറ്ററോളം ഇത്തരത്തിൽ അവൻ യാത്ര ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്റർനെറ്റിൽ ഉയരുന്നത്. സഹോദരന്റെ അചഞ്ചലമായ സ്നേഹത്തെ പലരും പുകഴ്ത്തുമ്പോൾ തന്നെ ഒരു ചെറിയ കുട്ടിക്ക് പോലും വാഹനത്തിൽ ഇടം നൽകാത്ത വരന്റെ വീട്ടുകാരുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് പലരും വിമർശിക്കുന്നത്. "ഇത്രയും ക്രൂരമായി പെരുമാറാൻ എങ്ങനെ കഴിയുന്നു?", "ഒരു സീറ്റ് പോലും ക്രമീകരിക്കാൻ കഴിയാത്തത് ലജ്ജാകരമാണ്" എന്നിങ്ങനെ പോകുന്നു കമന്റുകൾ.
എന്താണ് 'ലോക്ന' ചടങ്ങ്?
ബീഹാറിലെ വിവാഹ ആചാരങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ലോക്ന. വധുവിന്റെ സഹോദരനോ അടുത്ത ബന്ധുക്കളായ പുരുഷന്മാരോ വരന്റെ വീട്ടിലേക്ക് പോയി വിവാഹബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ചടങ്ങാണിത്. തിലകം ചാർത്തലും സമ്മാനങ്ങൾ കൈമാറലും ഇതിന്റെ ഭാഗമാണ്. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പുതിയ ബന്ധത്തിന്റെ തുടക്കമായാണ് ഈ ചടങ്ങ് കണക്കാക്കപ്പെടുന്നത്.
