ക്ഷേത്രത്തിലെ കാണിക്ക വഞ്ചി തുറന്ന ജീവനക്കാര്‍ ഒരു നിമിഷം ഞെട്ടി .ഒന്നും രണ്ടുമല്ല നൂറുകണക്കിന് 2000 രൂപ നോട്ടുകള്‍ മാത്രം. എണ്ണിന നോക്കിയപ്പോഴാകട്ടെ 8 ലക്ഷം രൂപ. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മാതാ ജ്വാലാ ദേവി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സംഭവമുണ്ടായത്.
അതേസമയം, രണ്ടായിരം രൂപ നോട്ട് പിന്‍വലിച്ചതിന് പിന്നാലെ കൈയ്യിലുള്ള രണ്ടായിരം രൂപ നോട്ട് മാറ്റാനായി ബാങ്കിലേക്ക് പോകുന്നവര്‍ക്ക് നിര്‍ദ്ദേശവുമായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് രംഗത്തെത്തി.നോട്ട് മാറ്റാനായി തിരക്ക് കൂട്ടേണ്ടെന്നും നാല് മാസം വരെ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 30 വരെയാണ് കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റാൻ സമയം അനുവദിച്ചിരിക്കുന്നത്. നിലവില്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടേയുള്ളു. നോട്ടുകള്‍ ഇപ്പോഴും നിയമപരമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളിൽ നിന്ന് 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കുന്നതിന് മതിയായ സൗകര്യം ഒരുക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. നോട്ട് മാറിയെടുക്കാൻ വരുന്നവർക്ക് കാത്തിരിക്കാൻ പ്രത്യേക സ്ഥലം ഒരുക്കണം. കനത്ത വേനൽ കണക്കിലെടുത്ത് നോട്ട് മാറാൻ എത്തുന്നവർക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു. ഓരോ ദിവസവും മാറിനൽകുന്ന 2000 രൂപയുടെ കണക്കുകൾ പ്രത്യേകം സൂക്ഷിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു.