ഭാര്യ അതിർത്തി കടന്നു; ഭർത്താവിന് 3 ലക്ഷം രൂപയോളം പിഴ; മലയാളി ദമ്പതികളെ ചതിച്ചത് സിം കാർഡ്
- Published by:Rajesh V
- news18-malayalam
Last Updated:
പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകിയിരിക്കുകയാണ് ദമ്പതികൾ. കോവിഡ് പരിശോധന നടത്തിയതിനുള്ള തെളിവായി അൽഹൊസൻ ആപ്പിലെ സന്ദേശവും ബന്ധം തെളിയിക്കുന്നതിനു വിവാഹ സർട്ടിഫിക്കറ്റും എമിറേറ്റ്സ് ഐഡിയും സഹിതമാണ് അപേക്ഷ നൽകിയത്.
അബുദാബി: ഭാര്യ അതിർത്തി കടന്നതിന് ഭർത്താവിന് 15,000 ദിർഹം (3 ലക്ഷം രൂപയോളം) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഹിരൺ ഭാസ്കരനാണ് 3 ലക്ഷം രൂപ പിഴ ലഭിച്ചത്. എന്നാൽ ഹിരൺ സമീപ കാലത്തൊന്നും അബുദാബി അതിർത്തി വിട്ട് പോയിരുന്നില്ല. എന്നാൽ തങ്ങളെ ചതിച്ചത് സിം കാർഡാണെന്ന് മലയാളി ദമ്പതികൾ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.
സംഭവം ഇങ്ങനെ- മീഡിയ കമ്പനിയിലാണ് ഹിരണിന്റെ ഭാര്യ അതുല്യ ജോലി ചെയ്യുന്നത്. ഔദ്യോഗിക ആവശ്യത്തിന് ജനുവരി 24ന് ദുബായിൽ പോയിയിരുന്നു. നിഷ്കർഷിച്ചിട്ടുള്ള കോവിഡ് പരിശോധന നടത്തിയാണ് അതിർത്തി കടന്നത്. തിരിച്ചെത്തി 4, 8 ദിവസങ്ങളിൽ കൃത്യമായി കോവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതൊക്കെ ചെയ്തിട്ടും ഭർത്താവിന് പിഴ വന്നത് എങ്ങനെ എന്ന് അന്വേഷിച്ചപ്പോഴാണ് സിം കാർഡാണ് ചതിച്ചതെന്ന് മനസിലായത്.
advertisement
അതുല്യ അതിർത്തി കടക്കുമ്പോൾ ഉപയോഗിച്ച 2 ഫോണുകളിൽ ഒന്ന് ഹിരണിന്റെ പേരിൽ എടുത്ത സിം കാർഡായിരുന്നു. മറ്റൊന്ന് കമ്പനി ഫോണും. വ്യക്തിഗത സിം കാർഡാണ് പിഴയ്ക്ക് കാരണമായത്. പിഴയ്ക്ക് എതിരെ പരാതിയുണ്ടെങ്കിൽ ഫയൽ നമ്പർ സഹിതം 14 ദിവസത്തിനകം നിശ്ചിത വെബ്സൈറ്റിൽ പരാതിപ്പെടണമെന്നും നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ച് പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകിയിരിക്കുകയാണ് ദമ്പതികൾ. കോവിഡ് പരിശോധന നടത്തിയതിനുള്ള തെളിവായി അൽഹൊസൻ ആപ്പിലെ സന്ദേശവും ബന്ധം തെളിയിക്കുന്നതിനു വിവാഹ സർട്ടിഫിക്കറ്റും എമിറേറ്റ്സ് ഐഡിയും സഹിതമാണ് അപേക്ഷ നൽകിയത്. ഇക്കാര്യം കോടതിക്കു ബോധ്യപ്പെട്ടാൽ ഒരു മാസത്തിനകം പിഴയിൽനിന്ന് ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
നാട്ടിൽനിന്നും വന്ന സുഹൃത്തിന് സിം കാർഡ് നൽകിയ മറ്റൊരു മലയാളിക്കും നേരത്തെ 5000 ദിർഹം പിഴ ലഭിച്ചിരുന്നു. നാട്ടിൽ പോയ ഭാര്യയുടെ നമ്പർ താൽക്കാലികമായി സുഹൃത്തിന് നൽകിയതായിരുന്നു ഇദ്ദേഹം എന്നാൽ ഇയാൾ ദുബായിൽ പോയ കാര്യം പിഴ വന്നപ്പോഴാണ് സിം കാർഡ് ഉടമ അറിയുന്നത്. ബിസിനസ് ആവശ്യാർഥം പല തവണ അതിർത്തി കടക്കുന്നവർക്കും തീയതിയിലെ ആശയക്കുഴപ്പം മൂലം പിസിആർ എടുക്കാൻ മറന്നവർക്കും പിഴ കിട്ടി. കോവിഡ് നിയമം ലംഘിച്ചവർക്ക് ഇളവുണ്ടാകില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Location :
First Published :
February 17, 2021 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഭാര്യ അതിർത്തി കടന്നു; ഭർത്താവിന് 3 ലക്ഷം രൂപയോളം പിഴ; മലയാളി ദമ്പതികളെ ചതിച്ചത് സിം കാർഡ്


