അതേസമയം, രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്ന് വില വർധിപ്പിച്ചതോടെയാണ് രാജ്യത്തെ പെട്രോൾ വില 100 രൂപ കടന്നത്. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ പെട്രോൾ വില 100.13 രൂപയിലെത്തി. തുടർച്ചയായ പത്താം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. രാജ്യത്തെ ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിലാണ്. ലിറ്ററിന് 91.62 രൂപയാണ് വില.
advertisement
പെട്രോളിന്റെ വില പിടിവിട്ട രീതിയിൽ കുതിക്കുന്നതിനിടയിൽ പെട്രോൾ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ പെട്രോൾ പമ്പ് ഉടമ. തമിഴ്നാട്ടിലെ കരൂറിലുള്ള പമ്പാണ് നാട്ടുകാർക്ക് സൗജന്യ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതറിഞ്ഞ ഉടനെ വണ്ടിയുമെടുത്ത് പുറപ്പെടുന്നതിന് മുമ്പ് ഉടമയുടെ ചില നിബന്ധനകൾ കൂടി കേട്ടോളൂ.
തമിഴ് സാഹിത്യത്തിലെ പ്രമുഖ കൃതിയായ തിരുക്കുറൾ ഈരടികൾ കാണാതെ ചൊല്ലുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കാണ് സൗജന്യമായി പെട്രോൾ നൽകുക. പ്രമുഖ തമിഴ് കവി തിരുവള്ളുവറാണ് തിരുക്കുറൾ രചിച്ചത്.
You may also like:ഭാര്യ അതിർത്തി കടന്നു; ഭർത്താവിന് 3 ലക്ഷം രൂപയോളം പിഴ; മലയാളി ദമ്പതികളെ ചതിച്ചത് സിം കാർഡ്
ഒരു കുട്ടി പത്ത് തിരുക്കുറൾ ഈരടികൾ കാണാതെ ചൊല്ലിയാൽ പകുതി ലിറ്റർ പെട്രോൾ സൗജന്യമായി നൽകും. ഇരുപത് ഈരടികൾ ചൊല്ലിയാൽ ഒരു ലിറ്റർ പെട്രോൾ സൗജന്യം. ഇതാണ് ഓഫർ. ജനുവരി പതിനാറ് മുതലാണ് ഓഫർ നിലവിൽ വന്നത്.
ഇതുവരെ തിരുക്കുറൾ ചൊല്ലി 176 പേർക്ക് സൗജന്യമായി ഇന്ധനം ലഭിച്ചു. ഒന്ന് മുതൽ പന്ത്രണ്ട് ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം നൽകിയിരിക്കുന്നത്. ഏപ്രിൽ മുപ്പത് വരെയാണ് ഓഫർ.
തിരുക്കുറൾ കവിതകളുടെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ഓഫർ നൽകുന്നതെന്നാണ് പെട്രോൾ പമ്പ് ഉടമ കെ സെങ്കുട്ടവൻ പറയുന്നത്.
"പെട്രോൾ വില 90 കടന്നിരിക്കുന്ന അവസരത്തിൽ മാതാപിതാക്കളുടെ സാമ്പത്തിക ബാധ്യത കുറക്കാൻ കുട്ടികൾക്ക് അവസരം നൽകുകയാണ്. ഓഫറിനെ കുറിച്ച് അറിയുന്ന മാതാപിതാക്കൾ തിരുക്കുറൾ പഠിക്കാൻ മക്കൾക്ക് പ്രോത്സാഹനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുക്കുറളിനോട് കുട്ടികൾക്കുള്ള താത്പര്യം വർധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം"- സെങ്കുട്ടവൻ പറയുന്നു.
തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്നപേരിൽ അറിയപ്പെടുന്നത്. ശ്രീ എന്നർത്ഥമുള്ള 'തിരു' എന്നത് മഹത്ത്വത്തെ സൂചിപ്പിക്കുന്നു. തമിഴ് സാഹിത്യത്തിലെ അനശ്വരകാവ്യങ്ങളിലൊന്നായാണ് തിരുക്കുറളിനെ കണക്കാക്കുന്നത്.
