ജോലിയുമായി ബന്ധപ്പെട്ട് നടത്തിയ യാത്രയ്ക്കിടെ രണ്ട് സാന്‍ഡ്‌വിച്ച്, രണ്ട് കോഫീ, രണ്ട് പാസ്ത ഡിഷ്, എന്നിവ താന്‍ കഴിച്ചുവെന്നാണ് അനലിസ്റ്റായ സാബോല്‍ക്കസ് ഫെക്കെറ്റെ പറഞ്ഞത്. യാഥാര്‍ത്ഥത്തില്‍ ഇദ്ദേഹവും പങ്കാളിയുമാണ് ഇവ കഴിച്ചത്. എന്നാല്‍ ഇക്കാര്യം മറച്ചുപിടിച്ച് ബില്‍ സമര്‍പ്പിക്കുകയായിരുന്നു.
സിറ്റിബാങ്കിലെ ഫിനാന്‍ഷ്യല്‍ ക്രൈം വിദഗ്ധനായ ഫെക്കെറ്റം ലണ്ടനിലാണ് ജോലി ചെയ്യുന്നത്. ബാങ്കില്‍ നിന്നും തന്നെ അകാരണമായി പിരിച്ചുവിട്ടെന്ന് ആരോപിച്ചാണ് ഫെക്കെറ്റെ കോടതിയെ സമീപിച്ചത്.
ജൂലൈ 2022ല്‍ നടത്തിയ ആസ്റ്റര്‍ഡാം യാത്രയുടെ ബില്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഈ ബില്ലുകള്‍ ഫെക്കെറ്റെ കമ്പനിയ്ക്ക് ഇമെയിലിലുടെ അയച്ചു.
advertisement
Also read-”ഭക്ഷണം തന്നാല്‍ ഫോണ്‍ തരാം”; പുതിയ ടെക്‌നിക്കുമായി ബാലിയിലെ കുരങ്ങന്‍മാര്‍; വൈറല്‍ വീഡിയോ
” ഞാന്‍ ബിസിനസ് ട്രിപ്പിലായിരുന്നു. ഞാന്‍ രണ്ട് കോഫീ കുടിച്ചു. ഒരു സാന്‍ഡ് വിച്ച് ഉച്ചഭക്ഷണമായി കഴിച്ചു. ഉച്ചകഴിഞ്ഞ് ഒരു സാന്‍ഡ് വിച്ച് കൂടി കഴിച്ചു,” എന്നാണ് ഇദ്ദേഹം പറഞ്ഞത്.
ഇവയ്ക്കായി ബാങ്ക് നല്‍കിയ 100 യൂറോയ്ക്കുള്ളിലാണ് ചെലവായതെന്നും ഫെക്കെറ്റെ പറഞ്ഞു.
എന്നാല്‍ പിന്നീട് ബാങ്ക് അധികൃതര്‍ വിഷയത്തില്‍ അന്വേഷണം നടത്തി. അപ്പോഴാണ് ഫെക്കെറ്റെ തന്റെ പങ്കാളിയും ഒപ്പമുണ്ടായിരുന്നുവെന്ന കാര്യം സമ്മതിച്ചത്. ബാങ്കില്‍ ജോലി ചെയ്യുന്നയാളല്ല ഫെക്കെറ്റെയുടെ പങ്കാളി. എന്നിട്ടും അവര്‍ ഫെക്കെറ്റെയോടൊപ്പം യാത്ര ചെയ്തു. എന്നാല്‍ അപ്പോഴും ഭക്ഷണം താനാണ് കഴിച്ചതെന്ന നിലപാടിലായിരുന്നു ഫെക്കെറ്റെ.
അതേസമയം തന്റെ മുത്തശ്ശിയുടെ മരണവുമായി ബന്ധപ്പെട്ട് താന്‍ ആകെ തകര്‍ന്ന നിലയിലായിരുന്നുവെന്നും ഫെക്കെറ്റെ പറഞ്ഞു. കുറച്ച് നാള്‍ മെഡിക്കല്‍ ലീവും എടുത്തിരുന്നു. ഈ സമയത്താണ് ചെലവ് വിവരം സമര്‍പ്പിക്കണമെന്ന് കമ്പനിയുടെ നിര്‍ദ്ദേശം വന്നതെന്നും ഫെക്കറ്റെ പറഞ്ഞു.
സെപ്റ്റംബറിലാണ് കേസില്‍ വിചാരണ നടന്നത്. ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ടശേഷം എംപ്ലോയ്‌മെന്റ് ജഡ്ജി കാരോളിന്‍ ഇല്ലീംഗ് വിധി പറയുകയായിരുന്നു. ബാങ്കിന് അനുകൂലമായിട്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഫെക്കെറ്റെയ്ക്ക് അനുവദിച്ച പണത്തിന്റെ കാര്യമല്ല ഇവിടെ പരിശോധിച്ചത്. കമ്പനിയ്ക്ക് മുന്നില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ ഫെക്കെറ്റെ പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. ജീവനക്കാരില്‍ നിന്നും ബാങ്ക് പ്രതിബദ്ധത അര്‍ഹിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.