തിങ്കളാഴ്ചയാണ് ഗ്രാമവാസികൾ പുള്ളിപ്പുലിക്കുഞ്ഞിനെ കണ്ടെത്തിയത്. അന്നു മുതൽ നാലു ദിവത്തോളമാണ് വന്യജീവി വോളണ്ടിയറായ ഹേമന്ദ് വധ്വാന, വഖോഡിയ റേഞ്ച് ഓഫീസർ ചന്ദ്രിക ചൗധരി എന്നിവർ കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം ചേർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. കുഞ്ഞിനെ കണ്ടെത്തിയ അതേയിടത്ത് ഒരു കൊട്ടയിൽ സൂക്ഷിക്കുകയും, അമ്മയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ക്യാമറക്കെണികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലെല്ലാം രാത്രിനേരം അമ്മപ്പുലി ഇതേയിടത്ത് എത്തിയിരുന്നെങ്കിലും കുഞ്ഞിനടുത്തേക്ക് ചെല്ലാൻ ശ്രമിച്ചിരുന്നില്ല. വ്യാഴാഴ്ച രാത്രി അമ്മപ്പുലി കുഞ്ഞിനടുക്കലെത്തി കൊണ്ടുപോയതോടെയാണ് രക്ഷാപ്രവർത്തകരുടെ പ്രയത്‌നങ്ങൾ ഫലം കണ്ടത്.
advertisement
Also read- പുള്ളിപ്പുലി കടിച്ചെടുത്ത മക്കളെ രക്ഷിക്കാൻ വെറും കൈയ്യോടെ അച്ഛന്റെ പോരാട്ടം
‘പുള്ളിപ്പുലികൾ രാത്രികളിൽ പുറത്തിറങ്ങുന്നവരായതിനാൽ, അമ്മപ്പുലി രാത്രിയിൽ എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. മാത്രമല്ല, ആറോ ഏഴോ രാത്രികളിലെങ്കിലും കുഞ്ഞിനെ നഷ്ടപ്പെട്ടയിടത്ത് എത്തി പരിശോധിച്ചതിനു ശേഷമേ കുഞ്ഞ് കൈവിട്ടുപോയെന്നോ കൊല്ലപ്പെട്ടുവെന്നോ അമ്മ ഉറപ്പിക്കുകയുള്ളൂ. കുഞ്ഞിനെ കണ്ടെത്താൻ എത്രയധികം സമയം എടുക്കുന്നോ, അത്രയേറെ കാര്യങ്ങൾ ബുദ്ധിമുട്ടാകും. അതുകൊണ്ടു തന്നെ, ഗ്രാമവാസികൾ തിങ്കളാഴ്ച വിവരമറിയിച്ചപ്പോഴേക്കും ഉടൻ വനംവകുപ്പ് അധികൃതരുമായി ചേർന്ന് ഇരുവരെയും ഒന്നിപ്പിക്കാനുള്ള വഴികൾ നോക്കിത്തുടങ്ങി.’ വധ്വാന ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
വനംവകുപ്പ് ഇതിനായി നൈറ്റ് വിഷൻ ക്യാമറകളും സ്ഥാപിച്ചു. അമ്മപ്പുലിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ കഴിഞ്ഞതോടെ, കുഞ്ഞിനെ അന്വേഷിച്ച് അതേ സ്ഥലത്ത് തിരിച്ചെത്തുമെന്നും സംഘത്തിന് ഉറപ്പായി.
‘ആദ്യം കുഞ്ഞിനെ സുരക്ഷിതമായ ഒരു പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. ആദ്യത്തെ രണ്ടു ദിവസം അമ്മ തിരികെ വന്നെങ്കിലും അടുത്തേക്ക് എത്തിയില്ല. ആരെങ്കിലും ആക്രമിക്കുകയോ പിടിച്ചുകൊണ്ടുപോകുകയോ ചെയ്യുമെന്ന് ഭയന്നിട്ടായിരിക്കണം. കുഞ്ഞിനെ നിരീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും, അടുത്തേക്ക് വന്നില്ല. കുഞ്ഞിനടുത്തു നിന്നും മനുഷ്യൻ്റെ ഗന്ധവും കിട്ടിക്കാണണം. ഞങ്ങൾ എത്തുന്നതിനു മുൻപ് ഗ്രാമവാസികൾ പുലിക്കുഞ്ഞിനെ കൈയിലെടുക്കുകയും മറ്റും ചെയ്തിരുന്നു. പുള്ളിപ്പുലികളുടെ ഘ്രാണശക്തി അസാമാന്യമാണ്. അമ്മ അടുത്തേക്ക് വന്നില്ലെങ്കിലും ഞങ്ങൾ ശ്രമം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. ഭാഗ്യവശാൽ ബുധനാഴ്ച അവൾ കുഞ്ഞിരിക്കുന്ന പെട്ടിയ്ക്കരികിലെത്തി. എങ്കിലും കുഞ്ഞിനെ ഒപ്പം കൂട്ടാതെ തിരികെപ്പോയി. അടുത്ത ദിവസം പെട്ടിയില്ലാതെ കുഞ്ഞിനെ വയ്ക്കാനായിരുന്നു പദ്ധതി. അന്ന് അമ്മയെത്തിയപ്പോൾ തന്നെ കുഞ്ഞിനെ കഴുത്തിനു കടിച്ചെടുത്ത് കൂടെക്കൊണ്ടുപോയി.’ വധ്വാന വിശദീകരിച്ചു.
Also read- പോകുന്ന നോട്ട് ദൈവത്തിന്; ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ 2000 രൂപ നോട്ട് നൂറുകണക്കിന്
പുള്ളിപ്പുലികളുടെ ആവാസവ്യവസ്ഥയ്ക്കരികിൽ എങ്ങനെ ജീവിക്കാമെന്ന് ഗ്രാമവാസികൾക്ക് നിർദ്ദേശങ്ങളും നൽകിയാണ് വനംവകുപ്പ് അധികൃതർ മടങ്ങിയത്. ഇന്നുവരെ ഗ്രാമത്തിൽ മനുഷ്യരും പുള്ളിപ്പുലികളും തമ്മിൽ യാതൊരു പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.